Sorry, you need to enable JavaScript to visit this website.

കുൽഭൂഷൺ യാദവിന്‍റെ വധശിക്ഷക്ക് സ്‌റ്റേ

 

ഹേഗ്- പാകിസ്ഥാൻ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവിന്‍റെ  വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ കോടതി അന്തിമ തീരുമാനമെടുക്കുന്നത് വരെ ശിക്ഷ നടപ്പാക്കരുതെന്ന് കോടതി പാക്കിസ്ഥാന് നിർദ്ദേശം നൽകി. കുൽഭൂഷൺ യാദവിന് നിയമസഹായം ലഭിക്കാൻ അർഹതയുണ്ടെന്നും ഈ കേസ് രാജ്യാന്തര നീതിന്യായ കോടതിയുടെ പരിധിയിൽ വരില്ലെന്ന പാക് വാദം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, വിയന്ന കരാറിന്റെ ലംഘനമാണ് പാക്കിസ്ഥാൻ നടത്തിയത് എന്ന ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചില്ല. ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് ഇത് കണക്കാക്കുന്നത്. കുല്‍ഭൂഷണ്‍ യാദവിന് നിയമസഹായം ലഭിക്കാന്‍ വിധിയിലൂടെ സാധിക്കും. 

വിധിയിൽ അപ്പീൽ തേടി യു.എൻ സെക്യൂരിറ്റി കൗൺസിലിനെ സമീപിക്കാം. വിധി കേൾക്കുന്നതിനായി ഹേഗിലെ കോടതിയിൽ ഇന്ത്യൻ ഉദ്യോഗസ്ഥ സംഘവും എത്തിയിരുന്നു. കോടതി അധ്യക്ഷൻ റോണി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പതിനൊന്ന് അംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പാക്കിസ്ഥാൻ ഹാജരാക്കിയത് കെട്ടിച്ചമച്ച തെളിവുകളാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. എന്നാൽ ഗൂഢലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ നീക്കമാണ് ഇന്ത്യ നടത്തിയതെന്ന് പാക്കിസ്ഥാനും ആരോപിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി ബലൂചിസ്ഥാനിൽ ഭീകരപ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് പാക് സൈനിക കോടതി കുൽഭൂഷൺ യാദവിന് വധശിക്ഷ വിധിച്ചത്. എന്നാൽ ബിസിനസ് ആവശ്യങ്ങൾക്കായി ഇറാനിലെത്തിയ ഇദ്ദേഹത്തെ പാക് സൈന്യം ബലൂചിസ്ഥാനിലേക്ക് തട്ടിക്കൊണ്ട് പോകുകയായിരുന്നെന്നും ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ഇന്ത്യയുടെ വാദം. വിയന്ന കൺവെൻഷൻ വ്യവസ്ഥകളുടെ ലംഘനമാണ് പാക് കോടതിയുടെ ശിക്ഷാവിധിയെന്ന് ഇന്ത്യ രാജ്യാന്തര കോടതിയിൽ വാദിച്ചു.  ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ  ഹരിഷ് സാൽവെയാണ് ഹാജരായത്. 
വിചാരണ സ്വതന്ത്രമായിരുന്നില്ലെന്നും നിയമസഹായം എത്തിക്കാൻ ഇന്ത്യയെ അനുവദിച്ചില്ലെന്നും ഹരീഷ് സാൽവേ വാദിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് 16 തവണ ഇന്ത്യ കത്ത് നൽകിയെങ്കിലും അനുവദിച്ചില്ലെന്നും ഇന്ത്യ വാദിച്ചു. എന്നാൽ, കുൽഭൂഷൺ യാദവ് ഇന്ത്യയുടെ ചാരനാണെന്നും അദ്ദേഹത്തിന് വിയന്ന കൺവെൻഷന്റെ പരിരക്ഷ ലഭിക്കില്ലെന്നും പാകിസ്ഥാൻ വാദിച്ചു. എന്നാൽ ഇതിന്റെ വീഡിയോ കാണാൻ അന്താരാഷ്ട്ര കോടതി വിസമ്മതിച്ചു.
മഹാരാഷ്ട്രയിലെ സംഗ്ലി സ്വദേശിയാണ് 47കാരനായ കുൽഭൂഷൺ യാദവിന്‍റെ  കുടുംബം ഇപ്പോൾ  മുംബൈയിലാണ് താമസിക്കുന്നത്. നാവിക സേനയിൽ നിന്നും വിരമിച്ച ശേഷം ബിസിനസ് ചെയ്ത് ജീവിക്കുകയായിരുന്നു. 2016ലാണ് ഇറാൻപാക് അതിർത്തിയിൽ നിന്നും പാകിസ്ഥാൻ രഹസ്യാന്വേഷകർ ഇദ്ദേഹത്തെ പിടികൂടിയത്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ഉദ്യോഗസ്ഥനാണ് യാദവ് എന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്.

Latest News