Sorry, you need to enable JavaScript to visit this website.

ട്രാഫിക് പോലീസുകാരനെ ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമിച്ച ദമ്പതികളും മകളും അറസ്റ്റിൽ

മക്ക - ഗതാഗത നിയമ ലംഘനം രജിസ്റ്റർ ചെയ്ത് പിഴ ചുമത്താൻ ശ്രമിച്ച ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നതിന് ശ്രമിച്ച മൂന്നംഗ കുടുംബത്തെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. മക്കയിലെ അൽമൻസൂർ മേൽപാലത്തിലെ സിഗ്നലിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. റോഡ് മുറിച്ചുകടക്കുന്ന കാൽനട യാത്രക്കാർക്കുള്ള സീബ്ര ലൈനിൽ കാർ നിർത്തിയ ഡ്രൈവറോട് ട്രാഫിക് പോലീസുകാരൻ തിരിച്ചറിയൽ രേഖ  ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിന് വിസമ്മതിച്ച ഡ്രൈവർ പോലീസുകാരനെ അധിക്ഷേപിക്കുകയും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഡ്രൈവറുടെ ഭാര്യയും മകളും മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിച്ചു. 
ഗതാഗത നിയമ ലംഘനം രജിസ്റ്റർ ചെയ്യുന്നതിൽനിന്ന് പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നതിനാണ് ഇവർ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും അതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ പരാതി നൽകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെയും ഭാര്യയെയും മകളെയും സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. തുടർ നടപടികൾക്കായി ഇവർക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു. ട്രാഫിക് പോലീസുകാരനെ ഡ്രൈവർ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 
 

Tags

Latest News