Sorry, you need to enable JavaScript to visit this website.

ഗാന്ധിജി നമ്മുടെ സദാചാര ദിശാസൂചിക

രാജ്യത്തിന്റെ 72-ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് രാഷ്ട്രപതി 
രാംനാഥ് കോവിന്ദ് രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തിൽനിന്ന്

സ്വാതന്ത്ര്യ ദിനം എപ്പോഴും വിശേഷപ്പെട്ടതാണ്. പക്ഷേ ഇക്കൊല്ലം അതിന് അസാധാരണമായ പ്രാധാന്യമുണ്ട്. ഏതാനും ആഴ്ചകൾ പിന്നിടുമ്പോൾ, ഒക്‌ടോബർ രണ്ടിന് മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തിന്റെ അനുസ്മരണ ആഘോഷങ്ങൾക്ക് നാം തുടക്കമിടും. ഗാന്ധിജി നമ്മുടെ സ്വാതന്ത്ര്യ സമരത്തെ കേവലം നയിക്കുക മാത്രമല്ല ചെയ്തത് അദ്ദേഹം എക്കാലത്തെയും നമ്മുടെ സദാചാര ദിശാ സൂചികയായിരുന്നു, ആയിരിക്കുകയും ചെയ്യും. ഇന്ത്യയുടെ രാഷ്ട്രപതിയെന്ന നിലയിൽ ലോകം ചുറ്റാൻ, പ്രത്യേകിച്ച് ആഫ്രിക്കയിലെ ചില രാഷ്ട്രങ്ങൾ സന്ദർശിക്കാൻ എനിക്ക് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. എല്ലായിടത്തും, ഭൂഖണ്ഡങ്ങളിലുടനീളം, സർവ്വ മാനവികതയുടെയും ബിംബമായി ഗാന്ധിജി പരാമർശിക്കപ്പെടുകയും, മനസിൽ താലോലിക്കപ്പെടുകയും, അനുസ്മരിക്കുകയും ചെയ്യപ്പെടുന്നു. അദ്ദേഹം ഇന്ത്യയുടെ മൂർത്തീകരണമാണ്. ഗാന്ധിജിയെ മനസിലാക്കുകയെന്നത് എപ്പോഴും ലളിതമല്ല. രാഷ്ട്രീയത്തിന്റെയോ, രാഷ്ട്രീയ പ്രവർത്തനത്തിന്റെയോ, സ്വതന്ത്ര്യത്തിന്റെ പോലും നിർവചനങ്ങൾക്കുള്ളിൽ തന്നെ പരിമിതപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചിരുന്നു. നീലം കർഷകരുടെ പ്രക്ഷോഭ വേളയിൽ ഗാന്ധിജിയും, ഭാര്യ കസ്തൂർബയും ബീഹാറിലെ ചമ്പാരനിലേയ്ക്ക് പോയപ്പോൾ അവരുടെ സമയത്തിന്റെ നല്ലൊരു ഭാഗം ശുചിത്വത്തെയും, ആരോഗ്യത്തെയും കുറിച്ച് തദ്ദേശവാസികളെ, പ്രത്യേകിച്ച് സ്ത്രീകളെയും, കുട്ടികളെയും പറഞ്ഞ് മനസിലാക്കാനും, പഠിപ്പിക്കാനുമാണ് വിനിയോഗിച്ചത്. ഇവിടെയും, മറ്റ് പല വേളകളിലും ശുചിത്വത്തിനും, വൃത്തിക്കും വേണ്ടിയുള്ള ഊർജ്ജിത ശ്രമങ്ങൾക്ക് ഗാന്ധിജി വ്യക്തിപരമായി തന്നെ നേതൃത്വം നൽകി. സ്വയം അച്ചടക്കത്തിന്റെയും, ശാരീരികവും, മാനസികവുമായ ആരോഗ്യം പരിപോഷിപ്പിക്കുന്നതിന്റെയും പ്രവൃത്തിയുമായി അഴുക്ക് നീക്കം ചെയ്യലിനെ അദ്ദേഹം ബന്ധപ്പെടുത്തി. 
അക്കാലത്ത് നിരവധി പേർക്ക് ഇത് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇതിനൊക്കെ സ്വതന്ത്ര്യവുമായിട്ട് എന്താണ് ബന്ധം ? ഗാന്ധിജിയെ സംബന്ധിച്ച് സ്വാതന്ത്ര്യ ദാഹത്തിന്റെ നടുത്തുണ്ടാമായിരുന്നു അവ. അദ്ദേഹത്തെ സംബന്ധിച്ച് ഈ പോരാട്ടം കേവലം രാഷ്ട്രീയ അധികാരത്തിന് വേണ്ടി മാത്രമുള്ളതല്ല മറിച്ച്, പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ ശാക്തീകരിക്കാനും, നിരക്ഷർക്ക് വിദ്യാഭ്യാസം പകരാനും, അന്തസ്സാർന്ന ജീവിതത്തിനുള്ള അവകാശം ഉറപ്പ് വരുത്താനും ഓരോ ഗ്രാമത്തിനും, ഓരോ അയൽപ്പക്കത്തിനും, ഓരോ കുടുംബത്തിനും, ഓരോ വ്യക്തിക്കും, പ്രായോഗികമായ ജീവനോപാധി ഉറപ്പാക്കാനും വേണ്ടിയുള്ളതാണ്. 
അനിതരസാധാരണമായ ഉൽസാഹത്തോടെയാണ് ഗാന്ധിജി സ്വദേശിയെ കുറിച്ച് പറഞ്ഞിരുന്നത്. ഇന്ത്യൻ സർഗത്മകതയെയും, ഇന്ത്യൻ സംവേദനക്ഷമതയെയും പരിപോഷിപ്പിക്കുന്നതിൽ അദ്ദേഹം അഭിമാനം കൊണ്ടിരുന്നു. എന്നിരുന്നാലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ബുദ്ധിപരമായ പ്രവാഹങ്ങളോട് അദ്ദേഹം സജീവമായിരുന്നു. നമ്മുടെ പാണ്ഡിത്യത്തെ സമ്പുഷ്ടമാക്കാൻ അദ്ദേഹം ക്ഷണിച്ചിരുന്നു. ഇന്ത്യൻ സംസ്‌കാരത്തെ അദ്ദേഹം നിർവ്വചിച്ചത് തുറന്ന ജനാലകളിലൂടെയാണ് മറിച്ച് അടഞ്ഞ വാതിലിലൂടെയല്ല. സ്വദേശിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കൽപ്പം അതായിരുന്നു. ഇന്ന് നാം ലോകവുമായി ഇടപഴകുമ്പോൾ അത് നമ്മുടെ സമ്പദ്ഘടനയായാലും, അത് നമ്മുടെ ആരോഗ്യമായാലും, വിദ്യാഭ്യാസമായാലും, സാമൂഹിക അഭിലാഷങ്ങളായാലും അല്ലെങ്കിൽ നയപരമായ തിരഞ്ഞെടുക്കലായാലും അത് ഇന്നു പ്രസക്തമാണ്.
അഹിംസയുടെ ശക്തി ഹിംസയുടെ ശക്തിയേക്കാൽ വളരെ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടുന്നതായിരിക്കാം ഒരു പക്ഷേ, ഗാന്ധിജിയുടെ മഹത്തായ മന്ത്രം. കൈ കൊണ്ട് അടിക്കുന്നതിനേക്കാൾ ശക്തി വേണം കൈ അടക്കി വയ്ക്കുന്നതിന്; ഹിംസയ്ക്ക് നമ്മുടെ സമൂഹത്തിൽ ഒരു സ്ഥാനവുമില്ല. അഹിംസയുടെ ആയുധമാണ് ഗാന്ധിജി നമുക്ക് നൽകിയ ഏറ്റവും കാര്യക്ഷമമായ ആയുധം. അദ്ദേഹത്തിന്റെ മറ്റ് അനുശാസനങ്ങളെ പോലെ അത് ഇന്ത്യയുടെ പ്രാചീന വിജ്ഞാനത്തിൽ  വേരൂന്നിയിരിക്കുന്നതും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമ്മുടെ നിത്യ ജീവിതങ്ങളിൽ മാറ്റൊലി കൊള്ളുന്നതുമാണ്. 
ഗാന്ധിജിയുടെ 150-ാം അനുസ്മരണ വാർഷികത്തോട് അടുത്ത് നിൽക്കുന്ന ഈ സ്വാതന്ത്ര്യ ദിനത്തിൽ, നാം ഓരോരുത്തർക്കും അദ്ദേഹത്തിന്റെ ആശയങ്ങളും പ്രമാണങ്ങളും നമുക്ക് പറ്റാവുന്ന തരത്തിലൊക്കെ നമ്മുടെ നിത്യേനയുള്ള പ്രവൃത്തിയുടെയും പെരുമാറ്റത്തിന്റെയും ഭാഗമാക്കാം.  നമ്മുടെ സ്വാതന്ത്ര്യം ആഘോഷിക്കാൻ ഇതിലും നല്ലൊരു മാർഗ്ഗത്തെ കുറിച്ച് എനിക്ക് ചിന്തിക്കാനാകുന്നില്ല. ഭാരതീയനെന്ന അവസ്ഥ ആഘോഷിക്കാനും ഇതിലും നല്ലൊരു മാർഗ്ഗത്തെ കുറിച്ച് എനിക്ക് ചിന്തിക്കാനാകുന്നില്ല. 
ഭാരതീയനെന്ന ഈ അവസ്ഥ നമുക്ക് മാത്രമുള്ളതല്ല. നമ്മുടെ രാജ്യവും നമ്മുടെ സംസ്‌കാരവും ആഗോള വേദിയിലേക്ക് കൊണ്ടു വന്നതിന്റെ ഒരു ഭാഗമാണത്. ഗാന്ധിജിയുടെ ചേതനയിലും ഇന്ത്യയുടെ ആത്മാവിലും നിന്നു കൊണ്ട് നാം വിശ്വസിക്കുന്നത് വസുധൈവ കുടുംബകം അഥവാ 'ലോകമൊരു കുടുംബം ' എന്ന പുരാതന ആദർശത്തിലാണ്. നിരവധി ആഫ്രിക്കൻ രാജ്യങ്ങൾക്ക് സഹായം നൽകിയും, കാലാവസ്ഥാ മാറ്റമെന്ന വിഷയത്തിൽ നടപടികൾ സ്വീകരിച്ചും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഐക്യരാഷ്ട്ര സഭാ സമാധാന സേന പ്രവർത്തനങ്ങൾക്ക് സംഭാവനങ്ങൾ നൽകിയും, പ്രകൃതി ദുരന്തങ്ങൾ ബാധിച്ച അയൽ രാജ്യങ്ങളെ സഹായിച്ചും, സംഘർഷ മേഖലകളിൽ നിന്ന് നമ്മുടെ ജനങ്ങൾക്കൊപ്പം മറ്റു രാജ്യങ്ങളിലെ ജനങ്ങളെയും രക്ഷപ്പെടുത്തിയും മുഴുവൻ മനുഷ്യവർഗ്ഗത്തോടുമുള്ള നമ്മുടെ താത്പര്യം നാം പ്രകടിപ്പിക്കുന്നത് ഇതു കൊണ്ടാണ്. ഗാന്ധിജിയുടെ ചേതനയിലും ഇന്ത്യയുടെ ആത്മാവിലും നിന്നു കൊണ്ട് നാം ആരോഗ്യത്തിനും ക്ഷേമത്തിനുമായി യോഗയെന്ന ശീലം പങ്കുവയ്ക്കുകയും, വികസനത്തിനായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. നാം ഗാന്ധിജിയുടെ മക്കളാണ്. ഒറ്റയ്ക്ക് നടക്കുമ്പോഴും നാം മുഴുവൻ മനുഷ്യവർഗ്ഗത്തിനുമായി സ്വപ്‌നം കാണുന്നു. 
ഇന്ത്യയിലെമ്പാടുമുള്ള വിദ്യാർത്ഥികളും സർവകലാശാല അധികാരികളുമായി സംഭാഷണത്തിലേർപ്പെടുമ്പോൾ ഞാൻ വിദ്യാർത്ഥികളോട് കുറച്ച് ദിവസം-വർഷത്തിൽ നാലോ അഞ്ചോ ദിവസം- ഒരു ഗ്രാമത്തിൽ ചെലവഴിക്കാൻ ആവശ്യപ്പെടാറുണ്ട്. 'സർവ്വകലാശാലാ സമൂഹിക പ്രതിബദ്ധത' എന്നു പേര് നൽകി ഇത് നടപ്പാക്കുന്നത്, വിദ്യാർഥികൾക്ക് നമ്മുടെ രാജ്യത്തെ മനസ്സിലാക്കാൻ സഹായകരമാവും.  സാമൂഹിക ക്ഷേമ പദ്ധതികളെ നിരീക്ഷിക്കുന്നതിനും, അതിൽ പങ്കാളികളാകുന്നതിനും, അവ എങ്ങനെയാണ് സ്വാധീനം സൃഷ്ടിക്കുന്നതെന്ന് കണ്ടറിയുന്നതിനും, അത് അവരെ അനുവദിക്കും. അത് ഓരോ വിദ്യാർത്ഥിയ്ക്കും, ഗ്രാമത്തിനും, രാജ്യത്തിനു തന്നെയും ഗുണകരമാവും. അത് നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ തീഷ്ണത ആവാഹിച്ചെടുക്കുകയും, എല്ലാ പൗരന്മാർക്കും ദേശീയ ദൗത്യവുമായി താദാത്മ്യം സാധ്യമാക്കുകയും ചെയ്യും. 
നമ്മുടെ യുവ ജനങ്ങളുടെ ആദർശനിഷ്ഠയിലും, അത്യുത്സാഹത്തിലും ഞാൻ സംതൃപ്തനാണ്. തനിക്കും, തന്റെ കുടുംബത്തിനും, വിശാല സമൂഹത്തിനും, നമ്മുടെ രാജ്യത്തിനും വേണ്ടി എന്തെങ്കിലും നേടിയെടുക്കാനുള്ള ആവേശം അവരിലുണ്ട്. ഇതാണ് നമുക്ക് ആഗ്രഹിക്കാവുന്ന ധാർമിക വിദ്യാഭ്യാസത്തിന്റെ പരമാവധി. വിദ്യാഭ്യാസത്തിന്റെ പരിണതഫലം ഡിഗ്രിയോ, ഡിപ്ലോമയോ മാത്രമല്ല, മറിച്ച് മറ്റൊരാളുടെ ജീവിതം സുസ്ഥിരമായ രീതിയിൽ മെച്ചപ്പെടുത്തുന്നതിനു വേണ്ട സഹായം ചെയ്യുന്നതിനുള്ള പ്രതിജ്ഞാബദ്ധതയാണ്. സഹാനുഭൂതിയും, സാഹോദര്യവും നടപ്പിൽ വരുത്തുന്നതാണത്. അതാണ് ഇന്ത്യയുടെ ആത്മാവ്. ഇന്ത്യ അതാണ്, എന്തെന്നാൽ ഇന്ത്യ, ഇന്ത്യൻ ജനതയുടേതാണ്- ഭരണകൂടത്തിന്റേത് മാത്രമല്ല.
ഒത്തൊരുമിച്ച് നമുക്ക് നമ്മുടെ രാജ്യത്തെ എല്ലാ പൗരന്മാരെയും സഹായിക്കാം. ഒരുമിച്ചു നിന്ന് നമുക്ക് നമ്മുടെ വനങ്ങളെയും, പ്രകൃതി സമ്പത്തിനെയും സംരക്ഷിക്കാം, നമ്മുടെ പൈതൃക സ്മാരകങ്ങൾ വരും തലമുറകൾക്കായി നമുക്ക് കാത്തുസൂക്ഷിക്കാം, ഗ്രാമങ്ങളിലെയും, നഗരങ്ങളിലെയും വാസസ്ഥലങ്ങൾ നമുക്ക് പുതുക്കിപ്പണിയാം. ഒന്നിച്ചു ചേർന്ന് നമുക്ക് ദാരിദ്രത്തെയും, നിരക്ഷരതയെയും, അസമത്വത്തെയും ഉന്മൂലനം ചെയ്യാം. നമുക്കത് ചെയ്യാനാകും, നാമത് ഒത്തൊരുമിച്ചു നിന്ന് ചെയ്യണം. ഗവൺമെന്റിന് അതിൽ നേതൃപരമായ പങ്കാണുള്ളത്, എന്നാലത് ഗവൺമെന്റിന്റെ മാത്രം ഉത്തരവാദിത്തമല്ല. നമ്മുടെ സ്വന്തം പ്രയത്‌നങ്ങളെ കൂടുതൽ അഭിവൃദ്ധിപ്പെടുത്താൻ നമുക്ക് ഗവൺമെന്റിന്റെ പദ്ധതികളെയും, സംരംഭങ്ങളെയും ഉപയോഗപ്പെടുത്താം. ആ ഉടമസ്ഥതാ ബോധത്തെ നമ്മുടെ പ്രചോദനമാക്കി മാറ്റാം.
നാം ചരിത്രത്തിന്റെ ഒരു നിർണ്ണായക സന്ധിയിലാണ്. അത് നാം ഇതുവരെ അനുഭവിച്ച ഏത് കാലഘട്ടത്തെക്കാളും വളരെ വ്യത്യസ്തവുമാണ്. നമ്മുടെ ദീർഘകാലമായുള്ള പല ലക്ഷ്യങ്ങളും നേടുന്നതിന്റെ തൊട്ടടുത്താണ് നാം. എല്ലാവർക്കും വൈദ്യുതി ലഭ്യത, തുറസ്സായ സ്ഥലങ്ങളിലെ വിസർജനം നിർമ്മാർജനം ചെയ്യൽ, ഭവനരഹിതരില്ലാത്ത അവസ്ഥ സൃഷ്ടിക്കൽ, അതി ദാരിദ്ര്യം നിർമ്മാർജനം ചെയ്യൽ എന്നിവ സാധ്യമായതും കൈവരിക്കാവുന്നതുമാണ്. നാം പരമപ്രധാനമായ ഒരു നിമിഷത്തിലാണ്. വിവാദ വിഷയങ്ങളും ബാഹ്യ ചർച്ചകളും നമ്മുടെ ശ്രദ്ധതിരിക്കരുത്.
നാലു വർഷത്തിനു ശേഷം നാം സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികം ആഘോഷിക്കും. 30 വർഷത്തിനുള്ളിൽ നമ്മുടെ ജനങ്ങൾ, ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെ നൂറാം വാർഷികം ആഘോഷിക്കും. ഇന്ന് നാം എടുക്കുന്ന തീരുമാനങ്ങൾ, ഇന്ന് നാം പാകുന്ന തറക്കല്ലുകൾ, ഇന്ന് നാം ഏറ്റെടുക്കുന്ന പദ്ധതികൾ, ഇന്ന് നാം നടത്തുന്ന സാമൂഹ്യ, സാമ്പത്തിക നിക്ഷേപങ്ങൾ- അത് സമീപ ഭാവിയിലേയ്ക്കുള്ളതായാലും ഇടക്കാലത്തേയ്ക്കുള്ളതായാലും- നാം എവിടെ നിൽക്കുന്നുവെന്ന് അത് തീരുമാനിക്കും. നമ്മുടെ രാജ്യത്തെ മാറ്റത്തിന്റെയും വികസനത്തിന്റെയും  വേഗം ദ്രുതഗതിയിലുള്ളതും അഭിനന്ദനാർഹവുമാണ്. നമ്മുടെ നാഗരിക പാരമ്പര്യങ്ങളനുസരിച്ച് അത് ജനങ്ങൾ, പൗര സമൂഹം,  പൗരൻമാരും ജനങ്ങളും തമ്മിലുള്ള പങ്കാളിത്തം എന്നിവയിലധിഷ്ഠിതമാണ്. ഇന്ത്യൻ ചിന്താധാരയുടെ സത്തയോടു ചേർന്നുനിന്ന്, അവശതയനുഭവിക്കുന്നവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലാണ് അതിന്റെ ഊന്നൽ.
ഞാൻ നിങ്ങൾക്ക് ഒരൊറ്റ ഉദാഹരണം ചൂണ്ടിക്കാട്ടാം. ഗ്രാമ സ്വരാജ് യജ്ഞം ഏഴ് സുപ്രധാന പരിപാടികളാണ് നമ്മുടെ സഹ പൗരന്മാരിലെ ഏറ്റവും പാവപ്പെട്ടവരുടെയും, അടിസ്ഥാന ജീവിത സൗകര്യങ്ങൾ ഇല്ലാത്തവരുടെയും വീട്ട് പടിക്കൽ വരെ എത്തിക്കുന്നത്. വൈദ്യുതി, ഔപചാരിക ബാങ്കിംഗ് സംവിധാനം, ക്ഷേമ - ഇൻഷ്വറൻസ് പദ്ധതികൾ, പ്രതിരോധ കുത്തിവയ്പ്പ് മുതലായവ ഇതുവരെയും എത്താത്ത പ്രദേശങ്ങളിൽ ലഭ്യമാക്കുന്നത് ഈ സേവനങ്ങളിൽപ്പെടും. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടിന് ശേഷവും വികസന ഗാഥയിലെ വേറിട്ട് നിൽക്കുന്ന വിടവുകളായ 117 അഭിലാഷാത്മക ജില്ലകളിലേയ്ക്ക് ഗ്രാമ സ്വരാജ് യജ്ഞം വ്യാപിപ്പിച്ചിട്ടുണ്ട്. 
അപ്രതീക്ഷിതമല്ലെങ്കിലും ഈ ജില്ലകളിലെ ജനതസഞ്ചയവും പട്ടികജാതി, പട്ടികവർഗ്ഗക്കാരെ പോലെ ചരിത്രപരമായി തന്നെ ദുർബലരായ സമൂഹങ്ങളും തമ്മിൽ ഗണ്യമായ തോതിൽ സമാനതകൾ ഉണ്ട്. നിലവിൽ, നിർഭാഗ്യവശാൽ സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയേണ്ടി വന്ന നമ്മുടെ സഹ പൗരന്മാരുടെ ജീവിത ഗുണനിലവാരം ഉയർത്താൻ നമുക്കൊരു അവസരം ലഭിച്ചിരിക്കുകയാണ്. ഗവൺമെന്റ് തനിച്ചല്ല ഗ്രാമസ്വരാജ് യജ്ഞം നടപ്പാക്കി വരുന്നത്. പങ്ക് വയ്ക്കാനും, താദാത്മ്യം പ്രാപിക്കാനും, തിരിച്ച് നൽകാനും, ഉൽസുകരായ നിസ്വർത്ഥരായ പൗരന്മാരുടെ കൂട്ടായ്മകളുടെയും, പൊതു ഏജൻസികളുടെയും ഒരു കൂട്ടായ പ്രവർത്തനമാണിത്. 
നിങ്ങൾക്കും, കുടുംബത്തിനും സ്വാതന്ത്ര്യ ദിനത്തിൽ നന്മകൾ നേരുന്നു, ഉജ്വല ഭാവിക്കായി ആശംസകൾ അർപ്പിക്കുന്നു.


 

Latest News