Sorry, you need to enable JavaScript to visit this website.

സ്പീക്കർ പദവിയോട് നീതി പുലർത്തി; വിവാദങ്ങൾ ഒഴിവാക്കി

സ്പീക്കർസ്ഥാനത്തിരുന്ന കാലത്ത് പാർട്ടിക്കു ഞാനുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ജ്യോതി ബസുവുമായി ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു എന്നതൊഴിച്ചാൽ പാർട്ടിയുമായി ഞാൻ ബന്ധപ്പെട്ടതേയില്ല. കൊൽക്കത്തയിൽ പോകുമ്പോഴൊക്കെ ഞാൻ ജ്യോതി ബസുവിനെ സന്ദർശിക്കുമായിരുന്നു. അതു കൂടുതലും അദ്ദേഹത്തെ കാണാനും നല്ല സുഖമില്ലാതിരിക്കുന്ന അദ്ദേഹത്തിനു വേഗത്തിൽ രോഗശമനമുണ്ടാവട്ടെ എന്നാശംസിക്കാനുമായിരുന്നു. തീർച്ചയായും അദ്ദേഹത്തിന്റെ താമസസ്ഥലം പതിവായി സന്ദർശിക്കുവാൻ ഞാൻ സ്വാതന്ത്ര്യമെടുത്തു. അദ്ദേഹത്തിന്റെ സ്‌നേഹവാത്സല്യങ്ങൾ നുകരാനുള്ള അപൂർവമായ പ്രത്യേകാവകാശം എനിക്കുണ്ടായിരുന്നു എന്നതാണ് അതിനു കാരണം.
സ്പീക്കർ എന്ന നിലയിൽ ഞാൻ പാർട്ടിയിൽനിന്നും എല്ലാ രാഷ്ട്രീയത്തർക്കങ്ങളിൽനിന്നും വിവാദങ്ങളിൽനിന്നും വിട്ടുനിന്നു. ഇടതുപക്ഷം ഗവൺമെന്റിന്റെ ഏതെങ്കിലും നിർദേശത്തെയോ തീരുമാനത്തെയോ എതിർക്കുന്ന കാര്യങ്ങളുടെ ഗുണദോഷങ്ങളെപ്പറ്റിയൊന്നും ഞാൻ ഒരിക്കലും യാതൊരു അഭിപ്രായപ്രകടനവും നടത്തിയില്ല. അവരുടെ നിലപാട് നീതീകരിക്കാവുന്നതാണോ അല്ലേ എന്നൊന്നും പറഞ്ഞതേയില്ല. എന്നാൽ, ഇടതുനേതാക്കന്മാർ ഗവൺമെന്റിൽ ചേരാതെതന്നെ യഥാർഥ അധികാരം കൈക്കലാക്കിയിരിക്കുകയാണെന്നായിരുന്നു സാമാന്യമായ കാഴ്ചപ്പാട്. അതുവഴി അവർ യഥാർഥത്തിലുള്ള അധികാരശക്തിയായി ഗർവ് നടിക്കുകയാണെന്നും അതേസമയം അതിനനുസൃതമായി കണക്കുപറയേണ്ട അവസ്ഥ അവർക്കില്ലെന്നും ഗവൺമെന്റിന്റെ നിലനിൽപ് അവരെ ആശ്രയിച്ചാണിരിക്കുന്നത് എന്ന ഭാവമാണ് അവർക്കുള്ളതെന്നും മറ്റുമായിരുന്നു ധാരണ. പല കേന്ദ്രങ്ങളും ഇതു പ്രകടിപ്പിക്കുകയുണ്ടായി. അങ്ങനെ പ്രകാശ് കാരാട്ടിനെയും എ.ബി.ബർദനെയും പോലെയുള്ള നേതാക്കൾക്ക് അവർക്കുള്ളതിനെക്കാളും മികച്ച പ്രതിച്ഛായയും രാജ്യത്തിന്റെ ഭരണനിർവഹണത്തിൽ സ്വാധീനവും ഉണ്ടാക്കാൻ കഴിഞ്ഞു.
പ്രധാനമന്ത്രിയുമായും യു.പി.എ.അധ്യക്ഷയുമായും ആവശ്യത്തിലേറെ അടുപ്പം സ്ഥാപിക്കാൻ സാധിച്ചതുകൊണ്ടും ഗവൺമെന്റ് പ്രകാശ് കാരാട്ടിനെയും ഇതര ഇടതുനേതാക്കളെയും ഉൾക്കൊള്ളുന്ന നിലപാടു പുലർത്തിയതുകൊണ്ടും ഇടതുപക്ഷത്തിന് അത്ര ഉറച്ച ബോധ്യമൊന്നുമായിരുന്നില്ലെങ്കിൽത്തന്നെയും ഒരു വിശ്വാസമുണ്ടായി  ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ തീരുമാനമാണ് അവസാനവാക്ക്, തങ്ങളുടെ തീട്ടൂരങ്ങൾ അനിവാര്യമായും അനുസരിക്കപ്പെടും. അതുവഴി അവർ സഭയിലും, രാജ്യത്തുപോലുമുള്ള തങ്ങളുടെ യഥാർഥശക്തി മറന്നുപോവുകയാണ് ചെയ്തത്. തങ്ങളുടെ തീരുമാനങ്ങൾ പരമമായി കണക്കാക്കണമെന്നും അവയെക്കുറിച്ച് പുനരാലോചന പാടില്ലെന്നും അവരാഗ്രഹിച്ചു. പാർട്ടിനേതാക്കളുടെ, പ്രധാനമായും പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അനുഗ്രഹാശിസ്സുകളോടുകൂടി മാത്രമേ യു.പി.എ.ഗവൺമെന്റിനു നിലനില്ക്കാനാവുകയുള്ളൂ എന്ന ആർക്കും ദഹിക്കാനാവാത്ത ധാരണയാണ് സി.പി.എം. നല്കിയത്. സാധാരണക്കാർ ഇതു യാതൊരു ന്യായീകരണവുമില്ലാത്ത അഹന്തയല്ലാതെ മറ്റൊന്നുമല്ലെന്നു കരുതിയെന്നു പറയേണ്ടതില്ലല്ലോ.
ആണവകരാർ പ്രവർത്തനക്ഷമമാക്കാനുള്ള ദൃഢനിശ്ചയത്തിൽ കോൺഗ്രസ് ഉറച്ചുനിന്നതിനോടൊപ്പംതന്നെ സി.പി.ഐ.(എം) തുല്യശക്തിയോടെ തങ്ങളുടെ എതിർപ്പ് ഉപേക്ഷിക്കാതിരിക്കാനും തീരുമാനിച്ചു. തിരിച്ചുപോക്കില്ല എന്നും യു.പി.എ.ഗവൺമെന്റിനുള്ള തങ്ങളുടെ പിന്തുണ പാർട്ടി പിൻവലിച്ചേക്കുമെന്നും തോന്നാവുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിച്ചേർന്നു. അങ്ങനെയൊരു തീരുമാനം രാജ്യത്തിനും പാർട്ടിക്കു തന്നെയും വരുത്തിവെക്കുന്ന പ്രത്യാഘാതങ്ങൾ ശരിയായി വിലയിരുത്തിയിട്ടില്ലായിരുന്നു. അങ്ങനെ വരുമ്പോൾ ഗവൺമെന്റ് നിലംപതിക്കും. ഒന്നുകിൽ എൻ.ഡി.എ. സഭയിലെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ നേടിയെടുക്കും, അല്ലെങ്കിൽ പുതിയ തിരഞ്ഞെടുപ്പിലേക്കു പോകാൻ രാജ്യം നിർബന്ധിതമാവും.
ഗവൺമെന്റിന്റെ തീരുമാനങ്ങളെ എതിർത്തുകൊണ്ടിരിക്കുമ്പോൾത്തന്നെ അതിനുള്ള പിന്തുണ തുടർന്നുപോവുക എന്ന നയമാണ് ഇടതുപക്ഷം നിരന്തരമായി സ്വീകരിച്ചിരുന്നത്. വിലക്കയറ്റം വളരെയധികം പൊതു ഉത്കണ്ഠയുടെ വിഷയമായപ്പോൾ അതിനെ വളരെ ശക്തമായി എതിർത്തത് അതിനുദാഹരണമാണ്. ആ സമയത്ത് ഗവൺമെന്റിനുള്ള പിന്തുണ പിൻവലിക്കണമെന്ന് ഇടതുപക്ഷം കരുതിയില്ല. നാണയപ്പെരുപ്പം ജനജീവിതത്തിനു കൂടുതൽ കനത്ത തോതിൽ ആഘാതം സൃഷ്ടിക്കാനുള്ള സാധ്യതകളുണ്ടായപ്പോഴും ഒരു പ്രതിസന്ധിയുണ്ടാക്കാൻ അവർ തുനിഞ്ഞില്ല.
സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നതുവരെ പാർട്ടിക്കാര്യങ്ങളിൽ സജീവപങ്കാളിത്തം വഹിച്ചുപോന്ന അംഗമെന്ന നിലയിൽ ഈ വിഷയത്തെക്കുറിച്ചുള്ള എന്റെ വീക്ഷണങ്ങൾ ജനറൽ സെക്രട്ടറിയുടെയും മറ്റും ശ്രദ്ധയിൽകൊണ്ടുവരേണ്ടതുണ്ടെന്ന് എനിക്കു തോന്നി. അവയ്ക്ക് എത്രതന്നെ വിലയുണ്ടായിരുന്നുവെങ്കിലും. ഒരു പാർട്ടി സഖാവ് വഴി ഞാൻ അദ്ദേഹത്തിന് ഒരു കുറിപ്പ് കൊടുത്തയച്ചു. രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ചുള്ള എന്റെ നിലപാടുകളും ദേശീയതാത്പര്യം മുൻനിർത്തി പാർട്ടിക്കു കൈക്കൊള്ളാവുന്ന ഏറ്റവും ഉചിതമായ സമീപനം എന്താണെന്നും അതിൽ വിവരിച്ചിരുന്നു.
ആണവകരാർ എന്ന വിഷയത്തിൽ പാർട്ടിക്ക് ശക്തമായ നിലപാടുള്ളതിനാൽ, അതിനെ എതിർക്കുന്നത് തുടരണമെന്നും കരാറിനെതിരായി പൊതുജനവികാരമുണർത്താൻ പാർട്ടി നടപടികളെടുക്കണമെന്നും ഞാൻ നിർദേശിച്ചു. പാർട്ടി പിന്തുണ പിൻവലിച്ചാൽ ഒരു തിരഞ്ഞെടുപ്പു നേരത്തെ വരാനാണ് സാധ്യത. അങ്ങനെയൊരു തിരഞ്ഞെടുപ്പ് പാർട്ടിക്ക് വിഷമാവസ്ഥ സൃഷ്ടിക്കും എന്നുള്ള എന്റെ ഭയാശങ്ക ഞാൻ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പുഫലം നിരാശാജനകമായിരിക്കും എന്നായിരുന്നു എന്റെ പേടി. വിശേഷിച്ചും പശ്ചിമബംഗാളിൽ. അവിടെ ഏതാനും മാസങ്ങൾക്കു മുൻപു മാത്രമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ പാർട്ടി വലിയ തിരിച്ചടി നേരിട്ടത്  1978 നുശേഷം ആദ്യമായിരുന്നു ഇത്. നിലവിലുള്ള സാഹചര്യങ്ങളിൽ യു.പി.എ.ഗവൺമെന്റിനെ പുറത്തുനിന്നു പിന്തുണയ്ക്കുന്നത് തുടർന്നുകൊണ്ടുതന്നെ പശ്ചിമബംഗാളിലും കേരളത്തിലും പാർട്ടിപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും അതേസമയം ആണവകരാറിനെ ആകാവുന്നേടത്തോളം എതിർക്കുകയും ചെയ്യുന്നതായിരിക്കും ബുദ്ധി എന്ന് എനിക്കു തോന്നി. പാർട്ടിയെ സംബന്ധിച്ചിടത്തോളം ഈ വിഷയം കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം ജനങ്ങളെയും രാഷ്ട്രീയക്കാരെയും മൊത്തത്തിൽ പഠിപ്പിക്കുകയാണ്. കരാർ പ്രവർത്തനക്ഷമമാവുകയാണെങ്കിൽ അത് രാജ്യത്തിനു വരുത്തിവെക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പാർട്ടിയുടെ അഭിപ്രായങ്ങൾ അവരെ പറഞ്ഞുമനസ്സിലാക്കണം എന്നു ഞാൻ കരുതി.
കാരാട്ടിന്റെ നേതൃത്വത്തിലുള്ള പാർട്ടി നേതൃത്വം എന്റെ വീക്ഷണങ്ങൾ പരിഗണനാർഹമാണെന്നുപോലും കരുതിയില്ല. പാർട്ടി വല്ല ശ്രമവും നടത്തിയെങ്കിൽ, അത് അതിദയനീയമായി പരാജയപ്പെട്ടു. ഗവൺമെന്റിനുള്ള പിന്തുണ പിൻവലിക്കുന്നിടത്തോളം തങ്ങളുടെ പ്രതിഷേധമെത്തിച്ച ഇടതുപക്ഷം പൂർണമായും ഒറ്റപ്പെടുകയായിരുന്നു, അതവർ തിരിച്ചറിയുകയും ചെയ്തു. തങ്ങളുടെ പ്രവൃത്തിയുടെ രാഷ്ട്രീയപരിണതി എന്തായിരിക്കുമെന്ന് എപ്പോഴെങ്കിലും ഇടതുകക്ഷികൾ ആഴത്തിൽ പരിഗണിച്ചിട്ടുണ്ടോ എന്നാണ് എന്റെ അതിശയം  രാജ്യത്തിനും ഇടതുപ്രസ്ഥാനത്തിന്നും അതു വരുത്തിവെക്കുന്ന ഗുണദോഷങ്ങളുടെ അടിസ്ഥാനത്തിൽ. തന്നെ 'അപമാനി'ച്ചതിനു പ്രധാനമന്ത്രിയെയും യു.പി.എ.അധ്യക്ഷയെയും ഒരു പാഠം പഠിപ്പിക്കാൻ കാരാട്ട് തീരുമാനിച്ചുറച്ചതായാണു തോന്നിയത്.
ആണവകരാറിനെക്കുറിച്ചുള്ള വിവാദം ജനങ്ങളെ സംബന്ധിച്ചിടത്തോളം ഉത്കണ്ഠാവിഷയമായിരുന്നില്ലെന്നാണ് പതിനഞ്ചാം പൊതുതിരഞ്ഞെടുപ്പുകാലത്ത് തെളിഞ്ഞത്. സമ്മതിദായകരെ ബാധിക്കുന്ന ഒരു വിഷയമായില്ല കരാർ. ഇടതുകക്ഷികളടക്കം ഒരു പാർട്ടിയും അതൊരു സജീവമായ തിരഞ്ഞെടുപ്പ് വിഷയമാക്കിയില്ല. പോരാത്തതിന്, ഞാൻ ആശിച്ചതുപോലെ ഇടതുപക്ഷത്തിനു തൊഴിലാളിവർഗവുമായും സാധാരണക്കാരുമായും കർഷകരുമായും സമൂഹത്തിലെ അധഃസ്ഥിതവിഭാഗങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി തിരഞ്ഞെടുപ്പുഫലങ്ങൾ അസന്ദിഗ്ധമായി തെളിയിക്കുകയും ചെയ്തു. തങ്ങൾ പ്രതിനിധാനം ചെയ്യുന്ന ജനങ്ങൾ എന്ന് ഇടതുപക്ഷം അവകാശപ്പെട്ടുപോന്നത് ആരോ, അവർ അകന്നുപോയി.

Latest News