Sorry, you need to enable JavaScript to visit this website.

പുറത്താക്കൽ വലിയ നടുക്കം

മാതാപിതാക്കൾ മരിച്ചതിനുശേഷം എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസമായിരുന്നു 2008 ജൂലായ് 23.

(സോമനാഥ് ചാറ്റർജിയുടെ ഓർമക്കുറിപ്പായ വിശ്വാസ്യതയുടെ ഓർമക്കുറിപ്പുകളിൽനിന്ന്)

അമേരിക്കയുമായി ആണവകരാറിൽ ഒപ്പിടാനുള്ള യു.പി.എ. ഗവൺമെന്റിന്റെ തീരുമാനം പാർലമെന്റിൽ ഒരു പ്രതിസന്ധി സൃഷ്ടിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസ്സീവ് അലയൻസിന് (യു.പി.എ.) പുറമേനിന്നു പിന്തുണ നൽകിയിരുന്ന സി.പി.ഐ.എമ്മിന് പാർലമെന്റിൽ സാമാന്യം നല്ല അംഗബലമുണ്ടായിരുന്നു. അത് പാർലമെന്റിൽ ഗവൺമെന്റിനു നല്ല താങ്ങായിരുന്നു. ഏതായാലും പാർട്ടി ആണവകരാറിനോടുള്ള ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചുപോന്നു. കരാറുമായി മുന്നോട്ടു പോകാൻ പ്രധാനമന്ത്രി മൻമോഹൻസിങ് തീരുമാനിച്ചപ്പോൾ സി.പി.ഐ(എം) നേതൃനിരയിൽ പ്രാമുഖ്യമുണ്ടായിരുന്ന വിഭാഗം ഗവൺമെന്റിനുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചു. ഗവൺമെന്റ് ന്യൂനപക്ഷമായിത്തീരുമെന്നും രാജിവെക്കാൻ നിർബന്ധിതമാവുമെന്നും അങ്ങനെ വരുമ്പോൾ കരാറിനെ ഫലപ്രദമായി തകിടംമറിക്കാനാവുമെന്നുമായിരുന്നു അവരുടെ ന്യായം. പതിവുവഴക്കമനുസരിച്ച് ഒരു വിശ്വാസപ്രമേയം അവതരിപ്പിക്കപ്പെട്ടു. അനിശ്ചിതത്വങ്ങൾക്കിടയിൽ 2008 ജൂലായ് 28 ന് ഏറക്കുറെ സുഖകരമായി വിശ്വാസപ്രമേയം പാസ്സാവുകയും ഗവൺമെന്റ് അതിജീവിക്കുകയും ചെയ്തു. യു.പി.എയ്ക്ക് പിന്തുണ നൽകിക്കൊണ്ട് സമാജ്‌വാദി പാർട്ടി ഗവൺമെന്റിന് ആയുസ്സ് നീട്ടിക്കൊടുക്കുകയായിരുന്നു. പ്രമേയം വോട്ടിനിട്ടപ്പോൾ ഗവൺമെന്റിനെതിരായി സി.പി. ഐ.(എം) ബി.ജെ.പി യോടൊപ്പം വോട്ടുചെയ്തുവെങ്കിലും ഗവൺമെന്റിനെ പുറത്താക്കാനുള്ള പാർട്ടിയുടെ ശ്രമം പരാജയപ്പെട്ടു.
സി.പി.ഐ.എമ്മുമായുള്ള എന്റെ ബന്ധവും പ്രമേയത്തെത്തുടർന്നു വ്യക്തിപരമായി പ്രതിസന്ധിയിലകപ്പെട്ടു. 2008 ജൂലായ് 20ന്, സ്പീക്കർസ്ഥാനം രാജിവെച്ച് പ്രമേയത്തിനെതിരായി വോട്ടു ചെയ്യണമെന്ന് പാർട്ടി എന്നോടു നിർദേശിച്ചു. ആദ്യമായാണ് ഇങ്ങനെയൊരു നിർദേശം. ഞാൻ പ്രമേയത്തിനെതിരായി വോട്ടു ചെയ്തിരുന്നുവെങ്കിലും അത് വോട്ടെടുപ്പുഫലത്തെ ബാധിക്കുമായിരുന്നില്ലെന്നാണ് പിന്നീടുള്ള സംഭവങ്ങൾ തെളിയിച്ചത്. പാർട്ടിയുടെ തീട്ടൂരത്തിനനുസരിച്ച്, തലകുനിക്കാൻ ഞാൻ വിസമ്മതിച്ചത് പ്രധാനമായും സ്പീക്കർ എന്ന നിലയിൽ പാർട്ടിക്ക് എന്നോട് കൽപിക്കാനാവുകയില്ല എന്നതിന്റെയും ഞാൻ നിഷ്പക്ഷത പുലർത്താൻ ബാധ്യസ്ഥനാണ് എന്നതിന്റെയും പേരിലാണ്. അപ്പോൾ പാർട്ടി ജനറൽ സെക്രട്ടറി തന്റെ രോഷം പുറത്തുകാട്ടിയത് എന്നെ തൽക്ഷണം, അതായത് 2008 ജൂലായ് 23ന് പാർട്ടിയിൽ നിന്ന് പുറത്താക്കിക്കൊണ്ടാണ്. എന്നെ പുറത്താക്കുന്നതുകൊണ്ട് പാർട്ടി ശക്തമാവുകയാണെങ്കിൽ അത് എനിക്കൊരാശ്വാസമാണ് എന്നായിരുന്നു എന്റെ പ്രതികരണം. എങ്കിലും മാതാപിതാക്കൾ മരിച്ചതിനുശേഷം എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസമായിരുന്നു 2008 ജൂലായ് 23 എന്നതിൽ യാതൊരു സംശയവുമില്ല.
 ഇന്തോ-യു.എസ് ആണവകരാറിനെ എന്തു വിലകൊടുത്തും  ഗവൺമെന്റിനെ മറിച്ചിട്ടുകൊണ്ടുപോലും  എതിർക്കാനുള്ള തീരുമാനം കൈക്കൊണ്ടത് കരാർ ദേശീയ താത്പര്യത്തിനു വിരുദ്ധമാണെന്നും നമ്മുടെ രാജ്യത്തെ അമേരിക്കയ്ക്കു വിധേയമാക്കിത്തീർക്കുമെന്നും പാർട്ടിക്കു തോന്നിയതുകൊണ്ടാണെന്നാണ് അനുമാനിക്കേണ്ടത്. എന്തു വിലകൊടുത്തും അതു തടയാൻ പാർട്ടി ആഗ്രഹിച്ചു.
യു.പി.എ.ഗവൺമെന്റിനുള്ള പിന്തുണ പിൻവലിക്കാൻ പാർട്ടി തീരുമാനിച്ചതിന് ഏതാനും ദിവസങ്ങൾക്കുശേഷം, എന്നാൽ അതു ജനങ്ങളോടു പ്രഖ്യാപിക്കുന്നതിനു മുമ്പ് പ്രകാശ് കാരാട്ട് എന്നെ വീട്ടിൽ വന്നു കണ്ടിരുന്നു. ഇന്തോ-യു.എസ്.ആണവ ഇടപാടിൽ ഏതെങ്കിലും നിലയ്ക്കു മുന്നോട്ടു പോകുന്നതിനു മുമ്പ് താനുമായി കൂടിയാലോചന നടത്തുമെന്ന് ഗവൺമെന്റ് തന്നോടു വാഗ്ദത്തം ചെയ്തിരുന്നുവെന്നും, ഇപ്പറഞ്ഞ വാഗ്ദാനം പാലിക്കുന്നതിൽ പ്രധാനമന്ത്രിയും യു.പി.എ. അധ്യക്ഷയും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പറഞ്ഞ പരാജയംവഴി താൻ നിന്ദിക്കപ്പെട്ടതായും വഞ്ചിക്കപ്പെട്ടതായും തോന്നി എന്നും അദ്ദേഹം പറഞ്ഞു. വാഗ്ദത്തലംഘനമെന്ന് അദ്ദേഹം വിളിക്കുന്ന ഒരു കാരണത്തിന്റെ പേരിൽ, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം യു.പി.എയുമായി പിരിഞ്ഞുപോവുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു.
ഏറ്റവും വലിയ തിന്മയായ ബി.ജെ.പി. നേതൃത്വത്തിലുള്ള ഗവൺമെന്റ് അധികാരത്തിൽ വരാതിരിക്കാനാണ് 2004ൽ സി.പി.ഐ.(എം) യു.പി.എ. ഗവൺമെന്റിനെ പുറത്തുനിന്നു പിന്തുണയ്ക്കാൻ തീരുമാനിച്ചത് എന്നതു പ്രധാനമാണ്. ഗവൺമെന്റ് ചെയ്തതും ചെയ്യാൻ വിട്ടതുമായ കാര്യങ്ങളുടെ ഉത്തരവാദിത്വമേറ്റെടുക്കാനാഗ്രഹിക്കാത്തതുകൊണ്ടാണ് പാർട്ടി ഗവൺമെന്റിൽ ചേരാഞ്ഞത്. ഗവൺമെന്റിൽ ചേരുന്ന കാര്യം കേന്ദ്ര കമ്മിറ്റിയുടെ മുൻപാകെ വന്നപ്പോൾ പുറത്തു നിൽക്കുന്നതിനെപ്പറ്റിയുള്ള എന്റെ ഭയാശങ്കകൾ ഞാൻ പ്രകടിപ്പിച്ചിരുന്നു. അങ്ങനെ ചെയ്യുന്നത് പാർട്ടിക്കും തൊഴിലാളികളുടെയും കർഷകരുടെയും സാധാരണജനങ്ങളുടെയും താത്പര്യങ്ങൾക്കും പശ്ചിമബംഗാളിലെയും കേരളത്തിലെയും ത്രിപുരയിലെയും ഇടതുമുന്നണി ഗവൺമെന്റുകൾക്കും സഹായകവുമാവുകയില്ല എന്നായിരുന്നു എന്റെ ഭീതി. പാർട്ടിയുടെ അടിത്തറ പശ്ചിമബംഗാളിലും കേരളത്തിലും ത്രിപുരയിലും പരിമിതമാണ്. അവിടെത്തന്നെയും പാർട്ടി നിരവധി പ്രശ്‌നങ്ങൾ നേരിടുകയാണ്. അത് വേവലാതിപ്പെടേണ്ട കാര്യമാണുതാനും. ഗവൺമെന്റിൽ ചേരുകവഴി സാധാരണജനങ്ങൾക്ക് ഉപകാരപ്രദമായ നയപരിപാടികൾ നടപ്പിൽ വരുത്തുന്നതിനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്താൻ, തിരഞ്ഞെടുപ്പു പ്രക്രിയയിൽ പങ്കെടുക്കുന്ന ഒരു രാഷ്ട്രീയപാർട്ടി വിസമ്മതിക്കുകയോ വൈമുഖ്യം കാട്ടുകയോ ചെയ്യുന്നത് എന്റെ കാഴ്ചപ്പാടിൽ രാഷ്ട്രീയ ആത്മഹത്യയായിരുന്നു. പാർട്ടിയുടെ പരിപാടികളിലും കഴിവിലും പ്രാപ്തിയിലുമുള്ള ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അഭാവമാണ് അതു കാണിക്കുന്നത്. ഏതായാലും ഈ കാഴ്ചപ്പാട് പ്രകാശ് കാരാട്ടിനും കേന്ദ്ര കമ്മിറ്റിയിൽ ഭൂരിപക്ഷമുള്ള അദ്ദേഹത്തിന്റെ ഗ്രൂപ്പിനും ഇഷ്ടപ്പെട്ടില്ല. അങ്ങനെ പാർട്ടി ഇപ്രകാരം തീരുമാനിച്ചു:
(ശ) ഗവൺമെന്റിൽ ചേരരുത്. (ശശ) യു.പി.എ. ഗവൺമെന്റ് രൂപപ്പെടുത്തുകയും യു.പി.എയുടെ എല്ലാ ഘടകകക്ഷികളും ഒപ്പിട്ടതുമായ പൊതുമിനിമം പരിപാടിയിൽ ഒപ്പിടരുത്. (ശശശ) യു.പി.എ കോഓർഡിനേഷൻ കമ്മിറ്റിയിൽ അംഗമാകരുത്.
യു.പി.എ  ഇടതു കോഓർഡിനേഷൻ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാമെന്നു മാത്രമാണ് പാർട്ടി സമ്മതിച്ചത്. ഡോ. മൻമോഹൻസിങ് പ്രധാനമന്ത്രിയും സോണിയാഗാന്ധി യു.പി.എ. അധ്യക്ഷയുമായി യു.പി.എ. ഗവൺമെന്റ് രൂപീകരിച്ചശേഷം എല്ലാവർക്കും, വിശേഷിച്ചും ഭരണത്തിലിരിക്കുന്നവർക്ക് ഒരു കാര്യം വ്യക്തമായി. ഇടതുകക്ഷികൾ  അവർക്ക് ലോകസഭയിൽ അറുപത്തിരണ്ട് അംഗങ്ങളുണ്ട്, അവരുടെ പിന്തുണയെ ആശ്രയിച്ചാണ് ഗവൺമെന്റിന്റെ നിലനിൽപ്  'കിരീടത്തിനു പിന്നിലുള്ള യഥാർഥ അധികാരകേന്ദ്രം' എന്ന പങ്കു നിർവഹിക്കാനാഗ്രഹിക്കുന്നു. സംഗതി അങ്ങനെ ആയിരുന്നുതാനും. പ്രധാനമന്ത്രി ഏതു നിയമനിർമാണ നിർദേശത്തെപ്പറ്റിയും പ്രധാനപ്പെട്ട നടപടികളെപ്പറ്റിയും പ്രകാശ് കാരാട്ടുമായി കൂടിയാലോചിക്കേണ്ടിയിരുന്നു. മറ്റ് ഇടതുകക്ഷിനേതാക്കളുടെ സമ്മതം വാങ്ങേണ്ടിയിരുന്നു. ഗവൺമെന്റ് കൈക്കൊള്ളേണ്ട ഓരോ നടപടിക്കും കാരാട്ടിന്റെയും മറ്റ് ഇടതുനേതാക്കളുടെയും പിന്തുണ അഭ്യർഥിക്കുവാൻവേണ്ടി പ്രധാനമന്ത്രിയും യു.പി.എയിലെ മറ്റു തലമുതിർന്ന നേതാക്കളും അവരെ പതിവായി കാണാറുണ്ടായിരുന്നു എന്നതു പരക്കേ അറിയപ്പെട്ട കാര്യമാണ്.

Latest News