Sorry, you need to enable JavaScript to visit this website.

വൈദികരെ കൂദാശകളിൽനിന്ന് മാറ്റിനിർത്തും; കുറ്റം തെളിഞ്ഞാൽ ആജീവനാന്ത വിലക്ക്‌

കോട്ടയം- ലൈംഗിക പീഡനക്കേസിൽ ആരോപണ വിധേയരായ ഓർത്തഡോക്‌സ് വൈദികർക്കെതിരെ നടപടിയുണ്ടാകുമെന്ന് സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തിന് കാതോലിക്കാ ബാവയുടെ ഉറപ്പ്. വൈദികർ കുറ്റം ചെയ്‌തെന്ന് ബോധ്യപ്പെട്ടാൽ പൗരോഹിത്യം വിലക്കുമെന്നും അംഗങ്ങളുടെ ചോദ്യത്തിനു മറുപടിയായി ബാവ പറഞ്ഞു. 
കോട്ടയത്ത് നടക്കുന്ന സുന്നഹദോസ് യോഗമായിരിക്കും നടപടികളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. എന്നാൽ ഇപ്പോൾ നടപടിയെടുത്താൽ അത് പോലീസ് അന്വേഷണത്തിന് ബലം പകരുമെന്നതിനാൽ തൽക്കാലം വേണ്ടെന്ന അഭിപ്രായമാണ് പൊതുവേ ഉയർന്നത്. സഭയിലെ വൈദികർക്കെതിരായ ലൈംഗിക പീഡന ആരോപണത്തിൽ മാനേജിങ് കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ ചോദ്യം ഉന്നയിക്കുകയായിരുന്നു. ഇതിന് മറുപടിയായാണ് പരമാധ്യക്ഷൻ ബസേലിയോസ് മർത്തോമ്മാ ദ്വിതീയൻ കാതോലിക്കബാവ പ്രതികരിച്ചത്. കുറ്റം ചെയ്തത് ബോധ്യപ്പെട്ടാൽ നടപടിയുണ്ടാകും. ആജീവനാന്ത വിലക്ക് തന്നെ ഏർപ്പെടുത്തും. 
അന്വേഷണം പൂർത്തിയാകുന്നതുവരെ കൂദാശകളിൽനിന്ന് മാറ്റിനിർത്തും. മാധ്യമങ്ങൾ സഭയെ വേട്ടയാടുകയാണെന്ന് ചില അംഗങ്ങൾ വിമർശിച്ചു. മാധ്യമങ്ങൾ ചെയ്യുന്നത് അവരുടെ ജോലിയാണെന്നും, നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യു എന്നുമായിരുന്നു ബാവയുടെ മറുപടി. 
അതിനിടെ പീഡനമല്ലെന്നും ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ആണെന്നും വൈദികർ സമ്മതിച്ചതായി ചില പ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.  ഉഭയസമ്മതപ്രകാരം ആണെങ്കിലും ലൈംഗികബന്ധം നടന്നുവെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കാനാണ് സഭാനേതൃത്വത്തിന്റെ നീക്കം. ഒന്നാംപ്രതി  സോണി എബ്രഹാം, നാലാംപ്രതി ജെയ്‌സ് കെ ജോർജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഉഭയ സമ്മത പ്രകാരമാണ് ലൈംഗിക ബന്ധം നടന്നതെന്ന് പ്രതിഭാഗം അഭിഭാഷകർ വാക്കാൽ കോടതിയിൽ പറഞ്ഞിരുന്നു.
ചില വൈദികരുടെ പേരിലുളള ആരോപണങ്ങളിൽ കുറ്റക്കാരെന്ന് തെളിയുന്നവർക്ക് ഉചിതമായ ശിക്ഷ ലഭിക്കണമെന്ന് പിന്നീട് സഭാ യോഗത്തിൽ സഭാധ്യക്ഷൻ വ്യക്തമായി വിശദീകരിച്ചു. നിരപരാധികൾ ശിക്ഷിക്കപ്പെടരുതെന്നാണ് ആദ്യം മുതലുളള സഭയുടെ നിലപാട്. അതിൽ യാതൊരു മാറ്റവുമില്ല. എന്നാൽ ഇക്കാര്യത്തിൽ വൈദികരെ ഒന്നടങ്കം പഴിചാരുന്നതും കുമ്പസാരം പോലെയുളള വിശുദ്ധ കൂദാശകളെ അവഹേളിക്കുന്നതിനുളള അവസരമായി ഉപയോഗിക്കുന്നവർ നല്ല ഉദ്ദേശ്യത്തോടെയല്ല അത് ചെയ്യുന്നത്. 

Latest News