Sorry, you need to enable JavaScript to visit this website.

ബംഗ്ലാദേശില്‍ വിദ്യാര്‍ഥികളെ നേരിടാന്‍ സര്‍ക്കാര്‍ കൂലിപ്പട; ഇന്റര്‍നെറ്റ് നിര്‍ത്തി

ധാക്ക- ബംഗ്ലാദേശില്‍ ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭം നേരിടുന്നതിന്റെ ഭാഗമായി അധികൃതര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തി. ബസിന്റെ അമിത വേഗം രണ്ട് വിദ്യാര്‍ഥികളുടെ ജീവനെടുത്തതിനു പിന്നാലെയാണ് റോഡ് സുരക്ഷ ഉന്നയിച്ച് കഴിഞ്ഞയാഴ്ച വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്.
തലസ്ഥാനമായ ധാക്കയിലെ ജിഗാതാല പ്രാന്തപ്രദേശത്ത് ഞായറാഴ്ച പ്രതിഷേധം അക്രമാസക്തമായി. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ സര്‍ക്കാര്‍ അനുകൂലികള്‍ രംഗത്തിറങ്ങിയതോടെയാണ് സ്ഥിതി വഷളായത്. പ്രകടനക്കാര്‍ക്കുനേരെ പോലീസ് റബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പരിക്കേറ്റ് ആശുപത്രിയിലേക്ക് പോകുകയായിരുന്നവരേയും സര്‍ക്കാര്‍ അനുകൂലികള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
 
ശനിയാഴ്ച രാത്രിമുതല്‍ 3 ജി, 4 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കുന്നില്ലെന്ന് ബംഗ്ലാദേശില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പ്രോതോം അലോ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാരില്‍നിന്ന് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിയതെന്ന് ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷന്‍സ് റഗുലേറ്ററി കമ്മീഷന്‍ (ബി.ടി.ആര്‍.സി) ചെയര്‍മാന്‍ ജാഹിറുല്‍ ഹഖ് എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
 

Latest News