Sorry, you need to enable JavaScript to visit this website.

മലയാളി കുടുംബം മാപ്പ് നല്‍കി; യു.പി സ്വദേശിയുടെ വധശിക്ഷ ഒഴിവായി

ആഷിഫിന്റെ ഘാതകൻ ഉടൻ ജയിൽ മോചിതനാകും

അൽഹസ- പാലക്കാട് ഒറ്റപ്പാലം പാലപ്പുറം ലക്ഷം വീട് കോളനിയിൽ ആഷിഫ് പാലത്തിങ്കൽ മുഹമ്മദലി (24) കൊല്ലപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഏഴു വർഷമായി അൽഹസ ശരീഅ കോടതിയിൽ നടന്നുവന്ന കേസ് പരിസമാപ്തിയിലേക്ക്. കൊല്ലപ്പെട്ട ആഷിഫിന്റെ മാതാവ് ഐഷാ ബീവിയും സഹോദരങ്ങളും നിരുപാധികം മാപ്പ് നൽകിയതോടെ ഘാതകനായ ഉത്തർ പ്രദേശ് ഗോണ്ട സ്വദേശി മുഹർറം അലി ഷഫീഉല്ല വധശിക്ഷയിൽനിന്ന് രക്ഷപ്പെട്ടു. ആഷിഫിന്റെ കുടുംബം മുഹർറം അലിക്ക് മാപ്പ് നൽകിയതിന്റെ രേഖകൾ അൽ ഹസ ക്രിമിനൽ കോടതിയിൽ കുടുംബത്തിന്റെ പ്രതിനിധിയായ ഹസ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് സലാം വിറ്റാമിൻ സമർപ്പിച്ചതോടെ കഴിഞ്ഞ ദിവസം കേസ് അവസാനപ്പിച്ചതായി കോടതി അറിയിച്ചു. 
പാണക്കാട്ട് നടന്ന അനുരഞ്ജന ശ്രമങ്ങൾക്കൊടുവിലാണ് മകന്റെ ഘാതകന് മാപ്പ് നൽകാൻ ഐഷാ ബീവിയും മറ്റ് കുടുംബാംഗങ്ങളും സമ്മതിച്ചത്. ഇതോടെ മുഹർറം അലിയുടെ ഭാര്യ റസിയക്ക് തന്റെ ഭർത്താവിനെയും ചെറിയ ആൺകുട്ടിക്കും പ്രായമായ രണ്ടു പെൺമക്കൾക്കും ഉപ്പയെയും തിരിച്ചുകിട്ടാൻ വഴിയൊരുങ്ങി.


ഏഴ് വർഷം മുമ്പാണ് ആഷിഫ് കൊല ചെയ്യപ്പെടുന്നത് (ഹി.വ 20.11.1432). അൽഹസയിലെ 'ദ്രീസ് 'പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്നു മുഹറം അലി. ഇതേ പമ്പിലെ സൂപ്പർവൈസറായിരുന്നു ആഷിഫ്. ഇരുവരും സൗഹൃദത്തിലുമായിരുന്നു. എന്നാൽ ഒരു ദിവസം രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ആഷിഫിനെ ഇടത് ചെവിയുടെ താഴെ കത്തി കൊണ്ട് മുഹർറം അലി കുത്തി. ഞെട്ടിയുണർന്ന ആഷിഫ് പ്രതിരോധിച്ചതോടെ വീണ്ടും വീണ്ടും കുത്തിയ മുഹർറം അലി പിന്നീട് ആഷിഫിനെ കഴുത്തറുത്തു കൊല്ലുകയായിരുന്നുവെന്നാണ് കേസ്. പ്രതിയെ അന്നു തന്നെ പോലീസ് പിടികൂടി. ആഷിഫ് തന്നെ വിഷം തന്നു കൊലപ്പെടുത്തുമെന്ന തോന്നലാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി കോടതിയിൽ മൊഴി നൽകിയത്.
എന്നാൽ വിചാരണക്കിടെ പ്രതിയുടെ മാനസിക നില തെറ്റുകയും മാനസിക വിഭ്രാന്തി കാണിച്ച ഇയാളെ ജയിലിൽ നിന്നും മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
ഇതിനിടയിലാണ് കേസിൽ അന്തിമ വിധി പുറപ്പെടുവിച്ചത്. 2017 നവംബറിൽ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. പക്ഷേ പ്രതി മാനസികാരോഗ്യ ചികിത്സയിലായതിനാൽ വധശിക്ഷ നടപ്പാക്കിയില്ല. 
ഇതിനിടെ കെ.എം.സി.സി അൽഹസ ഭാരവാഹികൾ പ്രതിയുടെ വിലാസം കണ്ടെത്തി ബന്ധുക്കളുമായി ബന്ധപ്പെട്ടു. കൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുക്കൾ മാപ്പ് കൊടുത്താൽ രക്ഷപ്പെടുമെന്ന സൗദി നിയമത്തിലായിരുന്നു കുടുംബത്തിന്റെ ആശ്രയം. ആ പ്രതീക്ഷയും പേറിയാണ് പ്രതിയുടെ ഭാര്യ റസിയയും സഹോദരങ്ങളും പാണക്കാട്ടേക്ക് വരുന്നത്. കൊല്ലപ്പെട്ട ആഷിഫിന്റെ ഉമ്മയും സഹോദരങ്ങളും അവിടെയെത്തി. 


ഇക്കഴിഞ്ഞ റമദാനിൽ, മെയ് മുപ്പതിന്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ നടന്ന അനുരഞ്ജനത്തിൽ, ഐഷ ബീവി മകന്റെ ഘാതകന്  നിരുപാധികം മാപ്പു കൊടുക്കുന്നതായി പ്രഖ്യാപിച്ചു. മാപ്പ് കൊടുക്കുന്ന സത്യവാങ്മൂലത്തിൽ ആഷിഫിന്റെ സഹോദരങ്ങളായ ഇബ്രാഹിം, അബ്ദുൽ ലത്തീഫ്, ഖദീജ ബീവി, ഫാത്തിമ എന്നിവരും ഒപ്പുവെച്ചു. കേസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഒരു മാസത്തിനകം മുഹർറം അലി ജയിൽ മോചിതനാകും.
മകനെ നഷ്ടപ്പെട്ടതിനു പകരം ഒരു കുടുംബത്തിന്റെ നാഥനെ കൊലക്കു കൊടുത്തിട്ടു എന്ത് നേടാനെന്ന ഒരു മാതാവിന്റെ വിശാല മനസ്സിന്റെ ആത്മഗതത്തിനു മുന്നിൽ രൂപപ്പെട്ട വൈകാരിക നിമിഷങ്ങൾ മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ആഷിഫിന്റെ ഉമ്മ ഐഷ ബീവിയും പ്രതി മുഹർറം അലിയുടെ ഭാര്യ റസിയയും കെട്ടിപ്പിടിച്ച് പരസ്പരം ആശ്വസിപ്പിക്കുവാൻ ശ്രമിക്കുന്നതിന്റെ കണ്ണീർ നിമിഷങ്ങൾ.
ഒരു പൈസ പോലും ദിയ (ബ്ലഡ് മണി) സ്വീകരിക്കാതെ മകന്റെ ഘാതകനു മാപ്പ് കൊടുത്ത, ദരിദ്ര ചുറ്റുപാടിൽ വാടക വീട്ടിൽ കഴിയുന്ന ഐഷാ ബീവിക്കും കുടുംബത്തിനും വീട് വെച്ചു കൊടുക്കുവാനുള്ള ദൗത്യം കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ഏറ്റെടുത്തിരിക്കുകയാണ്. 
അൽഹസ കെ.എം.സി.സി ഭാരവാഹികളായ ഇബ്രാഹിം മുഹമ്മദ്, ടി.കെ. കുഞ്ഞാലസ്സൻ കുട്ടി, മജീദ് കൊടശ്ശേരി, സി.എം. കുഞ്ഞിപ്പ ഹാജി, സി.പി ഗഫൂർ, അബ്ദുസലാം തുടങ്ങിയവർ ആഷിഫിന്റെ കേസിൽ സജീവമായി ഇടപെട്ടിരുന്നു. 

Latest News