Sorry, you need to enable JavaScript to visit this website.

ധിഷണയെ പടവാളാക്കിയ ചെറിയമുണ്ടം

ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി അന്തരിച്ചു. പണ്ഡിതന്മാരിൽ പലരും വിട്ടുപിരിയുമ്പോൾ സമൂഹത്തിനു വലിയ നഷ്ടങ്ങൾ ഉണ്ടാവാറുണ്ട്.  എന്നാൽ ചെറിയമുണ്ടത്തിന്റെ വിയോഗം കേവലം ഒരു പണ്ഡിതന്റെ നഷ്ടമല്ല.  ഉയർന്ന ചിന്തകളും ബൗദ്ധികമായ ഔന്നത്യവും രചനാപാടവവും സൂക്ഷ്മ നിരീക്ഷണങ്ങളും ചോദ്യങ്ങൾക്ക് പ്രമാണ ബദ്ധമായ മറുപടി നൽകാനുള്ള പാണ്ഡിത്യവും തുടങ്ങി മറ്റു പണ്ഡിതന്മാരിൽ നിന്നും ചെറിയമുണ്ടത്തെ വ്യതിരിക്തനാക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്.  ഇസ്‌ലാമിനെ വിവാദങ്ങളിൽ തളച്ചിട്ട് അതിലൂടെ നേട്ടങ്ങൾ കൊയ്യുന്നവരിൽ നിന്നും അദ്ദേഹം തീർത്തും മുക്തനായിരുന്നുവെന്നു തന്നെ പറയാം.  അഭിപ്രായ വ്യത്യാസങ്ങളെ പർവ്വതീകരിക്കുന്നതിനു പകരം ചിന്തകളെ സമന്വയിപ്പിക്കാനും പാരസ്പര്യത്തെ കണ്ടെത്താനുമായിരുന്നു അദ്ദേഹം പരിശ്രമിച്ചിരുന്നത്.  മതവിഷയങ്ങളിൽ ഉണ്ടായേക്കാവുന്ന സ്വാഭാവിക അഭിപ്രായ വ്യത്യാസങ്ങളെ പ്രബോധന മേഖലകളിലേക്ക് കൊണ്ടുവന്നു വിഷയങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നതിനോട് അദ്ദേഹത്തിന് കടുത്ത വിയോജിപ്പുണ്ടായിരുന്നു.  തനിക്കെതിരെ ആരോപിക്കപ്പെട്ടിരുന്ന ആദർശ വിഷയങ്ങളെ പോലും ഉത്തരവാദപ്പെട്ടവർക്ക് മുമ്പിൽ വിശദീകരണം കൊടുക്കുക എന്നതിനപ്പുറത്തേക്ക് നാടുനീളെ പ്രഭാഷണങ്ങൾ സംഘടിപ്പിച്ച് വിശദീകരിക്കുന്ന ശൈലി അദ്ദേഹം സ്വീകരിച്ചിരുന്നില്ല.  കാരണം അദ്ദേഹം വിമർശനങ്ങളേക്കാൾ സമൂഹത്തിന്റെ ഐക്യം നഷ്ടപ്പെടുന്നതിനെയായിരുന്നു ഭയന്നിരുന്നത്. അതിന്റെ പ്രത്യാഘാതങ്ങളായിരുന്നു അദ്ദേഹത്തെ അലോസരപ്പെടുത്തിയിരുന്നത്.   
1944 ൽ മലപ്പുറം ജില്ലയിലെ ചെറിയമുണ്ടത്ത് ജനിച്ച അദ്ദേഹം സ്‌കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ ഉന്നത വിജയങ്ങൾ കരസ്ഥമാക്കിയിരുന്നു. ഇംഗഌഷിൽ പോലും നല്ല പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം പിന്നീട് പള്ളി ദർസുകളിലായിരുന്നു ഉപരിപഠനം നടത്തിയിരുന്നത്.  നാട്ടിലും മറ്റിടങ്ങളിലുമായി വിവിധ പള്ളി ദർസുകളിൽ ഇസ്‌ലാമിക പാരമ്പര്യ വിജ്ഞാനങ്ങൾ ആർജിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.  ഇസ്‌ലാമിക പാരമ്പര്യ വിജ്ഞാനങ്ങളോടുള്ള അപകർഷതാ ബോധം ഉൽപതിഷ്ണുക്കളിൽ തന്നെയുള്ള ചില പ്രബോധകരെ സ്വാധീനിച്ചിരുന്നുവെങ്കിലും ചെറിയമുണ്ടം അതിൽ നിന്നും വ്യത്യസ്തനായത് പള്ളി ദർസുകളിൽ നിന്നും അദ്ദേഹം നേടിയെടുത്ത വിജ്ഞാനത്തോടുള്ള സമീപന ബോധത്തിൽ നിന്നായിരുന്നു.  പറവന്നൂർ, ചെറിയമുണ്ടം, തലക്കടത്തൂർ, കോരങ്ങത്ത്, നടുവിലങ്ങാടി, പൊന്മുണ്ടം, വളവന്നൂർ തുടങ്ങിയ സ്ഥലങ്ങളിലെ പള്ളിദർസ് പഠനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ആധുനിക അറബിക് കോളേജ് പഠനത്തിലേക്ക് പ്രവേശിച്ചത്.  ആദ്യം അദ്ദേഹം കൊടുങ്ങല്ലൂരിനടുത്ത അഴീക്കോട് ഇർഷാദുൽ മുസ്‌ലിമീൻ അറബിക്കോളേജിൽ പഠിച്ചു.  പുളിക്കൽ മദീനത്തുൽ ഉലൂം അറബിക്കോളേജിൽ ചേർന്ന് പഠിച്ചതിനു ശേഷമാണ് അദ്ദേഹത്തിലെ പാണ്ഡിത്യത്തിനു ആഴവും വൈപുല്യവുമുണ്ടായത്. 
മദീനത്തുൽ ഉലൂമിന്റെ ശിൽപികളായ കേരളത്തിലെ ഇസ്‌ലാഹി പ്രബോധനത്തിന് നാന്ദി കുറിച്ച മഹാ പ്രതിഭകളും പണ്ഡിതരുമായ  എം. സി. സി. അബ്ദുറഹ്മാൻ മൗലവി, കെ. സി. അലവി മൗലവി, കെ. സി. അബൂബക്കർ മൗലവി, ആലിക്കുട്ടി മൗലവി തുടങ്ങിയവരുടെ ശിഷ്യത്വം സ്വീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചു.  അവിടെ നിന്നും 1967 ൽ പഠനം പൂർത്തിയാക്കിയതോടെയാണ് അദ്ദേഹം മദനി എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.  വളവന്നൂർ അൻസാർ അറബിക്കോളേജിലും പുളിക്കൽ മദീനത്തുൽ ഉലൂം അറബിക്കോളേജിലും ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീട് തിരൂരിനടുത്ത്  പൊന്മുണ്ടം ഗവ. യു പി സ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്തു.  അദ്ധ്യാപകനായി ജോലി ചെയ്യവേ തന്നെ അക്ഷരങ്ങളെ സ്‌നേഹിച്ചിരുന്ന അദ്ദേഹം തിരൂരിൽ ഭാര്യാപിതാവ് നടത്തിവന്നിരുന്ന പുസ്തകാലയത്തിൽ വൈകുന്നേരങ്ങളിൽ സമയം ചെലവഴിക്കുകയും വായനാലോകത്തേക്കുള്ള വാതായനങ്ങൾ തുറന്നിടുകയും ചെയ്തു. പിന്നീട് എഴുത്തിന്റെയും വായനയുടെയും  മേഖലയിലേക്ക് തിരിയാൻ വേണ്ടി ജോലിയിൽ നിന്നും സ്വയം വിരമിച്ചു. പിന്നീട് ദീർഘകാലം ശബാബ് വാരികയുടെ പത്രാധിപരായി സേവനമനുഷ്ഠിച്ചു.  
1985 ൽ മർഹൂം കെ.പി. മുഹമ്മദ് മൗലവി യു.എ.ഇ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിനു വേണ്ടി ഖുർആൻ ഓഡിയോ കാസറ്റ് തയ്യാറാക്കാൻ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയെയും കുഞ്ഞുമുഹമ്മദ് മദനി പറപ്പൂരിനെയും  ചുമതലപ്പെടുത്തി. മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുർആൻ പരിഭാഷ അടിസ്ഥാനമാക്കി ഒരു വർഷം കൊണ്ട് അവർ ഹ്രസ്വമായ പരിഭാഷ തയ്യാറാക്കി.  
സഊദി അറേബ്യയിലെ കിംഗ് ഫഹദ് കോംപ്ലക്‌സിന്റെ കീഴിൽ മലയാളത്തിലുള്ള ഒറ്റവാള്യ പരിഭാഷയായി കെ.പി. മുഹമ്മദ് മൗലവിയുടെ അപേക്ഷ പ്രകാരം ഇത് തെരഞ്ഞെടുക്കപ്പെട്ടു. മദീനയിലെ ഡോ. മുഹമ്മദ് അഷ്‌റഫ് മൗലവിയുടെ പരിശോധനക്ക് ശേഷം 1996 ൽ കിംഗ് ഫഹദ് പ്രിന്റിംഗ് പ്രസിന്റെ കീഴിൽ അത് പ്രസിദ്ധീകരിച്ചു. സൗദി അറേബ്യ ആധികാരികമായി പുറത്തിറക്കുന്ന മലയാളം ഖുർആൻ പരിഭാഷ ചെറിയമുണ്ടവും പറപ്പൂരും എഴുതിയ പരിഭാഷയാണ്.  ഹജ്, ഉംറ തീർഥാടകർക്കും മലയാളികൾക്കും ഇപ്പോഴും അത് സൗജന്യമായി വിതരണം ചെയ്തു വരുന്നു.  കോഴിക്കോട് മർക്കസുദ്ദഅ്‌വ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന യുവത പുറത്തിറക്കിയ ഇസ്‌ലാം അഞ്ചു വാള്യങ്ങളിൽ എന്ന ഇസ്‌ലാമിക് എൻസൈക്‌ളോപീഡിയയുടെ മുഖ്യ പത്രാധിപരും അദ്ദേഹമായിരുന്നു.  
2002 ൽ  കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം പിളർപ്പിന്റെ വക്കിലേക്ക് നീങ്ങിയപ്പോൾ മധ്യസ്ഥ ശ്രമത്തിനു ആദ്യമായി മുന്നിട്ടറങ്ങിയത് ചെറിയമുണ്ടമായിരുന്നു.  അദ്ദേഹവും കരുവള്ളി മുഹമ്മദ് മൗലവിയും നടത്തിയ ആത്മാർത്ഥമായ ശ്രമങ്ങൾ ഒരു പരിധി വരെ വിജയം കണ്ടിരുന്നു.  പിളർപ്പിന് ശേഷം ഇരു വിഭാഗത്തിന്റെയും സംഘടനാ സംവിധാനങ്ങളിൽ അദ്ദേഹം ഇരുന്നില്ല.  അതേസമയം ഇരു വിഭാഗങ്ങളുടെയും സംസ്ഥാന സമ്മേളനങ്ങളിൽ അദ്ദേഹം പങ്കെടുത്തുവന്നു.  2012 ൽ മറ്റൊരു പിളർപ്പ് കൂടി ഉണ്ടായപ്പോൾ മൂന്നാമത്തെ വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുർആൻ സമ്മേളനത്തിലും ഒരു വിഷയം അവതരിപ്പിച്ച് പങ്കെടുക്കുകയുണ്ടായി.  ജാമിഅ അൽഹിന്ദ് സംഘടിപ്പിച്ചിരുന്ന സ്‌പെഷൽ ട്രെയിനിങ് ക്ലാസുകളിലും അദ്ദേഹം പങ്കെടുത്തു.  എല്ലാ വിഭാഗവുമായും വളരെ നല്ല ബന്ധം പുലർത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നതുകൊണ്ട് തന്നെ താനൂരിനടുത്ത കേരളാധീശ്വരപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ പോയി എല്ലാ വിഭാഗത്തിൽ പെട്ടവരും വിജ്ഞാനം നേടിയിരുന്നു.  
ഖുർആൻ ഒരു സത്യാന്വേഷിയുടെ മുന്നിൽ, നിത്യപ്രസക്തമായ ദൈവിക ഗ്രന്ഥം, ഖുർആനും യുക്തിവാദവും,  മനുഷ്യാസ്തിത്വം വിശുദ്ധ ഖുർആനിലും ഭൗതികവാദത്തിലും, ദൈവവിശ്വാസവും ബുദ്ധിയുടെ വിധിയും,  ഇസ്ലാമും വിമർശകരും, ആരോഗ്യത്തിന്റെ ദൈവശാസ്ത്രം, ഇതര മതസ്ഥരോടുള്ള മുസ്ലിമിന്റെ സമീപനം, ഖുർആനും മാനവിക പ്രതിസന്ധിയും, ഇസ്ലാം വിമർശകരും അവരുടെ തലയ്ക്കു വില പറയുന്നവരും, ദഅ്‌വത്ത് ചിന്തകൾ (5 വാള്യങ്ങൾ), ഇസ്ലാം വിമർശനങ്ങൾക്ക് മറുപടി, മതം, രാഷ്ട്രീയം ഇസ്‌ലാഹി പ്രസ്ഥാനം, ഇബാദത്ത് വീക്ഷണങ്ങളുടെ താരതമ്യം, കൂടിക്കാഴ്ച, പ്രാർഥന തൗഹീദ്, സൂഫി മാർഗവും പ്രവാചകന്മാരുടെ മാർഗവും, ദൈവിക ഗ്രന്ഥവും മനുഷ്യ ചരിത്രവും, ഇസ്‌ലാമിന്റെ ദാർശനിക വ്യതിരിക്തത തുടങ്ങി നാൽപതിലധികം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. മോഡേൺ അറബി ട്യൂട്ടർ, അറേബ്യൻ ഗൾഫിലെ സംസാര ഭാഷ,  ഭാഷ പഠന സഹായി ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. ബുലൂഗുൽമറാം, ഇമാം നദ്‌വിയുടെ നാൽപത് ഹദീസുകൾ എന്നീ വിവർത്തന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. 
വ്യക്തിജീവിതത്തിൽ തൂവെള്ളയുടെ വിശുദ്ധി സൂക്ഷിച്ചിരുന്ന അദ്ദേഹം വിനയത്തിന്റെയും ധിഷണയുടെയും പര്യായം കൂടിയായിരുന്നു.  അമിതമായ ജീവിതച്ചെലവുകൾക്കും ആർഭാടങ്ങൾക്കും അദ്ദേഹം എതിരായിരുന്നു. ആരോഗ്യത്തെ ഹനിക്കുന്ന ഭക്ഷണ പാനീയങ്ങൾക്കെതിരെ ശക്തമായ പ്രബോധനം അദ്ദേഹം നടത്തിയിരുന്നു.  ഇന്റർനെറ്റും സ്മാർട്ട് ഫോണും ഒന്നും ഉപയോഗിക്കാതെ തന്നെ അദ്ദേഹത്തിന്റെ അവസാന കാലഘട്ടത്തിലും പുസ്തകങ്ങളുടെയും വലിയ ഗ്രന്ഥങ്ങളുടെയും കൂട്ടുകാരനായി അദ്ദേഹം കഴിച്ചുകൂട്ടി.  
അവസാന സന്ദർശന വേളയിലും നെറ്റിൽ നിന്നല്ല, നേരിട്ട് ഗ്രന്ഥങ്ങളിൽ നിന്ന് വിജ്ഞാനം സ്വീകരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞത് ഓർമ്മിക്കുന്നു. ജിഹാദ് എന്ന പദം വികലമാക്കപ്പെട്ടതിൽ മുസ്‌ലിം പണ്ഡിതർക്കും എഴുത്തുകാർക്കും സംഭവിച്ച അബദ്ധങ്ങളിൽ വേവലാതി പൂണ്ടുകൊണ്ട് അദ്ദേഹം സംസാരിച്ചപ്പോൾ അദ്ദേഹത്തിലെ ആത്മാർത്ഥതയെയും സത്യസന്ധതയെയും തൊട്ടറിയാൻ സാധിച്ചു. 
എന്റെ പിതാവ് പി. കെ. അഹമ്മദലി മദനിയെ ജ്യേഷ്ഠസഹോദരനെ പോലെ കണ്ടിരുന്ന അദ്ദേഹത്തിന്റെ വാത്സല്യം പലപ്പോഴും നേരിട്ടനുഭവിക്കാൻ സാധിച്ചിട്ടുണ്ട്.  

Latest News