Sorry, you need to enable JavaScript to visit this website.

കുഞ്ഞുങ്ങള്‍ക്ക് സൗദി ഇഖാമ ലഭിക്കാന്‍ ഒമ്പത് വ്യവസ്ഥകള്‍

റിയാദ്- സൗദി വിസയുള്ള ദമ്പതികള്‍ക്ക് വിദേശത്തു പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഇഖാമ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കി ജവാസാത്ത്. ഒമ്പതു വ്യവസ്ഥകളാണ് ഇക്കാര്യത്തിലുള്ളത്. സൗദിയില്‍ പിറക്കുന്ന നവജാത ശിശുക്കള്‍ക്ക് ഇഖാമ ലഭിക്കുന്നതിന് നാലു നടപടികളും വ്യവസ്ഥ ചെയ്യുന്നതായി ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
വിദേശത്തു പിറക്കുന്ന കുട്ടികളെ ഇഖാമയില്‍ ചേര്‍ക്കുന്നതിന് ആദ്യമായി ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമായ സദ്ദാദ് വഴി രണ്ടായിരം റിയാല്‍ വിസ ഫീസ് ആയി ഒടുക്കുകയാണ് വേണ്ടത്. കുട്ടികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുകയും കുട്ടിയുടെ പേരില്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച് രണ്ടു ഫോട്ടോകള്‍ സഹിതം സമര്‍പ്പിക്കുകയും വേണം. സൗദിയില്‍ പ്രവേശിച്ച് മൂന്നു മാസത്തിനകം നവജാത ശിശുക്കളെ ഇഖാമയില്‍ ചേര്‍ത്തിരിക്കണം. ഇതില്‍ വീഴ്ച വരുത്തുന്നപക്ഷം മൂന്നു മാസത്തിനുശേഷം ഇഖാമ നിയമത്തിലെ 55 ാം വകുപ്പ് പ്രകാരം പിഴ ചുമത്തും. ഇഖാമയില്‍ ചേര്‍ക്കുന്ന സമയത്ത് കുട്ടികള്‍ സൗദിയില്‍ ഉണ്ടായിരിക്കണം. നവജാത ശിശുക്കള്‍ക്ക് സ്വതന്ത്രമായി പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം എന്നതാണ് ഏഴാമത്തെ വ്യവസ്ഥ. കുട്ടികളുടെ മാതാപിതാക്കള്‍ നിയമാനുസൃത ഇഖാമയില്‍ സൗദിയില്‍ താമസിക്കുന്നവരായിരിക്കണം. ഭാര്യ ഭര്‍ത്താവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലായിരിക്കണം എന്നതാണ് അവസാനത്തെ വ്യവസ്ഥ.
സൗദിയില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് എംബസികളില്‍നിന്ന് പാസ്‌പോര്‍ട്ടുകള്‍ നേടുകയാണ് ആദ്യം വേണ്ടത്. ജനന സര്‍ട്ടിഫിക്കറ്റും ഇതിന്റെ കോപ്പിയും ഹാജരാക്കണം. കുഞ്ഞിനെ ഇഖാമയില്‍ ചേര്‍ക്കുന്നതിനുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ചു നല്‍കുകയും രണ്ടു ഫോട്ടോകള്‍ സഹിതം സമര്‍പ്പിക്കുകയും വേണം. പ്രസവം നടന്ന് ഒരു വര്‍ഷത്തിനകം കുഞ്ഞുങ്ങളെ ഇഖാമയില്‍ ചേര്‍ത്തില്ലെങ്കില്‍ ഇഖാമ നിയമത്തിലെ 61 ാം വകുപ്പ് പ്രകാരം ആയിരം റിയാല്‍ പിഴ ചുമത്തുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

Latest News