Sorry, you need to enable JavaScript to visit this website.

സൗദിയിൽ ജോലി രാജിവെക്കുന്നവർ അറിയാൻ; നിങ്ങൾക്ക് സർവീസ് ആനുകൂല്യത്തിന് അവകാശമുണ്ട്

റിയാദ് - സൗദിയിലെ സ്വകാര്യസ്ഥാപനങ്ങളിലെ ജോലിയിൽനിന്ന് രാജിവെക്കുന്നവർക്കും സർവീസ് ആനുകൂല്യത്തിന് അവകാശമുണ്ടെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലാ ജീവനക്കാർ രണ്ടു വർഷത്തെ സർവീസ് പൂർത്തിയാക്കിയ ശേഷമാണ് രാജിവെക്കുന്നതെങ്കിൽ മൂന്നിലൊന്ന് സർവീസ് ആനുകൂല്യത്തിനാണ് അർഹതയുണ്ടാവുക. അഞ്ചു വർഷത്തെ സർവീസുള്ളവർക്ക് മൂന്നിൽ രണ്ട് സർവീസ് ആനുകൂല്യത്തിന് അവകാശമുണ്ടാകും. പത്തും അതിൽ കൂടുതലും സർവീസുള്ളവർ രാജിവെക്കുകയാണെങ്കിൽ അവർക്ക് പൂർണ തോതിലുള്ള സർവീസ് ആനുകൂല്യത്തിന് അവകാശമുണ്ടാകും. എന്നാൽ രണ്ടു വർഷത്തിൽ കുറവ് മാത്രം സർവീസുള്ളവർ ജോലി രാജിവെക്കുകയാണെങ്കിൽ അവർക്ക് സർവീസ് ആനുകൂല്യത്തിന് അവകാശമുണ്ടാകില്ല. 

അതേസമയം, വനിതകളുടെ സർവീസ് ആനുകൂല്യം കണക്കാക്കുന്നതിന് അവരുടെ വിവാഹവുമായി ബന്ധമുണ്ട്. വിവാഹം നടന്ന് ആറു മാസത്തിനകം വനിതകളുടെ തൊഴിൽ കരാർ അവസാനിപ്പിക്കുന്നപക്ഷം ആദ്യത്തെ അഞ്ചു വർഷക്കാലത്തെ സർവീസിന് കൊല്ലത്തിൽ അര മാസത്തെ ശമ്പളം വീതവും അഞ്ചു വർഷത്തിനു ശേഷമുള്ള ഓരോ കൊല്ലത്തിനും ഒരു മാസത്തെ വേതനം വീതവും സർവീസ് ആനുകൂല്യത്തിന് വനിതകൾക്ക് അവകാശമുണ്ടാകുമെന്ന് ഖത്തീഫ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മീഡിയ കോ-ഓർഡിനേറ്റർ ഇബ്രാഹിം അൽമർസൂഖ് പറഞ്ഞു. അൽഹസ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി ആസ്ഥാനത്ത് സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്വന്തം നിയന്ത്രണത്തിൽ പെട്ടതല്ലാത്ത കാരണങ്ങളാൽ ജോലി ഉപേക്ഷിക്കാൻ തൊഴിലാളികൾ നിർബന്ധിതരാകുന്ന സാഹചര്യങ്ങളിൽ ആദ്യത്തെ അഞ്ചു വർഷത്തെ സർവീസ് കാലത്തിന് കൊല്ലത്തിൽ അര മാസത്തെ ശമ്പളം വീതവും പിന്നീടുള്ള കാലത്തിന് വർഷത്തിന് ഒരു മാസത്തെ ശമ്പളം വീതവുമാണ് സർവീസ് ആനുകൂല്യമായി ലഭിക്കുക. സർവീസ് കാലത്തിൽ പെടുന്ന വർഷത്തിലെ ഭാഗങ്ങൾക്കും അതിനനുസൃതമായ സർവീസ് ആനുകൂല്യത്തിന് ജീവനക്കാർക്ക് അവകാശമുണ്ട്. ഏറ്റവും അവസാനം കൈപ്പറ്റിയിരുന്ന വേതനത്തിന്റെ അടിസ്ഥാനത്തിലാണ് സർവീസ് ആനുകൂല്യം കണക്കാക്കുക. തൊഴിൽ കരാർ ബന്ധം അവസാനിച്ചാൽ തൊഴിലാളിക്ക് തൊഴിലുടമ സർവീസ് ആനുകൂല്യം നൽകൽ നിർബന്ധമാണ്. ആദ്യത്തെ അഞ്ചു കൊല്ലത്തിന് അര മാസത്തെ വേതനം വീതവും പിന്നീടുള്ള ഓരോ കൊല്ലത്തിനും ഒരു മാസത്തെ വീതം വേതനവുമാണ് സർവീസ് ആനുകൂല്യമായി തൊഴിലാളികൾക്ക് ലഭിക്കുന്നതിന് അവകാശമുള്ളതെന്ന് ഇബ്രാഹിം അൽമർസൂഖ് പറഞ്ഞു.


 

Latest News