Sorry, you need to enable JavaScript to visit this website.

യുപിയില്‍ പട്ടാപ്പകല്‍ വനിതാ ഡോക്ടറെ മക്കളുടെ മുന്നിലിട്ട് അക്രമി കഴുത്തറുത്ത് കൊന്നു

ആഗ്ര- ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ 38കാരിയായ വനിതാ ഡോക്ടറെ പട്ടാപ്പകല്‍ അക്രമി വീട്ടില്‍ കയറി  രണ്ടു മക്കളുടെ മുന്നിലിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തി. തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഡോക്ടറുടെ എട്ടും നാലും വയസ്സുള്ള കുട്ടികളാണ് സംഭവത്തിന് ദൃക്‌സാക്ഷികളായത്. അക്രമി ഇവരേയും കത്തി ഉപയോഗിച്ച് ആക്രമിച്ചെങ്കിലും രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. വീട്ടിലെ ടിവിയുടെ സെറ്റ് ടോപ് ബോക്‌സ് റീചാര്‍ജ് ചെയ്യാനെന്ന വ്യാജേനയാണ് പ്രതി വീട്ടില്‍ കയറിയത്. ഡോ. നിഷ സിംഘാള്‍ എന്ന ഡെന്റിസ്റ്റാണ് കൊല്ലപ്പെട്ടത്. സംഭവസമയം ഇവരുടെ ഡോക്ടറായ ഭര്‍ത്താവ് അജയ് സിംഘാള്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്നു. സംഭവമറിഞ്ഞ് അജയ് ഉടന്‍ വീട്ടിലെത്തി നിഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാളെ ശനിയാഴ്ച വെടിവെച്ച് കീഴ്‌പ്പെടുത്തിയതായും ആഗ്ര പോലീസ് അറിയിച്ചു. ഇയാളുടെ ബൈക്കിനെ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. പിടികൂടാനെത്തിയ പോലീസിനു നേര്‍ക്ക് ഇയാള്‍ വെടിവെച്ചപ്പോള്‍ പോലീസ് തിരിച്ചും വെടിയുതിര്‍ക്കുകയായിരുന്നു. വെടിവപ്പില്‍ പരിക്കേറ്റ പ്രതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആഗ്ര ഇന്‍സ്‌പെക്ടര്‍ ജനറല്‍ എ സതീഷ് ഗണേഷ് പറഞ്ഞു.

യുപിയില്‍ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തെത്തി. നിരവധി വീടുകളുള്ള ഒരു പ്രദേശത്ത് പട്ടാപ്പകള്‍ ഒരു വനിതാ ഡോക്ടറെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും യുപിയിലെ ബിജെപി സര്‍ക്കാര്‍ ടിവി പരസ്യങ്ങള്‍ നിര്‍ത്തി കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും എസ് പി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിലും പ്രതിപക്ഷ നേതാക്കളെ കുരുക്കിലാക്കുന്നതിലുമാണ് സര്‍ക്കാര്‍ ശ്രദ്ധയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് വനിതാ വിഭാഗവും സര്‍ക്കാരിനെതിരെ രംഗത്തുവന്നു.
 

Latest News