Sorry, you need to enable JavaScript to visit this website.

ദൽഹിയിലെ ഗുജറാത്ത് മോഡൽ 

എതായാലും കലാപത്തെക്കുറിച്ച് അന്വേഷണത്തിന് ദൽഹി ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിട്ടുണ്ട്. അഭിഭാഷകയായ സുബൈദ ബീഗമാണ് അമിക്കസ് ക്യൂറി. അക്രമത്തിനിരയാവർക്ക് അമിക്കസ് ക്യൂറിയോട് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാമെന്നും കോടതി പറഞ്ഞു. അന്വേഷണം നടക്കട്ടെ, സത്യം പുറത്തുവരട്ടെ. ഇപ്പോഴത്തെ ഇരുണ്ട കാലഘട്ടത്തിൽ നേരിയ പ്രതീക്ഷയാണ് കോടതിയുടെ ഈ ഇടപെടൽ.

രാജ്യ തലസ്ഥാനം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത ഭീകരമായ അക്രമങ്ങളാണ് ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇതിനകം ഇരുപതിലേറെ പേർ കൊല്ലപ്പെട്ടുകഴിഞ്ഞു. ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. ദൽഹി ഹൈക്കോടതി ഇന്നലെ കർശന ഉത്തരവുകൾ നൽകുന്നതുവരെ കലാപം അമർച്ച ചെയ്യുന്ന കാര്യത്തിൽ തീർത്തും നിഷ്‌ക്രിയമായിരുന്നു ദൽഹി പോലീസ്. അക്രമികൾ ഒരു കൂസലുമില്ലാതെ അഴിഞ്ഞാടി.


പുറത്തുനിന്ന് അക്രമികളെ കൊണ്ടുവന്ന് തികച്ചും ആസൂത്രിതമായി നടപ്പാക്കിയതാണ് ഇപ്പോഴത്തെ അക്രമമെന്ന വസ്തുത ഓരോ നിമിഷം കഴിയുന്തോറും തെളിഞ്ഞുവരികയാണ്. ഏറ്റവുമൊടുവിൽ ദൽഹി ഹൈക്കോടതിക്കുതന്നെ അത് ബോധ്യപ്പെട്ടു. ദൽഹിയിൽ 1984 ആവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് ജസ്റ്റിസ് മുരളീധർ പറഞ്ഞത്. 1984ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തേത്തുടർന്ന് സിഖുകാർക്കെതിരെ നടന്ന ആസൂത്രിത കലാപം പരാമർശിക്കുകയായിരുന്നു ജഡ്ജി.
2002ലെ ഗുജറാത്ത് വംശഹത്യയുടെ മാതൃകയിൽ ദൽഹിയിലും ആസൂത്രിതമായൊരു കൂട്ടക്കൊലക്ക് നീക്കം നടക്കുന്നതായി പല മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും കലാപത്തിന്റെ തുടക്കത്തിൽ സൂചന നൽകിയിരുന്നു. അത് ശരിയെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് പന്നീട് നടന്നത്. ഇത്തരം മുന്നറിയിപ്പുകളും, മുസ്‌ലിംകൾ ഒരു പരിധിവരെ കൈക്കൊണ്ട സംയമനവും, മാധ്യമ ജഗ്രതയുമൊക്കെയാണ് ഇപ്പോഴത്തെ കലാപം, ഗുജറാത്ത് പോലെ അത്ര ഭീകരമായി മാറാതെ തടഞ്ഞത്.


ഹൈക്കോടതിയുടെ രൂക്ഷ വിമർശനം നേരിട്ടതിന് പിന്നാലെ കലാപത്തിന് ആഹ്വാനം ചെയ്യുന്നവിധം പ്രകോപനമായ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാൻ പോലീസ് നിർബന്ധിതരായി. കപിൽ മിശ്ര, കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ, പർവേസ് വർമ, അഭയ് വർമ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രകോപനപരമായ പ്രസ്താനവകൾ നടത്തിയ നേതാക്കൾക്കെതിരെ ഇത്ര ദിവസമായിട്ടും എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാതിരുന്നതിന് ഹൈക്കോടതി ദൽഹി പോലീസിനെ രൂക്ഷമായ ഭാഷയിൽ കുറ്റപ്പെടുത്തിയിരുന്നു. അക്രമികൾക്കെതിരെ നടപടിയെടുക്കാൻ വൈകരുതെന്നും, പോലീസ് സദാ ജാഗരൂകരയാരിക്കണമെന്നും കോടതി നിർദേശം നൽകി. കലാപവുമായി ബന്ധപ്പെട്ട് പതിനൊന്ന് കേസുകളെടുത്തതായി കോടതിയെ അറിയിച്ചിരിക്കുകയാണ് പോലീസ്.


മുസ്‌ലിംകളിൽനിന്ന് എന്തെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടാക്കുക, അതിന് പിന്നാലെ പ്രതികാരമെന്നോണം തിരികെ സംഘടിതമായി ആക്രമണവും കൂട്ടക്കൊലയും നടത്തുക, ഉദ്ദിഷ്ട ലക്ഷ്യം പൂർത്തിയാകുംവരെ പോലീസിനെ നിഷ്‌ക്രിയമാക്കുക എന്ന രീതിയിലാണ് അക്രമികൾ കാര്യങ്ങൾ നീക്കിയതെന്ന് സംശയിക്കണം. മുമ്പ് ഗുജറാത്തിൽ നടന്നതും അത്തരത്തിലായിരുന്നല്ലോ. ഗോധ്ര ട്രെയിൻ തീവെയ്പാണല്ലോ കലാപത്തിന്റെ മൂല കാരണമായി പറയുന്നത്. ഇതിന് പ്രതികാരമെന്നോണം ഗുജറാത്തിൽ വ്യാപകമായി പിന്നീടുള്ള മൂന്ന് ദിവസങ്ങളിൽ സംഘപരിവാർ പ്രവർത്തകർ നടത്തിയ അക്രമങ്ങളിൽ രണ്ടായിരത്തിലേറെ മുസ്‌ലിംകളാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം നിരപരാധികളെ ജീവനോടെ ചുട്ടെരിച്ചു. ഈ സമയം പോലീസ് അക്രമം തടയാൻ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, അക്രമികൾക്ക് സഹായകമാംവിധം പ്രവർത്തിക്കുകയായിരുന്നുവെന്നാണ് അന്ത്രാരാഷ്ട്ര മാധ്യങ്ങളടക്കം റിപ്പോർട്ട് ചെയ്തത്. പോലീസിന്റെ സഹായം തേടി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയെ ഫോണിൽ വിളിച്ച കോൺഗ്രസ് നേതാവും മുൻ എം.പിയുമായ ഇഹ്‌സാൻ ജാഫ്രി പോലും അക്രമികളാൽ കൊല്ലപ്പെട്ടു.


ബി.ജെ.പിയിലെ പടലപ്പിണക്കത്തെത്തുടർന്ന് ദൽഹിയിൽനിന്ന് മുഖ്യമന്ത്രി പദത്തിലേക്ക് കെട്ടിയിറക്കപ്പെട്ട നരേന്ദ്ര മോഡി ഗുജറാത്ത് രാഷ്ട്രീയത്തിലെ മുടിചൂടാമന്നനാവുന്നത് ഈ കലാപത്തിനുശേഷമാണ്. അവിടെനിന്നാണ് അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലേക്കുവരെ വളരുന്നത്. ഗുജറാത്ത് വംശഹത്യ രാജ്യത്തിന് തീരാക്കളങ്കമായെങ്കിലും പൊതുവേ സമാധാന പ്രിയരായ രാജ്യത്തെ ഹിന്ദുക്കളെ മെല്ലെമെല്ലെ വർഗീയമായി ചിന്തിപ്പിക്കുന്നതിൽ അത് നിർണായകമായി. അടിക്ക് തിരിച്ചടി കൊടുത്തേ തീരൂ എന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടി. കലാപത്തിനു പിന്നാലെ ഗുജറാത്തിൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ പ്രകടമായ മോഡി തരംഗം ഇന്ന് അതിനേക്കാൾ ശക്തമായ നിലയിൽ രാജ്യത്ത് മുഴുവൻ വീശിക്കൊണ്ടേയിരിക്കുന്നു. ഗുജറാത്ത് കലാപവേളയിൽ സംസ്ഥാന ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷാ ഇന്നും മോഡിയുടെ വലംകയ്യാണ്, കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും. അദ്ദേഹത്തിനാണ് ദൽഹി പോലീസിന്റെ നേരിട്ടുള്ള നിയന്ത്രണം.


ഗുജറാത്തിൽ നടപ്പാക്കിയതാണ് ദൽഹിയിലും കണ്ടതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത് ഈ സാഹചര്യങ്ങളിലാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ വടക്കുകിഴക്കൻ ദൽഹിയിലെ ഷഹീൻബാഗിൽ രണ്ട് മാസമായി നടന്നുവരുന്ന സമരം സമാധാനപരമായിരുന്നു. സ്ത്രീകളടക്കമുള്ളവർ പ്രതികൂല കലാവസ്ഥയെ അവഗണിച്ച് രാവും പകലും തെരുവിൽ കുത്തിയിരുന്നാണ് ഭരണഘടനാ വിരുദ്ധമായ ഈ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചത്. 


തീവ്രവാദ ഗ്രൂപ്പുകൾ സമരത്തെ ഹൈജാക്ക് ചെയ്യുമെന്ന് സംശയമുണ്ടായിരുന്നെങ്കിലും അതിനൊന്നും അവസരം നൽകാതെ തികച്ചും ഗാന്ധി മാർഗത്തിൽതന്നെ പ്രക്ഷേഭം മുന്നോട്ടുപോയി. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നിലനിൽക്കുന്ന പ്രതിഷേധത്തിന്റെ ഏറ്റവും വലിയ സംഘടിത രൂപമായിരുന്നു ഷഹീൻബാഗിൽ കണ്ടത്. ദിവസം കഴിയുന്തോറും ഈ പ്രക്ഷോഭം നിഷ്പക്ഷമതികളും സമാധാന കാംക്ഷികളുമായ എല്ലാ മതസ്ഥരുടെയും പിന്തുണ കൂടുതൽ കൂടുതൽ നേടിക്കൊണ്ടിരുന്നു. സമരത്തിനെതിരെ ജനവികാരം ഉയർത്തിക്കൊണ്ടുവരാൻ റോഡിൽ ബാരിക്കേഡ് സൃഷ്ടിച്ചും മറ്റും ദൽഹി പോലീസ് ജനങ്ങളെ ബുദ്ധിമുട്ടിച്ചെങ്കിലും അതൊന്നും വേണ്ടത്ര വിജയം കണ്ടില്ല. ഇതിനിടെയാണ് ദൽഹി അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്നതും, ബി.ജെ.പി വമ്പൻ തോൽവി നേരിടുന്നതും ആംആദ്മി പാർട്ടി വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുന്നതും. 


അതിനിടെ, സമാന രീതിയിലുള്ള സമരം വടക്കുകിഴക്കൻ ദൽഹിയിലെ തന്നെ ജാഫറാബാദിലും ആരംഭിച്ചു. ഈ സമരവും ജനപിന്തുണ നേടിവരവേയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. ദൽഹി അസംബ്ലി തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ട ബി.ജെ.പി നേതാവ് കപിൽ ശർമ ഞായറാഴ്ച ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ പ്രസ്താവനക്ക് പിന്നാലെയാണ് സ്ഥിതി വഷളാവുന്നത്. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്ന രാജ്യവിരുദ്ധരെ നേരിടാൻ നിയമത്തെ അനുകൂലിക്കുന്നവർ സ്ഥലത്തെത്തണമെന്നായിരുന്നു മിശ്രയുടെ ആഹ്വാനം. ജാഫറാബാദിലെ പ്രക്ഷോഭകരെ നീക്കം ചെയ്യുന്നതിന് പോലീസിന് മൂന്ന് ദിവസത്തെ സാവകാശം നൽകുമെന്നും അതിനകം വേണ്ടത് ചെയ്തില്ലെങ്കിൾ ഞങ്ങൾ രംഗത്തിറങ്ങുമെന്നും പിന്നീട് ആർക്കും പിടിച്ചാൽ കിട്ടില്ലെന്നുമായിരുന്നു മിശ്രയുടെ ഭീഷണി. അത്യന്തം പ്രകോപനപരവും നിയമം കയ്യിലെടുക്കാൻ ആഹ്വാനം ചെയ്യുന്നതുമായ ഈ പ്രസ്താവന വന്നിട്ടും ദൽഹി പോലീസ് കണ്ണടച്ചു. അതേസമയം ദൽഹിക്ക് പുറത്തുനിന്ന് അക്രമികൾ കൂട്ടമായി നഗരത്തിലെത്തി. അവർ പ്രക്ഷോഭം നടക്കുന്ന സ്ഥലത്തേക്ക് സംഘടിച്ചെത്തിയതോടെ മറുഭാഗവും സംഘടിച്ചു. കല്ലേറും മറ്റും തുടങ്ങി. സ്വാഭാവികമായ ഏറ്റുമുട്ടൽ, അതുകഴിഞ്ഞ് ഏകപക്ഷീയമായ അക്രമങ്ങളും കൊള്ളിവെയ്പ്പും എന്ന നിലയിലെത്തി കാര്യങ്ങൾ.


മോഡിയുടെ ഗുജറാത്ത് മോഡൽ മറ്റൊരു രീതിയിൽ രാഷ്ട്രീയത്തിൽ പയറ്റി വിജയിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കുമ്പോഴായിരുന്നു ദൽഹിയിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്നത് വിധിവൈപരീത്യമാവാം. ട്രംപ് സന്ദർശനത്തിന്റെ ബഹളത്തിനിടെ മിക്ക ദേശീയ മാധ്യമങ്ങളും ദൽഹി കലാപം ആദ്യ ദിവസം വേണ്ടവിധം ശ്രദ്ധിച്ചില്ല. പക്ഷെ പുറമെ നിന്നെത്തിയ അക്രമികൾ മാധ്യപ്രവർത്തകരെയടക്കം ക്രൂരമായി മർദിക്കുകയും, ഹിന്ദുവാണോ മുസ്‌ലിമാണോ എന്ന് ചോദിച്ച് ദേഹപരിശോധന വരെ നടത്തുകയും ചെയ്തതോടെ മിക്ക മാധ്യമങ്ങളും കണ്ണുതുറന്നു. അതിനു പിന്നാലെ ദൽഹി ഹൈക്കോടതിയും.
എതായാലും കലാപത്തെക്കുറിച്ച് അന്വേഷണത്തിന് ദൽഹി ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിട്ടുണ്ട്. അഭിഭാഷകയായ സുബൈദ ബീഗമാണ് അമിക്കസ് ക്യൂറി. അക്രമത്തിനിരയാവർക്ക് അമിക്കസ് ക്യൂറിയോട് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാമെന്നും കോടതി പറഞ്ഞു. അന്വേഷണം നടക്കട്ടെ, സത്യം പുറത്തുവരട്ടെ. ഇപ്പോഴത്തെ ഇരുണ്ട കാലഘട്ടത്തിൽ നേരിയ പ്രതീക്ഷയാണ് കോടതിയുടെ ഈ ഇടപെടൽ.
 

Latest News