Sorry, you need to enable JavaScript to visit this website.

ഒളിംപിക്‌സ് വളണ്ടിയര്‍ പരിശീലനം നിര്‍ത്തി, അടുത്ത ദിനങ്ങള്‍ നിര്‍ണായകം

ടോക്കിയൊ - കൊറോണ വൈറസ് കിഴക്കനേഷ്യയില്‍ ഭീതി പടര്‍ത്തിയതോടെ ജൂലൈ 24 ന് ആരംഭിക്കേണ്ട ഒളിംപിക്‌സ് ആശങ്കയുടെ കരിനിഴലില്‍. ഒളിംപിക്‌സിന് പതിനായിരങ്ങളാണ് ടോക്കിയോയില്‍ എത്തുക. വളണ്ടിയര്‍മാരുടെ പരിശീലനം തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒളിംപിക്‌സ് ടോക്കിയോയില്‍ നടത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ മൂന്നു മാസം സമയമുണ്ടെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയിലെ ഏറ്റവും മുതിര്‍ന്ന അംഗം ഡിക് പൗണ്ട് അഭിപ്രായപ്പെട്ടു. 
വൈറസ് ഭീതി കാരണം ജപ്പാന്‍ ദേശീയ ഫുട്‌ബോള്‍ ലീഗ് നീട്ടിവെച്ചിരിക്കുകയാണ്. ഒളിംപിക്‌സിന് ഇനി അഞ്ചു മാസം മാത്രമേ ബാക്കിയുള്ളൂ. ജെ-ലീഗ് മത്സരങ്ങളും ജപ്പാന്‍ കപ്പ് മത്സരങ്ങളും മാര്‍ച്ച് മധ്യം വരെയാണ് റദ്ദാക്കിയത്. ചൈന, തെക്കന്‍ കൊറിയ എന്നിവിടങ്ങളിലും ലീഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. തെക്കന്‍ കൊറിയയില്‍ നടക്കേണ്ട ലോക ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പും മാറ്റി വെച്ചു. 
ജപ്പാനില്‍ 156 പേര്‍ക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ട്. രണ്ടാഴ്ചയായി ജപ്പാന്‍ തീരത്തു പിടിച്ചിട്ട ക്രൂയിസ് കപ്പലില്‍ എഴുനൂറോളം പേരുണ്ട്. കപ്പലിലെ നാലു പേര്‍ മരിച്ചു. ജപ്പാനില്‍ മറ്റൊരാളും മരിച്ചു. 
 

Latest News