Sorry, you need to enable JavaScript to visit this website.

ദല്‍ഹി കത്തുമ്പോള്‍ ഗോധ്ര ഓര്‍മ വരുന്നുണ്ടോ....

പേടിക്കണം, പേടിച്ചേ മതിയാകൂ..
ദല്‍ഹി തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് വേണം കരുതാന്‍. പ്രതീക്ഷക്ക് വിരുദ്ധമായി വലിയ തിരിച്ചടിയാണ് ചിലര്‍ക്ക് കിട്ടിയത്. അന്നേ പന്തം കൊളുത്തി വെച്ചതാണ്. എതിരെ വോട്ടു ചെയ്തവരെ ശിക്ഷിക്കാന്‍. സമരത്തിന്റെ കോലാഹലമുണ്ടാക്കി പള്ളിയുറക്കത്തിന് ഭംഗം വരുത്തുന്നവരെ ഒതുക്കാന്‍. കല്ലുകളും വടികളും തോക്കുകളും കൊടുത്ത് അനുയായികളെ പറഞ്ഞുവിട്ട ശേഷം കാത്തിരിക്കുകയാണ് അവര്‍- വിനാശത്തിന്റെ പ്രണേതാക്കള്‍.

http://www.malayalamnewsdaily.com/sites/default/files/filefield_paths/clash_3_20200224.jpg

ഓര്‍മകളില്‍ അഗ്നി പടരുന്നു

ഓര്‍മവരുന്നുണ്ടോ ഗോധ്ര, ഗുജറാത്ത്. ദല്‍ഹിയില്‍ വീടുകളും കടകളും കത്തിയെരിയുമ്പോള്‍ ആളിപ്പടരുന്ന അഗ്നിയില്‍ ഓര്‍മകള്‍ വിടരുകയാണ്. സ്മൃതിപഥങ്ങള്‍കൂടിയാണ് ആളുന്നത്. 18 വര്‍ഷം മുമ്പ് ഗോധ്രയില്‍ പടര്‍ന്ന തീ. ആരാണ് അന്ന് തീവണ്ടിക്ക് തീയിട്ടത്. ഇന്നും ദുരൂഹമായി ശേഷിക്കുന്നു. പോലീസ് ഒന്നു പറഞ്ഞു, അന്വേഷണ കമ്മീഷനുകള്‍ പലതും പറഞ്ഞു. ഇന്നും പൂര്‍ണമായി വെളിപ്പെട്ടിട്ടില്ല ഒന്നും. പക്ഷെ ഒന്ന് വ്യക്തമാണ്. ഗോധ്രയില്‍ കത്തിയ അഗ്നിയില്‍നിന്നാണ് ഗുജറാത്തിനെ ചുട്ടെരിച്ച കലാപത്തീയ്ക്ക് തിരികൊളുത്തിയത്. ഇരുട്ടിന്റെ ശക്തികള്‍ ഇപ്പോള്‍ ഇന്ദ്രപ്രസ്ഥത്തെ തേടിയിറങ്ങിയിരിക്കുന്നു.

http://www.malayalamnewsdaily.com/sites/default/files/filefield_paths/guj_4.jpg

ആവര്‍ത്തിക്കുന്ന ചരിത്രം

ചരിത്രം ആവര്‍ത്തിക്കുകയാണ്. ആരാണ് അന്ന് ഗുജറാത്തിലെ കിരീടം വെക്കാത്ത രാജാക്കന്മാര്‍ എന്നോര്‍ത്തുനോക്കൂ. ഇന്ന് ഇന്ദ്രപ്രസ്ഥത്തിലും അതേ ജോഡി തന്നെയാണ്. ഗുജറാത്തില്‍ ആര്‍ത്തനാദങ്ങള്‍ക്കും വിലാപങ്ങള്‍ക്കും നേരെ കണ്ണടച്ച, ചെവി കൊട്ടിയടച്ച പോലീസിനെ ഓര്‍ക്കൂ. അവരോട് ഒന്നും ചെയ്യേണ്ടെന്ന് ആജ്ഞാപിച്ച മുഖ്യമന്ത്രിയെ ഓര്‍ക്കൂ. ആവര്‍ത്തനം ദല്‍ഹിയില്‍ കാണുന്നില്ലേ... മുസ്‌ലിം കോളനികള്‍ തിരഞ്ഞുപിടിച്ച് ആക്രമണത്തിനിരയാക്കിയ കലാപകാരികളുടെ അതേ മുഖങ്ങള്‍ തന്നെ രണ്ടു ദിവസമായി ദല്‍ഹിയുടെ തെരുവീഥികളില്‍ കാണുന്നു. പ്രതീക ചിത്രങ്ങളായി മാറാന്‍ നിരവധി കുത്ബുദ്ദീന്‍ അന്‍സാരിമാരുണ്ട് ദല്‍ഹിയിലും, കാത്തിരിക്കൂ. ചരിത്രം ആവര്‍ത്തിക്കുന്നത് കണ്ട് രസിക്കൂ. അല്ലെങ്കില്‍ ഒരു തുള്ളി കണ്ണീര്‍ പൊഴിക്കൂ.

http://www.malayalamnewsdaily.com/sites/default/files/filefield_paths/5.jpg

ഒന്നും കാണാത്ത, കേള്‍ക്കാത്ത പോലീസ്

ബസുകളില്‍ പുറത്തുനിന്ന് കലാപകാരികളെ ദല്‍ഹിയിലേക്ക് ഇറക്കുമതി ചെയ്തതാണെന്ന് വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിന് മുമ്പ് നഗരത്തിന്റെ പല ഭാഗത്തും റോഡു പണിക്കെന്ന പോലെ കല്ലുകളും വലിയ മെറ്റല്‍ കഷണങ്ങളും കൊണ്ടുവന്നിട്ടു. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന തെരുവീഥികളില്‍ ഹിന്ദുക്കള്‍ വീടിനു മുന്നില്‍ കാവിക്കൊടി ഉയര്‍ത്തിയിരിക്കുന്നു, അറിയാതെ ഇങ്ങോട്ടുവരല്ലേയെന്ന് അക്രമികള്‍ക്ക് മുന്‍കൂര്‍ സൂചന. വീടുകളില്‍ ഒറ്റക്കിരുന്നാല്‍ അക്രമികള്‍ക്ക് ഇരയാകേണ്ടി വരുമെന്ന് ഭയന്ന്, കൂട്ടമായി പുറത്തിറങ്ങി നില്‍ക്കുകയാണ് ജനങ്ങള്‍. കല്ലുകളോടൊപ്പം തോക്കുകളുമുണ്ട്. പോലീസിന്റെ നിസ്സംഗതയെക്കുറിച്ച് ഇനി പറയേണ്ടതില്ല. എമ്പാടും ചിത്രങ്ങള്‍, വീഡിയോകള്‍ പരന്നുകഴിഞ്ഞു. എല്ലാം ശുഭം, ഒരു പ്രശ്‌നവുമില്ല എന്ന് വീണ്ടും വീണ്ടും പറയുന്നു രാജാക്കന്മാര്‍. അവര്‍ വാര്‍ത്തകള്‍ക്ക് കാതോര്‍ക്കുകയാണ്. ചോരച്ചാലുകളൊഴുകിയ കഥകള്‍, നിലവിളികളുടെ പ്രതിധ്വനികള്‍. അധികാരമുറപ്പിക്കേണ്ടേ വീണ്ടും.

http://www.malayalamnewsdaily.com/sites/default/files/2020/02/25/3.jpg

ദല്‍ഹി ഇരുളുമ്പോള്‍

ഗുജറാത്ത് പോലെ ദല്‍ഹിയിലും വാര്‍ത്തകള്‍ പുറത്തുവരാതിരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിയന്ത്രണം, മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമം, വരുതിയില്‍ നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരെ ഉപയോഗിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍, ഇവിടെ ഒന്നുമില്ല എന്ന പ്രതീതി സൃഷ്ടിക്കല്‍, പിന്നെ നഗരാതിര്‍ത്തികളടക്കല്‍, കര്‍ഫ്യൂ... ഇരുളിന്റെ മറവില്‍ ആക്രമണങ്ങള്‍. ഇതെഴുതുമ്പോള്‍ മരണ സംഖ്യ പത്താണ്. കണക്ക് ശരിയായിരിക്കുമെന്ന് വിശ്വസിക്കാമെന്നേയുള്ളു. ദല്‍ഹി ഒറ്റപ്പെട്ടുവരുന്നു. ആര്‍ക്കും പ്രവേശിക്കാന്‍ സാധ്യമല്ലാത്ത ഒരു കോട്ടയാക്കി ദല്‍ഹിയെ മാറ്റിയാല്‍ പിന്നെ എല്ലാം എളുപ്പമാണ്. ശഹീന്‍ബാഗിലെ സാധാരണക്കാരും നിരപരാധികളുമായ സ്ത്രീകളുടെ അവസ്ഥ എന്താകും. നഗരത്തിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന, ഹോസ്റ്റലുകളില്‍ താമസിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥികളുടെ ഗതിയെന്താകും. തീര്‍ച്ചയായും പേടിക്കണം.
സമാധാനപരമായ സമരത്തിലൂടെ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയ, രാജ്യത്തിന്റെ പ്രതിച്ഛായയെ വിദേശത്ത് കളങ്കപ്പെടുത്തിയ പ്രക്ഷോഭകരെ ഒരു പാഠം പഠിപ്പിക്കുക തന്നെ ചെയ്യും. ഇനിയൊരിക്കലും ഇങ്ങനെയൊരു സമരം ചെയ്യാന്‍ അവര്‍ മുതിരരുത്. പാഠങ്ങള്‍ പഠിക്കാനുണ്ട്. ഞങ്ങളുണ്ട് ഒപ്പം എന്ന് പറഞ്ഞവരെ ആരേയും കാണുന്നില്ല. ആരുടേയും നാവ് ചലിക്കുന്നില്ല. കലാപത്തീയിലെരിഞ്ഞ ഗ്രാമങ്ങളിലൂടെ വടിയും കുത്തിപ്പിടിച്ച് നടന്ന എണ്‍പതു കഴിഞ്ഞ ആ വൃദ്ധന്റെ നിഴല്‍ച്ചിത്രം പോലും എവിടെയും കാണാനില്ല.

http://www.malayalamnewsdaily.com/sites/default/files/2020/02/25/4.jpg

രക്ഷകരെവിടെ?

ദല്‍ഹിയുടെ തെരുവീഥികളിലേക്ക്, പേടിച്ചരണ്ടു കഴിയുന്നവരുടെ ഇടയിലേക്ക് രാഹുല്‍ ഗാന്ധി വരുമോ... സീതാറാം യെച്ചൂരി? ആരേയും കാണുന്നില്ല. സമാധാനത്തിനായി മൗനപ്രാര്‍ഥനയിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പിന്നെ ഒന്നും മിണ്ടല്ലല്ലോ. അല്ലെങ്കിലും ഒന്നും എന്റെ ഉത്തരവാദിത്തമല്ല എന്ന് കൈകഴുകിക്കഴിഞ്ഞു അദ്ദേഹം. കത്തിയമരുന്ന കലാപത്തീയില്‍നിന്ന് ജനങ്ങളെ ഹനുമാന്‍ രക്ഷിക്കട്ടെ എന്ന് അദ്ദേഹം പ്രാര്‍ഥിക്കട്ടെ.
മോഡി 2.0 എന്നാണ് പ്രധാനമന്ത്രിയുടെ രണ്ടാമൂഴത്തെ വിളിക്കുന്നത്. ഗോധ്ര 2.0 ഇപ്പോള്‍ നാം ദല്‍ഹിയില്‍ കാണുന്നു. വാളുകള്‍ക്ക് പകരം തോക്കുകള്‍ എന്ന് മാത്രം. ആരാണ് സമാധാനത്തിന്റെ സന്ദേശവുമായി വരിക. നിസ്സഹായരായ ദല്‍ഹിയിലെ ജനങ്ങളെ രക്ഷിക്കാന്‍ ആരാണ് എത്തുക. മൈലാഞ്ചി പുരട്ടിയ താടിയും അയഞ്ഞുതൂങ്ങിയ ഉടുപ്പുമിട്ട്, ദല്‍ഹിയുടെ ഗല്ലികളിലൂടെ ഉന്തുവണ്ടിയുമേറ്റി നടക്കുന്ന വൃദ്ധന്മാര്‍ വരെ ആക്രമണത്തിനിരയായി. നിസ്സഹായതയുടെ നിലവിളികള്‍ വീണ്ടും ഉയരുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ഒരു സമൂഹം ചരിത്രം തിരയുന്നു. 18 വര്‍ഷം മുമ്പത്തെ ആ ചോരക്കഥകളുടെ ചരിത്രം. ഇനിയും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയാതെപോയ ഗാന്ധി നഗറിലേയും അഹമ്മദാബാദിലേയും പതിതരായ ആ ജനസമൂഹത്തിന്റെ ചരിത്രം.
 

 

Latest News