Sorry, you need to enable JavaScript to visit this website.

സൗദിയിൽ സ്വകാര്യ മേഖലാ പങ്കാളിത്തം ഉയർത്തുക ലക്ഷ്യം - മന്ത്രി

റിയാദിൽ ഇന്നലെ ആരംഭിച്ച ത്രിദിന നഗരസഭാ നിക്ഷേപ ഫോറത്തിൽ സാമ്പത്തിക, ആസൂത്രണ മന്ത്രി ഡോ. മുഹമ്മദ് അൽതുവൈജിരി  സംസാരിക്കുന്നു.  

റിയാദ് - മൊത്തം ആഭ്യന്തരോൽപാദനത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം 60 ശതമാനമായി 2030 ഓടെ ഉയർത്തുന്നതിനാണ് സാമ്പത്തിക, ആസൂത്രണ മന്ത്രാലയം ശ്രമിക്കുന്നതെന്ന് വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് അൽതുവൈജിരി പറഞ്ഞു. റിയാദിൽ ഇന്നലെ ആരംഭിച്ച നഗരസഭാ നിക്ഷേപ ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മെട്രോ പോലുള്ള ചില പശ്ചാത്തല പദ്ധതികൾ സർക്കാർ പണം മുടക്കോടെ നടപ്പാക്കുന്നതിനാണ് നീക്കം. റിയാദ് മെട്രോ പദ്ധതിയിൽ ഇതിനകം ബില്യൺ കണക്കിന് റിയാൽ മുതൽ മുടക്കിയിട്ടുണ്ട്. നിക്ഷേപകർക്ക് പിന്തുണ നൽകുന്നതിനും നിക്ഷേപ സംസ്‌കാരം മെച്ചപ്പെടുത്തുന്നതിനും നഗരസഭാ പരിവർത്തന പദ്ധതിക്ക് സർക്കാർ പ്രോത്സാഹനവും പിന്തുണയും നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 


മൂന്നു ദിവസം നീണ്ടുനിൽക്കുന്ന നഗരസഭാ നിക്ഷേപ ഫോറത്തിൽ 40 വകുപ്പുകൾ പങ്കെടുക്കുന്നുണ്ട്. 28 സംവാദ സെഷനുകളും ശിൽപശാലകളും അടങ്ങിയ ഫോറത്തിൽ 63 പേർ സംസാരിക്കും. വ്യത്യസ്ത തുറകളിൽ പെട്ട നിക്ഷേപകർക്ക് അനുയോജ്യമായ 5000 ലേറെ നിക്ഷേപാവസരങ്ങൾ ഫോറത്തിൽ മുന്നോട്ടു വെക്കുന്നുണ്ട്. വ്യക്തികളെയും നിക്ഷേപകരെയും സംരംഭകരെയും ഫോറം ലക്ഷ്യമിടുന്നു. സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും നഗരസഭകളും ബലദിയകളും മുന്നോട്ടു വെക്കുന്ന നിക്ഷേപാവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് മത്സരിക്കുന്ന നിക്ഷേപകരുടെ എണ്ണം വർധിപ്പിക്കാനാണ് ഫോറത്തിലൂടെ ഉന്നമിടുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, പെട്രോൾ ബങ്കുകൾ, പരസ്യ ബോർഡുകൾ, പാർക്കിംഗുകൾ എന്നിവ സ്ഥാപിക്കൽ അടക്കമുള്ള പദ്ധതികൾക്കുള്ള ബില്യൺ കണക്കിന് റിയാലിന്റെ നിക്ഷേപാവസരങ്ങളാണ് ഫോറത്തിൽ നഗരസഭകളും ബലദിയകളും മുന്നോട്ടു വെക്കുന്നത്. 

 

Latest News