Sorry, you need to enable JavaScript to visit this website.

ലോകത്താകെ കൊറോണ ഭീതി; ഇറാനില്‍ മരണം കൂടുന്നു

ഇറാനില്‍നിന്നെത്തിയ യാത്രക്കാരെ ഇറാഖിലെ ബഗ്ദാദ് എയര്‍പോര്‍ട്ടില്‍ പരിശോധിക്കുന്നു.

ബീജിംഗ്- പുതിയ കൊറോണ വൈറസ് ബാധിച്ച് ഇറാനില്‍ കൂടുതല്‍ പേര്‍ മരിച്ചതും ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും യൂറോപ്പിലും പുതിയ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതും ആഗോളതലത്തില്‍ വീണ്ടും കൊറോണ ഭീതിക്ക് കാരണമായി.


കഴിഞ്ഞവര്‍ഷാവസാനം വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ മരണം തുടരുകയാണ്. 150 മരണം കൂടി സ്ഥിരീകരിച്ചതോടെ മൊത്തം മരണസംഖ്യ 2600 ലേക്ക് നീങ്ങുന്നു.  അതേസമയം, വൈറസിന്റെ പ്രഭവകേന്ദ്രത്തിലും ചുറ്റു പ്രദേശങ്ങളിലും യാത്രാവിലക്കും മറ്റും ഏര്‍പ്പെടുത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിനാല്‍  രോഗബാധ കുറയ്ക്കുന്നതില്‍ ചൈനീസ് സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ട്.


എന്നാല്‍ ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ കഴിഞ്ഞയാഴ്ച കൊവിഡ് -19 വൈറസ് ബാധ വര്‍ധിച്ചിരിക്കയാണ്. ഇറാന്‍, സൗത്ത് കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളിലാണ് ഇപ്പോള്‍ കൊറോണ കൂടുതല്‍ ഭീതി ഉയര്‍ത്തുന്നത്. അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ തിങ്കളാഴ്ച ഓരോ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊറോണ എത്തിയ രാജ്യങ്ങളുടെ എണ്ണം 30 ആയി.


ഇറാനില്‍ മരണസംഖ്യ നാലില്‍നിന്ന് 12 ആയി ഉയര്‍ന്നു. ചൈനക്കു പുറത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇറാനില്‍നിന്നാണ്. ഇറാനില്‍ സ്ഥിതി കൂടുതല്‍ മോശമായിട്ടുണ്ടെന്നും മരണസംഖ്യ മൂടിവെക്കുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. രോഗബാധ കൂടുതലുള്ള ഖും പട്ടണത്തില്‍ മാത്രം 50 ലേറെ പേര്‍ മരിച്ചതായി പ്രാദേശിക ജനപ്രതിനിധികളെ ഉദ്ധരിച്ച് അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇല്‍ന റിപ്പോര്‍ട്ട് ചെയ്തു. അതേസമയം 50 പേര്‍ മരിച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച ഇറാന്‍ സര്‍ക്കാര്‍ കൊറോണ വാര്‍ത്തകളില്‍ സുതാര്യത ഉറപ്പുനല്‍കി. 64 പേര്‍ക്ക് മാത്രമാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ കുറച്ച് പേര്‍ക്ക് മാത്രം രോഗബാധയും വര്‍ധിച്ച മരണവും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ചൈനയില്‍ 77,000 പേര്‍ക്ക് രോഗം ബാധിച്ചപ്പോഴാണ് 2592 മരണം.


ദക്ഷിണ കൊറിയയിലും രോഗബാധ വര്‍ധിച്ചു. രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്ത അവിടെ 830  പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എട്ട് പേരാണ് ഇതുവരെ മരിച്ചത്. രാജ്യത്തെ വൈറസ് ജാഗ്രത പ്രസിഡന്റ് മൂണ്‍ ജേ കഴിഞ്ഞ ദിവസം ചുവപ്പിലേക്ക് ഉയര്‍ത്തിയിരുന്നു. രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി സ്‌കൂള്‍ അവധിക്കാലം നീട്ടിയിട്ടുണ്ട്. ഈയാഴ്ച ആരംഭിക്കാനിരുന്ന കെ-ലീഗ് ഫുട്‌ബോള്‍ സീസണ്‍ നീട്ടിവെച്ചു.


ഇറ്റലിയില്‍ മൂന്നാമത്തെ മരണം സ്ഥിരീകരിച്ചതോടെ യൂറോപ്പില്‍ കൊറോണ പടരുമെന്ന ഭീതിക്ക് കാരണമായി. 150ലേറെ പേര്‍ക്കാണ് ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രശസ്തമായ വെനീസ് കാര്‍ണിവലും മിലന്‍ ഫാഷന്‍ വീക്കും റദ്ദാക്കി. വടക്കന്‍ ഇറ്റലിയിലെ ഒരു ഡസനോളം പട്ടണങ്ങളിലെ അരലക്ഷത്തോളം ജനങ്ങളോട് വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിരിക്കയാണ്.
കൊറോണ വ്യാപനം ആഗോള സമ്പദ്ഘടനയെ ഗുരുതരമായി ബാധിച്ചു തുടങ്ങി. ചൈനയില്‍ ക്വറന്റൈന്റെ ഭാഗമായി നിരവധി ഫാക്ടറികളാണ് അടച്ചത്. ആഗോള തലത്തില്‍ ടൂറിസത്തേയും വിമാന യാത്രകളേയും ബാധിച്ചു. ഏഷ്യയിലും യൂറോപ്പിലും ഇന്നലെ  ഓഹരി വിപണികള്‍ ഇടിഞ്ഞു. ചൈനയില്‍ കുറഞ്ഞപ്പോള്‍ ലോകത്ത് കൊറോണ  വ്യാപിക്കുകയാണെന്ന് ആര്‍.ജെ.എം.ജി അസറ്റ് മാനേജ്‌മെന്റ് വക്താവ് ചാള്‍സ് ഗില്യംസ് പറഞ്ഞു.


വലിയ ഭീഷണിയാണ് നേരിടുന്നതെന്ന് അന്താരാഷ്ട്ര നാണയ നിധിയും വ്യക്തമാക്കി. ചൈനയിലെ വാര്‍ഷിക പാര്‍ലമെന്റ് സമ്മേളനം ഇന്നലെ മാറ്റിവെച്ചു. 1960കളിലെ സാംസ്‌കാരിക വിപ്ലവത്തിനുശേഷം ആദ്യമായാണ് പാര്‍ലമെന്റ് സമ്മേളനം മാറ്റിവെക്കുന്നത്.

 

 

Latest News