Sorry, you need to enable JavaScript to visit this website.

ദീജയുടെ ജീവിത സമരം 

വീൽചെയറിലിരുന്ന് ഇല്ലായ്മകളോട് പൊരുതുന്ന, നിലമേൽ സ്വദേശിയായ കൂട്ടുകാരി ദീജയുടെ ജീവിതം വീൽചെയറിലിരുന്ന് കൊണ്ട് മലപ്പുറത്തുകാരി മാരിയത്ത് വരച്ചിടുന്നു...

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്:

.. മൂന്നാം വയസ്സിൽ പോളിയോ ബാധിച്ച് മുപ്പത്തഞ്ച് വർഷമായി  വീൽ ചെയറിൽ ജീവിക്കുന്ന കിളിമാനൂർ നിലമേൽ സ്വദേശി ദീജ ഇന്ന് എന്നെ കാണാൻ വന്നു. 
തന്റെ സ്വന്തം സംരംഭത്തിന്റെ ഉൽപന്നമായ അച്ചാറുമായാണ് വീൽ ചെയറിൽ ദീജ  വന്നത്. പുതിയ സുഹൃത്ത് എന്നർത്ഥം വരുന്ന 'നൈമിത്ര അച്ചാർ' കൈയിലുണ്ടായിരുന്നു. 
ദീജയുടെ ജീവിത വിജയഗാഥ ഏവർക്കും പ്രചോദനമാണ്. ഓൺലൈനിലൂടെയും കടകളിലൂടെയും അച്ചാറുകളുടെ രുചി വൈവിധ്യം പകർന്നു നൽകി  ജീവിതം മുന്നോട്ടു നയിക്കുകയാണ് ദീജ. സംസ്ഥാന വികലാംഗക്ഷേമ കോർപറേഷന്റെ പിന്തുണ തന്നെ ഏറെ സഹായിക്കുന്നതായി ദീജ പറഞ്ഞു. പോളിയോ ബാധിച്ച് നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കാതെ അതിനെ ചെറുത്തു തോൽപിക്കുന്ന ദീജയെപ്പോലുള്ളവർ സമൂഹത്തിന് പകർന്നു നൽകുന്ന മാതൃക അതുല്യമാണ്.

പതിനേഴായിരത്തിലധികം ലൈക്കും രണ്ടായിരത്തിനടുത്ത് ഷെയറുകളും  കമന്റുകളുമായി നമ്മുടെ മുഖ്യമന്ത്രിയുടെ സ്വന്തം ഫെയ്‌സ്ബുക്ക് പേജിൽ വന്ന വൈറൽ പോസ്റ്റാണ് ഇത്. ജീവിതത്തിൽ പ്രതിസന്ധികൾ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന  അനുഭവങ്ങൾക്കെതിരെ പോരാട്ടം തുടരുന്ന ദീജ എന്ന പ്രകാശത്തെ കുറിച്ചാണ് മുഖ്യമന്ത്രിയുടെ പേജിൽ വന്നിരിക്കുന്നത്.
ഒരുപാട് നിരാശയുടെയും സങ്കടത്തിന്റെയും ഇരുട്ടിൽ നിന്നും മനസ്സിന്റെ ആഴങ്ങളിലേക്ക് സന്തോഷത്തിന്റെ വെളിച്ചം കണ്ടെത്തിയത് അവൾ ഇവിടെ നിന്നാണ്.
എപ്പോഴും സന്തോഷം വേണമെന്ന്, ചിരിക്കണമെന്ന് ആഗ്രഹിക്കുന്ന, എല്ലാവരെയും ഒരുപാട് ഇഷ്ടപ്പെടുന്ന, ലോകത്തിന്റെ വേദനകളിൽ സങ്കടപ്പെട്ടുകൊണ്ടിരിക്കുന്ന, തിന്മകൾക്കെതിരെ പ്രതികരിക്കുന്ന, എപ്പോഴും തന്റെ പ്രിയപ്പെട്ടവരും കൂടെയുണ്ടാവണമെന്നും അവരുടെ നന്മക്കായി എന്നും പ്രാർത്ഥിക്കുന്ന, ഒരുവൾ.
തന്റെ നേരെ നോക്കി സഹതപിക്കുന്നവരുടെ മുമ്പിലേക്ക് പുഞ്ചിരിച്ചുകൊണ്ട് തനിക്കും ചിലതൊക്കെ ചെയ്യാൻ കഴിയുമെന്ന് ധൈര്യത്തോടെ തലയുയർത്തി ജീവിച്ചു കാണിച്ചു കൊടുക്കുകയാണവൾ.
ജീവിതത്തെ വ്യക്തമായ കാഴ്ചപ്പാടോടെ മുന്നിലേക്ക് നയിക്കുന്നതിന് അവൾക്ക് ഒരു വലിയ സ്വപ്‌നമുണ്ട്, ലക്ഷ്യമുണ്ട്.
കുടുംബ പ്രാരാബ്ധങ്ങളുടെ നടുവിൽ, ചെറിയ ഒരു വാടക വീട്ടിൽ താമസിക്കുന്ന, അവൾക്ക് സ്വന്തമായി ഒരു വീട് വേണം. വലിയ അടുക്കളയുള്ള, വീൽ ചെയർ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ബാത്ത് റൂം സൗകര്യം ഉള്ള രണ്ട് മുറികളുള്ള ഒരു ചെറിയ വീട്... കൂടാതെ, ജീവിതത്തിൽ പല പ്രതിസന്ധികളാലും പരാജയപ്പെട്ടു പോകുന്ന, ഒറ്റപ്പെട്ടു പോകുന്ന തന്നെപ്പോലെ ഉള്ളവർക്കും തന്നെക്കൊണ്ട് കഴിയുന്ന തരത്തിൽ തണലാവണം. അവളുടെ പരിമിതികളിൽ നിന്നുകൊണ്ടു  ചുറ്റുമുള്ളവരുടെയും നോവും നനവും നിനവും നെഞ്ചിൽ നീറി എല്ലാവരെയും തന്റേതായി ചേർത്തു വെക്കുകയാണവൾ. തിരുവനന്തപുരം ജില്ലയിലെ വർക്കല മുത്താന എന്ന സ്ഥലത്ത്, പാലവിള പുത്തൻ വീട്ടിൽ സതീശന്റെയും സുധർമണിയുടെയും  രണ്ടു പെൺമക്കളിൽ രണ്ടാമത്തവളായ  ബിന്ദോൾ എന്ന് വിളിക്കുന്ന ദീജക്ക് മൂന്നര വയസ്സിൽ പനി വന്ന് ശരീരത്തിന്റെ മുക്കാൽ ഭാഗവും തളരുകയായിരുന്നു.
നഴ്‌സറിയിൽ പഠിക്കുമ്പോൾ ഒന്നര വയസ്സിന് മൂത്ത ചേച്ചിയോടൊപ്പം നടന്നു പോയത് മങ്ങിയ ഓർമകളിൽ തെളിഞ്ഞ ചിത്രം പോലെ ഇന്നും ഓർക്കുന്നു അവൾ. 
കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന അമ്മയും പാചകത്തൊഴിലാളിയായിരുന്ന അച്ഛനും തങ്ങളാൽ കഴിയുന്ന  വിധം മകളെ പതിമൂന്ന് വയസ്സു  വരെ പലവിധ മരുന്നും മന്ത്രങ്ങളും കൊണ്ട് പരീക്ഷിച്ചു. ചികിത്സിപ്പിച്ചു. ഒന്നിലും ഫലമില്ലാതെ വന്നപ്പോൾ അവളുടെ ലോകം വീട്ടകം മാത്രമായി.
മറ്റുള്ളവരെപ്പോലെ പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത കുട്ടിക്കാലം മുതൽ, അതിന്റെ ചവർപ്പും മധുരവും അറിഞ്ഞുകൊണ്ട് തന്നെ ഓരോ കാലങ്ങളിലും പലതും അനുഭവിച്ചു. സന്തോഷത്തേക്കാൾ സങ്കടങ്ങൾ.
നേടിയതിനേക്കാൾ നഷ്ടങ്ങൾ. ആശിച്ചതൊക്കെയും നിരാശയായി അവസാനിക്കുമ്പോഴും  ഒന്നിനോടും പരാതിയുണ്ടായിരുന്നില്ല.
അതിനിടയിൽ വിദ്യാഭ്യാസം എന്നത് ഒരു വിങ്ങുന്ന നോവായി അവശേഷിച്ചു. സ്‌കൂളിൽ പോകുന്ന ചേച്ചിയിൽ നിന്നുള്ള വിശേഷങ്ങളായിരുന്നു അവളുടെ അറിവിന്റെ ലോകം. സ്‌കൂളിൽ പഠിക്കുന്ന ചേച്ചിയിൽ നിന്നും അവൾ അക്ഷരങ്ങൾ വായിക്കാനും  വാക്കുകൾ കൂട്ടിയെഴുതാനും ശീലിച്ചു. ആ ശീലങ്ങളിൽ നിന്നും വായനയുടെ ഒരു വലിയ ലോകം അവളുടെ ഏകാന്തതകളിൽ ആശ്വാസമായി. കൂടുതൽ വായനയിൽ നിന്നാണ് പത്താം കഌസ് പഠിക്കണം എന്ന ആഗ്രഹം മുളക്കുന്നത്. അതിന് വേണ്ടിയാണ്  അടുത്തുള്ള ട്യൂട്ടോറിയൽ കോളേജിൽ ചേർന്നത്. പക്ഷേ, പിന്നീടുള്ള നാളുകളിൽ അവിടെയുള്ള അധ്യാപകന്റെ അവഗണന  തുടർന്നു പഠിക്കാനുള്ള ആവേശത്തെ തീർത്തും തളർത്തി. പഠനം നിലച്ചു.
അത് പിന്നെ അവളിൽ വാശിയായിത്തീരുകയായിരുന്നു... അറിവ് നേടുന്നതിനായി സർട്ടിഫിക്കറ്റുകൾ  അത്യാവശ്യമായിരുന്നില്ല.


അവൾക്ക് വേണ്ടത് മറ്റുള്ളവരിൽ നിന്നും കേട്ടും അറിഞ്ഞും മനസ്സിലാക്കി. അക്ഷരങ്ങൾ കൂട്ടിവായിക്കാൻ ശീലിച്ചതിനു ശേഷം കിട്ടിയതെന്തും വായിക്കാനും പിന്നെ  എഴുതാനും തുടങ്ങി. 
അതിനിടയിൽ പരിമിതികൾക്കൊപ്പം കടക്കെണിയിൽ സ്വന്തം വീട് വിട്ട്, മറ്റൊരു വാടക വീട്ടിലേക്ക് ജീവിതം പറിച്ചു നടേണ്ടി വന്നു.
തോൽപിക്കാൻ ശ്രമിക്കുന്നവരുടെ ഇടയിൽ, ആരോടും തോറ്റു കൊടുക്കാൻ മനസ്സില്ലാതെ സ്വയം പഠിച്ചുണ്ടാക്കിയ അറിവിൽ നിന്നും കൊച്ചു കുട്ടികൾക്ക് ട്യുഷൻ എടുത്തു കൊടുത്തിട്ടുണ്ട്. സ്വയം വരുമാനം കണ്ടെത്താൻ ആഭരണങ്ങൾ നിർമിച്ചു കൊടുക്കാൻ തുടങ്ങി. അതിൽ നിന്നൊന്നും കടമില്ലാതെ ഒരു ദിവസം പോലും മുന്നോട്ട് നീങ്ങാനുള്ള മാർഗങ്ങൾ എളുപ്പമായിരുന്നില്ല.
ഇനി എന്ത് എന്ന പ്രതിസന്ധിയിൽ ഉഴറി നിൽക്കുമ്പോഴാണ് പ്രവാസിയായ നൗഷാദ് ഇക്കയെ ഫെയ്‌സ്ബുക്കിലൂടെ  പരിചയപ്പെടുന്നത്. ആരും കൂടെ ഇല്ലെന്ന സങ്കടങ്ങളിലേക്ക് കൂടപ്പിറപ്പിനെ പോലെ അവളെ ചേർത്തു പിടിച്ച അദ്ദേഹവുമായുള്ള സൗഹൃദത്തിൽ നിന്നുള്ള ആശയമായിരുന്നു അച്ചാർ നിർമാണം. സാമ്പത്തികമായി കൈയിൽ ഒന്നുമില്ലാതിരുന്ന ദീജക്ക് നൗഷാദിക്ക സഹായിച്ച അയ്യായിരം രൂപ കൊണ്ടാണ്, അച്ചാറിനുള്ള സാധനങ്ങൾ വാങ്ങുന്നത്. പാചകം തൊഴിലാക്കിയിരുന്ന അച്ഛന്റെ കൂടെ സഹായികളായി ദീജയും അമ്മയും ചേച്ചിയും. വീട്ടിൽ ഉണ്ടാക്കുന്ന ഗുണവും തനതായ രുചിയും മേന്മയുമുള്ള അച്ചാർ ഉണ്ടാക്കാൻ  തുടങ്ങി. അങ്ങനെ ആത്മവിശ്വാസത്തിന്റെ കരുത്തിൽ അഞ്ച് കിലോ മുതൽ നിർമാണം തുടങ്ങിയ നവ സംരംരഭമാണ് നൈമിത്ര.
സോഷ്യൽ മീഡിയ വഴി വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ദീജക്ക്, ഫെയ്‌സ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയുമായിരുന്നു ആളുകളുടെ അച്ചാറുകൾക്കായുള്ള ആവശ്യങ്ങൾ വന്നിരുന്നത്. വ്യക്തമായി  അഡ്രസ് നൽകിയാൽ, പാർസൽ ആയി ഇന്ത്യയിൽ എവിടെയും അവരുടെ വീട്ടിൽ അച്ചാർ എത്തും. ശുദ്ധവും മായമില്ലാത്തതുമായ അച്ചാർ കിട്ടിയവരും ഉപയോഗിച്ചവരും സംതൃപ്തിയോടെ വീണ്ടും ആവശ്യപ്പെട്ടു കൊണ്ടുള്ള വരികളും വാക്കുകളുമായിരുന്നു നൈമിത്രയുടെ വിജയം. 
വിൽപനയും ആവശ്യക്കാരും കൂടിവന്നു. അഞ്ചു കിലോയിൽ തുടങ്ങിയ അച്ചാറിന് ആവശ്യക്കാർക്ക് അനുസരിച്ച് ഉണ്ടാക്കുന്നതിന്റെ അളവും കൂടി വന്നു. ആവശ്യപ്പെടുന്നവരുടെ ഇഷ്ട രുചികൾക്ക് അനുസരിച്ച് വിവിധ തരം അച്ചാറുകളായി നിർമിക്കാൻ തുടങ്ങി.
അങ്ങനെയാണ് സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിൽ ഭിന്നശേഷിയുള്ളവർക്ക് ലോൺ എടുക്കാനുള്ള സൗകര്യമറിയുന്നത്. അങ്ങനെ ലോണെടുത്തു. 
ആ കാശ് കൊണ്ട്, കച്ചവടം വിപുലമാക്കാൻ ഒരു സ്ഥാപനം വാടകക്ക് എടുക്കാൻ തീരുമാനിച്ചു. കൊട്ടാരക്കരക്കടുത്ത്  നിലമേൽ വാഴോട് എന്ന സ്ഥലത്ത് ഒരു ചെറിയ മുറി വാടകക്ക് എടുത്ത് ഇപ്പോൾ അതിലാണ് ആവശ്യക്കാരുടെ താൽപര്യങ്ങളുമായി  വൈവിധ്യമാർന്ന അച്ചാറുകളുടെ കച്ചവടം നടത്തുന്നത്.
ഇത് വലിയ ലാഭക്കച്ചവടം ഒന്നുമല്ല. സഹതാപത്തിന്റെ ദയനീയ ചിത്രമായി ആരുടെ മുമ്പിലും കൈ നീട്ടാതിരിക്കാനാണ് ദീജ തനിക്കാവുന്ന തരത്തിലുള്ള ഒരു കച്ചവടം തുടങ്ങിയത്. ജീവിതം വഴിമുട്ടാതെ മുന്നോട്ടുള്ള പ്രയാണത്തിന് തന്റെ സാധ്യതയിൽ ഒതുങ്ങുന്ന ഒരു ഉപജീവന മാർഗം മാത്രം.
ദീജക്ക് ആശ്വാസമായും പ്രേരണയായും തന്നാൽ കഴിയുന്ന സഹായങ്ങളുമായി  പ്രവാസം അവസാനിപ്പിച്ച് നാട്ടിലുള്ള നൗഷാദിക്കയുമുണ്ട് കൂട്ടിന്.
അഞ്ച് കിലോയിൽ തുടങ്ങിയ സംരംഭം മോശമല്ലാത്ത തരത്തിൽ തുടർന്നു പോകാൻ തുടങ്ങിയിട്ട് ഇത് മൂന്നാം വർഷമായി. തുടർന്നും പ്രിയപ്പെട്ടവരുടെ സ്‌നേഹവും സഹകരണവും കൂടിയുണ്ടെങ്കിൽ അവൾ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങളിലേക്ക് എത്താൻ ഒരു പ്രയാസവും ഉണ്ടാവില്ല എന്ന് അവൾ ഉറച്ച് വിശ്വസിക്കുന്നു.
അച്ഛനും അമ്മയുമാണ് ദീജയുടെ ജീവനും ജീവിതവും. അവളുടെ ഏക ആശ്രയം. കണ്ണിലെ കൃഷ്ണമണി പോലെ അവളുടെ ഇടവും വലവും എപ്പോഴും താങ്ങായി നിൽക്കുന്നവർ.
ജീവിതം പച്ചപിടിപ്പിക്കാനുള്ള പരക്കം പാച്ചിലിനിടയിൽ അച്ഛന്റെ ക്ഷീണവും തളർച്ചയും അവളിൽ അസ്വസ്ഥത ഉണ്ടാക്കി. അവളുടെ നിർബന്ധത്തിൽ ഡോക്ടറെ കാണാൻ പോയി തിരിച്ചുവന്ന അച്ഛന്റെ കൈയിൽ വിദഗ്ധ പരിശോധനക്കുള്ള ഡോക്ടറുടെ കുറിപ്പടി. തുടർപരിശോധനകളിൽ നിന്നും വീണ്ടും വീണ്ടും ചില സംശയങ്ങൾ. അച്ഛന് കാൻസർ ടെസ്റ്റിന് അയച്ചിരിക്കുന്നു. അവളുടെ നെഞ്ചിൽ നിറയെ കനൽ കോരിയിട്ട് പരിശോധനാ ഫലം കാത്തിരിക്കുകയാണ്.
ജീവിതത്തെ തന്റേടത്തോടെ, ആത്മവിശ്വാസത്തോടെ  തന്നെക്കൊണ്ട് ആവും വിധം ഉയർത്തിക്കൊണ്ടു വരാനുള്ള പോരാട്ടത്തിനിടയിലാണ് വിധി മറ്റൊരു വിധത്തിൽ അവളെ പരാജയപ്പെടുത്തൻ ശ്രമിക്കുന്നത്.
സങ്കടങ്ങളോടും വിഷമങ്ങളോടും എതിരെ സദാ കലഹിച്ചുകൊണ്ടിരുന്ന അവൾ ഇപ്പോൾ സംഭവിച്ച  വിപത്തിൽ നിന്നും കരകയറുന്നത് എങ്ങനെ എന്നറിയാതെ പകച്ചിരിക്കുകയാണ്. ഒരു പരിഹാരം എന്തന്നറിയാതെ പെട്ടെന്ന് വന്ന സങ്കടങ്ങൾക്കു മേൽ സങ്കടം പെയ്യുകയാണ്.  
നൈമിത്രക്ക് വേണ്ടി ലോണെടുത്ത കടം തീർന്നിട്ടില്ല. സ്വന്തമായി ഒരു കുഞ്ഞു വീടെന്ന സ്വപ്‌നം സ്വപ്‌നമായി തന്നെ അവശേഷിക്കുന്നു. അപ്പോഴാണ്  അച്ഛന്റെ വലിയ ചികിത്സകൾക്കായി ആരും സഹായത്തിന് കൂടെ ഇല്ലാതെ പതറി നിൽക്കുന്നത്. അവളെ തളരാതെ കരുത്തോടെ മുന്നോട്ട് നയിക്കണമെങ്കിൽ അവൾക്ക് ശക്തി പകരാൻ, ധൈര്യമായിരിക്കാൻ, ഒരു തണലായി നമ്മൾ കൂടെ  ഉണ്ടാവണം.
ഹോട്ടൽ കച്ചവടക്കാർക്കും കല്യാണങ്ങൾക്കും പ്രവാസികൾക്കും വീടുകളിലും നമ്മുടെ ഭക്ഷണ ശീലങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത രുചിയാണ് അച്ചാർ. പാഴ്‌സലിന് വരുന്ന തുകയാണ് അധികപ്പറ്റായി വരുന്നത്. ഒരു തവണയെങ്കിലും അത് വാങ്ങി ഉപയോഗിക്കുമ്പോൾ നമ്മുടെ ഓരോരുത്തരുടെയും പ്രോത്സാഹനത്തിൽ  അവളുടെ ഉൾക്കരുത്തിന് പിൻബലമാവുകയാണ്. അതെ, ഇത് ദീജയുടെ  അതിജീവനത്തിന്റെ പോരാട്ടം കൂടിയാണ്.
ദീജയുടെ വിലാസം: 
ദീജ സതീശൻ, നൈമിത്ര
മുത്താന, തിരുവനന്തപുരം.
മൊബൈൽ: 917902375735


 

Latest News