Sorry, you need to enable JavaScript to visit this website.

ഹിന്ദുത്വ ശക്തികള്‍ തലയ്ക്ക് വിലയിട്ട അമൂല്യ പറയാന്‍ ഉദ്ദേശിച്ചത് എന്താണ് ?

ബംഗളൂരു- ഹിന്ദുത്വ ശക്തികള്‍ തലയ്ക്ക് വിലയിട്ടിരിക്കുന്ന കര്‍ണാടകയിലെ വിദ്യാര്‍ഥിനി അമൂല്യ ലിയോണ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്നു വിളിച്ചതിനാണ് ജയിലിലായതെങ്കിലും അവള്‍ പറയാനുദ്ദേശിച്ചിരുന്നത് മറ്റൊരു കാര്യമാണെന്ന് പെണ്‍കുട്ടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് പറയുന്നു.
എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പങ്കെടുത്ത യോഗം പാക്കിസ്ഥാന്‍ സിന്ദാബാദ് വിളിച്ച് കുഴപ്പത്തിലാക്കുകയാണെന്ന് കരുതി സംഘാടകര്‍ അമൂല്യയെ ബാക്കി പറയാന്‍ അനുവദിച്ചിരുന്നില്ല. പോലീസ് കൂടി എത്തിയതോടെ അതിനുള്ള അവസരം പൂര്‍ണമായും അവസാനിച്ചു.

അമൂല്യ പറയാനുദ്ദേശിച്ച കാര്യങ്ങള്‍ ഫെബ്രുവരി 16-ന് തന്റെ ഫെയ്‌സ് ബുക്കില്‍ കന്നഡയില്‍ കുറിച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ്


'ഇന്ത്യ സിന്ദാബാദ്..!
പാകിസ്ഥാന്‍ സിന്ദാബാദ്..!
ബംഗ്‌ളാദേശ് സിന്ദാബാദ്..!
ശ്രീലങ്ക സിന്ദാബാദ്..!
നേപ്പാള്‍ സിന്ദാബാദ്..!
അഫ്ഗാനിസ്ഥാന്‍  സിന്ദാബാദ്..!
ചൈന സിന്ദാബാദ്..!
ഭൂട്ടാന്‍ സിന്ദാബാദ്..!

രാജ്യമേതുമാവട്ടെ, എല്ലാറ്റിനും ഇരിക്കട്ടെ എന്റെ വക ഒരു സിന്ദാബാദ്.

രാജ്യമെന്നാല്‍ ഭൂമിയാണ് എന്ന് നിങ്ങള്‍ പഠിപ്പിക്കും. എന്നാല്‍, ഞങ്ങള്‍ കുഞ്ഞുങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നത് രാജ്യമെന്നാല്‍, മണ്ണല്ല അവിടെ ജീവിക്കുന്ന മനുഷ്യരാണ് എന്നാണ്. അവര്‍ക്കൊക്കെയും അടിസ്ഥാന സൗകര്യങ്ങളും മൗലികാവകാശങ്ങളും കിട്ടേണ്ടതുണ്ട് എന്നാണ്. തങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി അവിടത്തെ ഗവണ്‍മെന്റുകള്‍ പ്രവര്‍ത്തിക്കണം എന്നാണ്. സ്വന്തം നാട്ടിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന ഗവണ്മെന്റുകളൊക്കെയും നീണാള്‍ വാഴാനുള്ളത് തന്നെയാണ്.

അതുകൊണ്ട് ഞാന്‍ മറ്റൊരു രാജ്യത്തിന് സിന്ദാബാദ് വിളിക്കുമ്പോഴേക്കും നിങ്ങള്‍ വിരണ്ടുപോവേണ്ടതില്ല. ഞാന്‍ നിയമം അനുസരിക്കുന്ന ഒരു ഇന്ത്യന്‍ പൗരനാണ്. ഒരു പൗരനെന്ന നിലയില്‍ ഇവിടത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കേണ്ടത് എന്റെയും ചുമതലയാണ് ഉത്തരവാദിത്തമാണ്. ഞാന്‍ അത് ചെയ്യുക തന്നെ ചെയ്യും. ആര്‍എസ്എസ്സുകാര്‍ക്ക് എന്നോട് ചെയ്യാനാവുന്നത് അവരും ചെയ്യട്ടെ, നമുക്ക് നോക്കാം.

സംഘികള്‍ക്ക് അസൂയയാണ്. എന്നോട് ഈര്‍ഷ്യയാണ്. അതുകൊണ്ട് അവര്‍ ഇതിനു ചോടെ കമന്റുകളും തെറിവിളികളും തുടങ്ങിയേക്കും. എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു കഴിഞ്ഞു. ബാക്കി നിങ്ങളുടെ ഇഷ്ടം.'

ചിക്കമംഗളൂരു ജില്ലയിലെ ഗുബ്ബഗുഡെ ഗ്രാമത്തില്‍നിന്നുള്ള പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ഓസ് വാള്‍ഡ് നൊറോണയുടെ മകളാണ് അമൂല്യ.
സംഭവത്തിനു ശേഷം ഇദ്ദേഹത്തിന്റെ വീട് ഒരു സംഘം ആളുകള്‍ നശിപ്പിച്ചിരുന്നു. ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് അക്രമികളെത്തി വീടിന്റെ ജനലും വാതിലും തകര്‍ത്തതെന്നും തന്നെ ക്കൊണ്ട് ഭാരത് മാതാ കീ ജയ് വിളിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ചിക്കമംഗളൂരിലെ പരിസ്ഥതി, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഓസ് വാള്‍ഡ് നൊറോണ. മലേനഡ ഗാന്ധി എന്നറിയപ്പെട്ട എച്ച്.ജി ഗോവിന്ദ ഗൗഡയുടെ അനുയായി ആയ ഓസ് വാള്‍ഡ് നൊറോണ ബി.ജെ.പി നേതാക്കളായ ഡി.എന്‍. ജീവരാജ്, ശോഭ കരന്ദല്‍ജെ എന്നിവരുടെ വിജയത്തിനായി തെരഞ്ഞെടുപ്പുകളില്‍  പ്രവര്‍ത്തിച്ചിരുന്നു.

 

Latest News