Sorry, you need to enable JavaScript to visit this website.

മോഡി-പിണറായി നയങ്ങൾ ഒരുപോലെയെന്ന് സുധീരൻ

ആലക്കോട്- ഷഹീൻ ബാഗിലെ സമരത്തിൽ സുപ്രീം കോടതി നീതി നൽകാൻ താമസിപ്പിക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി നയിക്കുന്ന സഹന സമര പദയാത്രയുടെ ആലക്കോട് ബ്ലോക്കിലെ പര്യടന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതി ഷഹീൻ ബാഗിലെ സമരം അവസാനിപ്പിക്കാൻ മധ്യസ്ഥരെ നിയമിച്ചത് സ്വാഗതാർഹമാണെങ്കിലും വൈകി ലഭ്യമാവുന്ന നീതി നീതിനിഷേധത്തിന് തുല്യമാണ് എന്നുള്ളതുകൊണ്ട് സുപ്രീം കോടതിയിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത് ഭരണഘടന നൽകുന്ന മൗലികാവകാശം ജനങ്ങൾക്ക് ഉറപ്പു വരുത്താനുള്ള നടപടികളാണ് എന്നും വി.എം. സുധീരൻ പറഞ്ഞു.
ഷഹീൻ ബാഗിൽ ഉള്ള ബദൽ പാതകൾ ഒക്കെ സർക്കാർ അടച്ചുപൂട്ടിയിട്ടാണ് ജനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു എന്നു പറയുന്നത്. ജനങ്ങളെ ദ്രോഹിക്കുന്ന ദുർനടപടികളുമായി നരേന്ദ്രമോഡി മുന്നോട്ടു പോകുമ്പോൾ അതേ നയങ്ങളുമായി മുഖ്യമന്ത്രി പിണറായിയും മുന്നോട്ടു പോകുകയാണ്.


മോഡിയുടെ കേന്ദ്ര സർക്കാറും പിണറായി വിജയന്റെ സംസ്ഥാന സർക്കാറും ഒരേ പാതയിലൂടെ ഒരേ ശൈലിയിലൂടെ തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനവുമായി മുന്നോട്ടു പോകുന്ന അസാധാരണമായ കാഴ്ചക്കാണ് ജനങ്ങൾ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും അവസര സമത്വവും നിയമത്തിനു മുന്നിൽ എല്ലാവർക്കും തുല്യതയും ഉറപ്പു നൽകുന്ന രാജ്യത്തിന്റെ ഭരണഘടനയാണ് മോഡി തകർത്തെറിഞ്ഞുകൊണ്ടിരിക്കുന്നത്.
മതേതര രാഷ്ട്രമായ ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാനുള്ള വർഗീയ അജണ്ടയുമായിട്ടാണ് മോഡി മുന്നോട്ടു പോകുന്നത.്  നരേന്ദ്ര മോഡി ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്നത് പോലെ പിണറായി വിജയനും ഭരണഘടനാ വിരുദ്ധമായ പ്രവർത്തനങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത് -സുധീരൻ പറഞ്ഞു.
വർഗീയ അടിസ്ഥാനത്തിൽ ഇഷ്ടമില്ലാത്തവരെ ജീവിക്കാൻ അനുവദിക്കാത്ത നരേന്ദ്ര മോഡി ഒരു ഭാഗത്തും രാഷ്ട്രീയ അടിസ്ഥാനത്തിൽ ഇഷ്ടമില്ലാത്തവരെ ജീവിക്കാൻ അനുവദിക്കാത്ത പിണറായി വിജയൻ മറുഭാഗത്തും ഒരുപോലെ മുന്നോട്ട് പോകുന്നു.


നരേന്ദ്ര മോഡിയും പിണറായിയും ധൂർത്തുകളുടെ കാര്യത്തിലും സമാന ചിന്താഗതിയുമായിട്ടാണ് മുന്നോട്ടു പോകുന്നത്. നരേന്ദ്ര മോഡിയും പിണറായിയും സർക്കാറുകളുടെ പ്രതിഛായ മെച്ചപ്പെടുത്താൻ വേണ്ടി പണം ധൂർത്തടിക്കുന്ന കാര്യത്തിലും സമാന ചിന്താഗതിയിലാണ്.
സി.പി.എം നേതാക്കൾക്ക് പണം പിരിക്കാൻ പുതിയ മേച്ചിൽപുറങ്ങൾ തേടുന്നതിനാണ് ലോക കേരള സഭ നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു. 
ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്  ദേവസ്യ പാലപ്പുറം അധ്യക്ഷത വഹിച്ചു. ജാഥാ നായകൻ സതീശൻ പാച്ചേനി, നേതാക്കളായ കെ സി ജോസഫ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫ്, അഡ്വ. സോണി സെബാസ്റ്റ്യൻ, തോമസ് വെക്കത്താനം തുടങ്ങിയവർ പ്രസംഗിച്ചു.

Latest News