Sorry, you need to enable JavaScript to visit this website.

ഗോഡ്‌സെയുടെ പിൻഗാമികൾ ഇന്ത്യയെ നിരന്തരം വ്യഭിചരിക്കുന്നു- സന്ദീപാനന്ദഗിരി 

തളിപ്പറമ്പ്- മഹാത്മാഗാന്ധിജിയെ വധിച്ച ഗോഡ്‌സെയുടെ പിൻഗാമികൾ ഇന്ത്യയെ നിരന്തരം വ്യഭിചരിക്കുകയാണെന്ന് സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ തളിപ്പറമ്പിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ തീരുമാനങ്ങളും അവർ പാതിരാത്രിയിലാണ് എടുക്കാറുള്ളത്. നോട്ട് നിരോധന മടക്കമുള്ള എല്ലാ വിഡ്ഢിത്ത തീരുമാനങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചത് രാത്രിയുടെ യാമങ്ങളിലാണ്. അസുരന്മാരാണ് രാത്രിയേയും ഇരുട്ടിനേയും ഇഷ്ടപ്പെടുന്നത്. ഭാരതമാവുന്ന തറവാടിന്റെ ഓരോ കഷ്ണവും ഇവർ വിറ്റുമുടിക്കുകയാണ്. ചോദിച്ചാൽ പറയും നേരത്തെയുള്ള കാരണവന്മാരും വിറ്റിട്ടില്ലേയെന്ന്. കാരണവർ തറവാടിന്റെ ഒരു കഷ്ണം വിറ്റിട്ടുണ്ടെങ്കിൽ ഉത്തമനായ മകൻ , തറവാടിനോട് സ്‌നേഹമുള്ളവനാണെങ്കിൽ വിറ്റ ഭാഗം എങ്ങനെയെങ്കിലും തിരികെ വാങ്ങി സംരക്ഷിക്കുകയല്ലേ ചെയ്യേണ്ടത്.?-  സ്വാമി ചോദിച്ചു. ഇവർ ഗാന്ധിജിയേയും വിവേകാനന്ദ സ്വാമികളേയും അംഗീകരിക്കുമോ. വിവേകാനന്ദ സ്വാമികളെ അംഗീകരിക്കുന്നുവെങ്കിൽ ചിക്കാഗോ പ്രസംഗം അംഗീകരിക്കണം. പൗരത്വമാണ് അവിടെ പ്രസംഗിച്ചത്. ലോകത്തിന്റെ ഏത് കോണിൽ നിന്നും വരുന്നവരെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചവരാണ് ഭാരതീയർ. ഇന്ന് അങ്ങനെ വരുന്നവരെ ഡിറ്റൻഷൻ ക്യാമ്പിൽ തടവിലാക്കുന്നു. വിവേകാനന്ദ സ്വാമികൾ ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ ഇവർ അദ്ദേഹത്തെ തല്ലിക്കൊന്നേനെ. ധർമത്തെ രക്ഷിക്കുന്നവരല്ല, ധർമത്തെ കൊല്ലുന്നവരാണിവർ- സ്വാമി പറഞ്ഞു.
മഹാത്മാഗാന്ധിയെ അറ്റകൈയ്ക്ക് ഉപ്പു തേക്കാത്തവനെന്ന് വിളിച്ചത് സാക്ഷാൽ അമിത് ഷായാണ്. നാളെ അവർ ഗാന്ധിജി ഓട്ടോ തട്ടി കൊല്ലപ്പെട്ടുവെന്നോ, സ്വയം കഴുത്തു മുറിച്ച് ജീവനൊടുക്കിയെന്നോ എഴുതിവെക്കും. അതുകൊണ്ട് നമ്മുടെ കുട്ടികളെ നാം ചരിത്രം പഠിപ്പിക്കണം. ഇവർ മാറ്റിയെഴുതുന്നതിന് മുമ്പ് സത്യം അവരോട് പറഞ്ഞ് മനസിലാക്കിക്കൊടുക്കണം. ഗാന്ധിജിയുടെ സ്വപ്‌നം ആർട്ടിക്കിൾ 370 എടുത്തുകളയുകയെന്നതായി രുന്നില്ല. ഇന്ത്യയുടെ ഐക്യം ഊട്ടി ഉറപ്പിക്കുകയായിരുന്നു. വിഭജനകാലത്ത് നഗ്‌നപാദനായി അതിർത്തിയിലൂടെ നടന്നത് ഇതിനായിരുന്നു. ഇന്ന് ഹിന്ദു മഹാസഭ നുണ പ്രചരിപ്പിക്കുകയാണ്. ഇവരോട് ചോദിക്കണം ഗോഡ്‌സേ രാജ്യ ദ്രോഹിയാണോ, രാജ്യസ്‌നേഹിയാണോ എന്ന്. ഒറ്റവാക്കിൽ അവർ ഉത്തരം പറയില്ല. ഗാന്ധി വധത്തിലെ ആറാം പ്രതിയുടെ ഛായാചിത്രം പാർലമെന്റിലെ നടുത്തളത്തിലെ ചുവരിൽ ഗാന്ധിജിക്ക് അഭിമുഖമായി വെച്ചവരാണ് നമ്മെ ഭരിക്കുന്നതെന്ന സത്യം നാം തിരിച്ചറിയണമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.
പ്രൊഫ.കെ.ബാലൻ അധ്യക്ഷത വഹിച്ചു. പ്രൊഫ.ഇ.കുഞ്ഞിരാമൻ, എസ്.പി.രമേശൻ, എം.സന്തോഷ്, ടി.മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.
 

Latest News