Sorry, you need to enable JavaScript to visit this website.

പട്ടികളായി ജനിക്കും: സന്ന്യാസിക്ക് മറുപടി നല്‍കാന്‍ വേറിട്ട പ്രതിഷേധവുമായി വനിതകള്‍

ന്യൂദല്‍ഹി- ആര്‍ത്തവ സമയത്ത് ആഹാരം പാകം ചെയ്യുന്ന സ്ത്രീകള്‍ പട്ടികളായി പുനര്‍ജനിക്കുമെന്ന സ്വാമി നാരായണ്‍ ഭുജ് മന്ദിറിലെ സന്ന്യാസിയുടെ പ്രസ്താവനക്കെതിരെ ദല്‍ഹിയില്‍ വേറിട്ട പ്രതിഷേധവുമായി വനിതകള്‍. ഞായറാഴ്ച ആര്‍ത്തവ മഹാഭോജനം നടത്താന്‍ ഒരുങ്ങുകയാണ് ദല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വനിതകളുടെ സന്നദ്ധ സംഘടനയായ സാച്ചി സഹേലി.


ആര്‍ത്തവമുള്ള സ്ത്രീകള്‍ ഭക്ഷണം പാകം ചെയ്യുകയും വിളമ്പുകയും ചെയ്യുമെന്ന് സാച്ചി സഹേലി പ്രവര്‍ത്തക ഡോ. സുര്‍ഭി സിംഗ് പറഞ്ഞു. നിരവധി സ്‌കൂളുകളുടെയും കോേളജുകളുടെയും നടത്തിപ്പ് ചുമതലയുള്ള ഒരാളാണ് ആര്‍ത്തവം സംബന്ധിച്ചു വിവാദ പ്രസ്താവന നടത്തിയത്. ഭുജിലെ കോളേജില്‍ കഴിഞ്ഞ ദിവസം അറുപതു വിദ്യാര്‍ഥിനകളുടെ അടിവസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയതും വിവാദമായിരുന്നു. സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ കോളേജ് ജീവനക്കാര്‍ക്കും അധികൃതര്‍ക്കും എതിരേ കേസെടുത്തിട്ടുണ്ട്.


ആര്‍ത്തവ കാലത്തു ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീകള്‍ പട്ടികളായി പുനര്‍ജനിക്കേണ്ടി വരുമെന്ന ഭയമൊന്നും വേണ്ട. ആര്‍ത്തവമുള്ള സ്ത്രീകള്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്ന പുരുഷന്‍മാര്‍ കാളകളോ കഴുതകളോ ആയി പുനര്‍ജനിക്കുമെന്ന ഭയവവും വേണ്ട. ഇതു സംബന്ധിച്ചു സന്ന്യാസി പറഞ്ഞ വാക്കുകള്‍ ശരിയാണെങ്കില്‍ രാജ്യത്ത് പട്ടികളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ നിരവധി ഇരട്ടിയാകുമായിരുന്നുവെന്ന് ഡോ. സുര്‍ബി സിംഗ് പറഞ്ഞു.


പ്രതിഷേധമാണെങ്കിലും ആര്‍ത്തവ മഹാഭോജനം സൗജന്യമായിരിക്കില്ലെന്ന് ഡോ. സുര്‍ബി പറഞ്ഞു. നാമമാത്രമായ തുകയേ ഭക്ഷണത്തിന് ഈടാക്കൂ. ആര്‍ത്തവം പ്രകൃതിദത്തമായ ശാരീരിക പ്രക്രിയ മാത്രമാണെന്നും ഇതു സംബന്ധിച്ചു ആണ്‍കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കും ഇടയില്‍ കൂടുതല്‍ ബോധവല്‍ക്കരണം ഡോക്ടര്‍മാര്‍ ഉള്‍െപ്പടെയുള്ളവര്‍ നടത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

 

Latest News