Sorry, you need to enable JavaScript to visit this website.

ട്രംപിനെ തൃപ്തിപ്പെടുത്താൻ അരയും തലയും മുറുക്കി

ന്യൂദൽഹി- അടുത്ത ആഴ്ചയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെ തന്റെ ആദ്യ സന്ദർശനത്തിന് എത്തുന്നത്. രണ്ടാംവട്ടം പ്രസിഡന്റ് പോരാട്ടത്തിന് ഇറങ്ങാൻ തയ്യാറെടുക്കുന്ന ട്രംപിന് ഇന്ത്യാ സന്ദർശനം തന്റെ സ്വീകാര്യത ലോകത്തെ അറിയിക്കാനുള്ള വേദി കൂടിയാണ്. ‘ലക്ഷങ്ങളുടെ' കണക്ക് ട്രംപ് ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നതും ഇതിന്റെ ഭാഗം തന്നെ.
2019 സെപ്റ്റംബറിൽ ഹൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദർശനത്തിന്റെ ഭാഗമായി നടന്ന ‘ഹൗഡി മോഡി' പരിപാടിയിൽ 50,000 പേരാണ് സദസ്സിലുണ്ടായിരുന്നത്. വമ്പൻ ജനക്കൂട്ടം കണ്ട് അന്ന് ട്രംപ് അമ്പരന്നിരുന്നു. എന്തായാലും അമേരിക്കൻ പ്രസിഡന്റിന്റെ ആ മോഹം സഫലമാക്കാൻ അരയും തലയും മുറുക്കിയാണ് നരേന്ദ്ര മോഡിയുടെ സ്വദേശമായ ഗുജറാത്തിൽ ഒരുക്കങ്ങൾ നടക്കുന്നത്.
സർദാർ വല്ലഭായ് എയർപോർട്ടിൽ നിന്നും അഹമ്മദാബാദിലെ മൊട്ടേറാ സ്‌റ്റേഡിയത്തിലേക്കുള്ള വഴിയിലെ ചേരികൾ മതിൽകെട്ടി മറച്ചത് നേരത്തെ തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതുകൂടാതെ ചുമരുകൾ ജില്ലാ ഭരണകൂടം പെയിന്റ് ചെയ്ത് ഭംഗിയാക്കി വരികയാണ്. അഹമ്മദാബാദ് നഗരത്തിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളും തലവേദനയാണ്. ഇവയെ ട്രംപ് കാണാതെ മാറ്റാൻ മുനിസിപ്പാലിറ്റി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
യുപിയിലെ ആഗ്രയാണ് ട്രംപിന്റെ മറ്റൊരു സ്‌റ്റോപ്പ്. താജ് മഹലിന്റെ ഭംഗി ആസ്വദിക്കുമ്പോൾ മലിനീകരണം കൊണ്ട് പൊറുതിമുട്ടിയ യമുനാ നദിയിലേക്ക് 14000ഓളം ലിറ്റർ ജലം ഒഴുക്കി ഇത് വൃത്തിയാക്കാനാണ് അധികൃതരുടെ ശ്രമം.
 

Tags

Latest News