Sorry, you need to enable JavaScript to visit this website.

ശമ്പളവും ഇഖാമയുമില്ലാതെ ഹുറൂബിൽ കുരുങ്ങിയ യുവാവ് നാടണഞ്ഞു

റിയാദ്- ശമ്പളവും ഇഖാമയും ഇല്ലാതെ ഹുറൂബിൽ കുരുങ്ങി ദുരിതത്തിലായ യുവാവ് സാമൂഹ്യ പ്രവർത്തകരുടെയും പ്ലീസ് ഇന്ത്യ സംഘടനയുടെയും ശ്രമഫലമായി നാടണഞ്ഞു. റിയാദിൽ ഹൗസ് ഡ്രൈവറായ യു.പി സ്വദേശി അബ്ദുല്ല (32) യാണ്  റിയാദ് പ്ലീസ് ഇന്ത്യ ഇടപെടലിനെ തുടർന്ന് അന്യായമായ ഹുറൂബ് കോടതി നീക്കി നാട്ടിലേക്ക് തിരിച്ചത്.
  ജോലി ചെയ്തു വരുന്നതിനിടെ ഇഖാമ അടിക്കാതെയും കൃത്യമായി ശമ്പളം നൽകാതെയും അബ്ദുല്ലയെ ഹുറൂബിൽ കുടുക്കുകയായിരുന്നു. നേരത്തെ ബുറൈദയിൽ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുകയായിരുന്ന അദ്ദേഹം ജോലി ഉപേക്ഷിച്ച് പുതിയ വിസയിൽ ഹൗസ് ഡ്രൈവറായി റിയാദിലെത്തിയതായിരുന്നു. റിയാദിൽ ജോലി ചെയ്യുന്നതിനിടെ അബഹയിലേക്ക് താനാസുൽ മാറുകയും അവിടെ നിന്ന് സ്‌പോൺസറുടെ റിയാദിലെ ബന്ധു വീട്ടിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ കൃത്യമായി ശമ്പളം ലഭിക്കാതിരിക്കുകയും ആറു മാസമായി ഇഖാമ അടിക്കാതിരിക്കുകയും ചെയ്തതോടെ പ്ലീസ് ഇന്ത്യയെ ബന്ധപ്പെട്ട് എംബസിയിൽ പരാതി നൽകി. കേസിൽ ഇടപെടുന്നതിനുള്ള അനുമതിപത്രം ലത്തീഫ് തെച്ചിക്ക് എംബസിയിൽ നിന്ന് ലഭിക്കുകയും ചെയ്തു. ശേഷം ലേബർ കോടതിയിൽ പരാതി നൽകുകയായിരുന്നു. 
പല പ്രാവശ്യം കേസിന് വിളിച്ചിട്ടും ഒരു പ്രാവശ്യം മാത്രം ആണ് സ്‌പോൺസർ ഹാജരായത്. ശേഷം മഹ്കമ തൻഫീദിലേക്ക് കേസ് റഫർ ചെയ്തു. ഇതിനിടെ, സ്‌പോൺസർ അബ്ദുല്ലയെ അന്യായമായി ഹുറൂബാക്കുകയാണ് ഉണ്ടായത്. ഇതിനെതിരെ കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ഹുറൂബ് നീക്കി ഇഖാമ അടിച്ചു നൽകുകയും ചെയ്‌തെങ്കിലും പാസ്‌പോർട്ട് നൽകാൻ തയാറാകാത്തതിനെ തുടർന്ന് പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചി സ്‌പോൺസറെ നിരന്തരം ബന്ധപ്പെട്ടതിന്റെ ഫലമായി പാസ്‌പോർട്ട് ലഭിക്കുകയും പ്ലീസ് ഇന്ത്യ നൽകിയ ടിക്കറ്റിൽ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.
പ്ലീസ് ഇന്ത്യ വളണ്ടിയർമാരായ സലീഷ് മാസ്റ്റർ, ഷജീർ വള്ളിയോത്ത്, കരീം ഒളവട്ടൂർ, ഷാബിൻ ജോർജ്, ധിമേഷ് മാസ്റ്റർ, മൂസ, റബീഷ് കോക്കല്ലൂർ, പ്രജിത്ത് കൊല്ലം, ഷറഫു മണ്ണാർക്കാട് എന്നിവരും സഹായത്തിനുണ്ടായിരുന്നു.
 

Tags

Latest News