Sorry, you need to enable JavaScript to visit this website.

ഹലാല്‍ ഭക്ഷ്യ വ്യവസായം പിടിക്കാന്‍ ജപ്പാനിലെ ഒളിമ്പിക്‌സിലേക്ക് മലേഷ്യ

ക്വാലലംപൂര്‍- ഇന്ത്യ പാമോയില്‍ വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ടതിനെ മറികടക്കാന്‍ മലേഷ്യയുടെ പുതിയ നീക്കം.ജപ്പാനിലേക്ക് ഹലാല്‍ ഭക്ഷ്യ വ്യവസായത്തിന് ചുവടുറപ്പിക്കാനാണ് മലേഷ്യയുടെ തീരുമാനം. 2020 ടോകിയോ ഒളിമ്പിക്‌സില്‍ ഭക്ഷണം നല്‍കാനുള്ള വന്‍ കരാറുകളാണ് മലേഷ്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 9 വരെ നടക്കുന്ന കായിക മാമാങ്കത്തിന് എത്തുന്നവര്‍ക്ക് ഹലാല്‍ ഭക്ഷണം നല്‍കുന്നതിന് ടോകിയോയുമായി കരാറൊപ്പിച്ച ഏകരാജ്യമായി മലേഷ്യ മാറി. അമ്പത് മുസ്ലിം രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ ടോകിയോയിലെത്തുക. ഇവര്‍ക്ക് വെച്ചുവിളമ്പുക ഇനി മലേഷ്യയായിരിക്കും. ഇതുവഴി രാജ്യാന്തര ഹലാല്‍ വിപണിയില്‍ ആധിപത്യം അരക്കിട്ടുറപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍. 2018ല്‍ മലേഷ്യ 604 ദശലക്ഷം യുഎസ് ഡോളര്‍ വിലവരുന്ന ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ ജപ്പാനിലേക്ക് കയറ്റുമതി ചെയ്തിരുന്നു. രാജ്യത്തിന്റെ ഹലാല്‍ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള വന്‍ അവസരമായാണ് അവര്‍ ഒളിമ്പിക്‌സിനെ കാണുന്നത്.

2100 കോടിരൂപയാണ് ഈ കരാറിലൂടെ രാജ്യത്തിന് ലഭിക്കുക. 40 ദശലക്ഷം ടൂറിസ്റ്റുകളെങ്കിലും ഇത്തവണ ജപ്പാനിലെത്തും. എട്ട് ദശലക്ഷമെങ്കിലും മുസ്ലിങ്ങളായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ സഹാചര്യത്തില്‍ വന്‍ കൊയ്ത്താകും ഇവര്‍ നടത്തുക. നാസി ബിരിയാണി,റോട്ടി കനായ്,ചിക്കന്‍ ബിരിയാണി,ഫ്രൈഡ് റൈസ് തുടങ്ങിയ ജനപ്രിയ വിഭവങ്ങളെല്ലാം ഒളിമ്പിക്‌സിനുണ്ടാകും. ഒമ്പിക്‌സ് വഴി ജപ്പാന്റെ ഹൃദയം കീഴടക്കിയാല്‍ സ്ഥിരം വിപണിയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് മലേഷ്യന്‍ ഭക്ഷ്യനിര്‍മാണ കമ്പനിയായ മൈഷെഫ് സിഇഓ അഹമ്മദ് ഹുസൈനി ഹസ്സന്‍ അറിയിച്ചു.
ജാപ്പനീസ് റീട്ടെയ്‌ലിംഗ് കമ്പനിയായ അയോണുമായി സഹകരിച്ച് റെഡി ടു ഈറ്റ് ഹലാല്‍ വിഭവങ്ങളുടെയും സ്‌നാക്‌സുകളുടെയും വിപണി തുറക്കാന്‍ തയ്യാറെടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒളിംപിക്‌സ് സമയത്ത് 'മലേഷ്യ സ്ട്രീറ്റ് 2020' എന്ന പേരില്‍ പ്രമോഷന്‍ ഇവന്റും ജപ്പാനില്‍ സംഘടിപ്പിക്കുന്നുണ്ട്. മലേഷ്യന്‍ കമ്പനികള്‍ക്ക് ജപ്പാനില്‍ വലിയ സാധ്യതകളുണ്ടെന്ന് മലേഷ്യയിലെ ജാപ്പനീസ് എംബസിയിലെ ഇക്കണോമിക്‌സ് കൗണ്‍സിലര്‍ ഹിദെതോ നകാജിമ പറഞ്ഞു.2023 ആകുമ്പോഴേക്കും ഹലാല്‍ വ്യവസായം 2.6 ട്രില്യണ്‍ യുഎസ് ഡോളറിലെത്തുമെന്നും മലേഷ്യ അതിന്റെ മുഖ്യ ഭാഗമാകാന്‍ തയ്യാറെടുക്കുന്നുവെന്നും ഡബ്ലിന്‍ ആസ്ഥാനമായുള്ള ഡാറ്റാ സ്ഥാപനമായ റിസര്‍ച്ച് ആന്‍ഡ് മാര്‍ക്കറ്റ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കയും ചൈനയും ഉള്‍പ്പെടെയുള്ള അമുസ്ലിം രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ ഹലാല്‍ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്.

Latest News