Sorry, you need to enable JavaScript to visit this website.

ജയാരവങ്ങളുമായി ജയരാജൻ 

കെ. മധുവിന്റെ മമ്മൂട്ടി ചിത്രമായ ഒരു അഭിഭാഷകന്റെ കേസ് ഡയറിയിൽ ചെറിയ മോഷണങ്ങൾ നടത്തി ഉപജീവനം നടത്തുന്ന കള്ളൻ ദാമോദരനെ അവതരിപ്പിച്ചുകൊണ്ടാണ് ജയരാജൻ സിനിമയിലേക്ക് കടന്നുവന്നത്. എന്നാൽ നീണ്ട ഇരുപത്തിനാലു വർഷം വേണ്ടിവന്നു മലയാളികൾ ഈ നടനെ തിരിച്ചറിയാൻ. ശരിക്കും നിലത്തു നോക്കി നടക്കാനല്ല, മുഖത്തു നോക്കി നടക്കാനാണ് ഈ കാലത്ത് മനുഷ്യനെ പഠിപ്പിക്കേണ്ടതെന്ന സൂപ്പർ ഹിറ്റ് ഡയലോഗിലൂടെ മലയാളി മനസ്സിനെ കവർന്ന കോഴിക്കോടിന്റെ സ്വന്തം ജയരാജൻ.
'ആരും ശ്രദ്ധിക്കാത്തവരെ ആരെങ്കിലുമൊക്കെ ശ്രദ്ധിക്കുമ്പോൾ അവരുടെ മുഖം നമ്മളൊരിക്കലും മറക്കില്ല സാറെ...' എന്ന് ഹെലനിലെ സെക്യൂരിറ്റി പറയുമ്പോൾ അത് ആ സിനിമയുടെ ഗതി തിരിച്ചുവിടുകയായിരുന്നു. ഓഫീസിലേക്ക് കടന്നുവരുമ്പോൾ ചിരിച്ച് സലാം പറയുന്ന ഹെലൻ അദ്ദേഹത്തിന്റെ മനസ്സിൽ അത്രയേറെ സ്ഥാനം നേടിയിരുന്നു. ഒരു രാത്രിയിൽ അവൾ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല എന്നറിയുമ്പോൾ അവൾ ഇവിടെനിന്നും മടങ്ങിയിട്ടില്ല എന്ന് അദ്ദേഹത്തിന്റെ പിതാവിനെ അറിയിക്കുന്നിടത്താണ് ചിത്രത്തിന്റെ ക്ലൈമാക്‌സിന് ആധാരമാകുന്നത്.
വെസ്റ്റ്ഹിൽ അത്താണിക്കലിലുള്ള വീട്ടിൽ ഇപ്പോഴും അഭിനന്ദനങ്ങൾക്കു നടുവിലാണ് ഈ കലാകാരൻ. അരങ്ങിൽനിന്നും സിനിമയിലെ വെള്ളിവെളിച്ചത്തിലേക്കു കടന്നുവന്ന ഈ നടൻ തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ്.
'അഭിഭാഷകന്റെ ഡയറിക്കുറിപ്പിനു ശേഷം ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. എന്നാൽ ശ്രദ്ധിക്കപ്പെട്ടില്ല എന്നു മാത്രം. കേരളത്തിലെ ശ്രദ്ധേയരായ ഒട്ടേറെ സംവിധായകർക്കു കീഴിൽ അഭിനയിച്ചിട്ടുണ്ട്. ശ്രീനിയേട്ടന്റെ കൂടെ അഭിനയിച്ച പരിചയം വെച്ചാണ് വിനീതിനെ പരിചയപ്പെടുന്നത്. ഒരിക്കൽ ഒരു സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കേ അതിലെ ഒരു ചിത്രം വിനീതിന് അയച്ചുകൊടുത്തു. അതു കണ്ടാണ് എന്നെ വിളിക്കുന്നത്. ലൊക്കേഷനിലെത്തിയപ്പോഴാണ് വേഷത്തിൽ ചെറിയൊരു മാറ്റമുണ്ടെന്ന് അറിഞ്ഞത്. ആദ്യം പറഞ്ഞ വേഷത്തേക്കാൾ ചെറിയ വേഷമാണെങ്കിലും കഥയിലെ ഒരു പ്രധാന വേഷമാണെന്ന് പറഞ്ഞു. അഭിനയിക്കുമ്പോൾ ഇത്രയും മൈലേജ് കിട്ടുമെന്ന് അറിഞ്ഞിരുന്നില്ല. ചിത്രം പുറത്തിറങ്ങിയ അന്നു മുതൽ എന്റെ ഫോണിലേക്ക് പലയിടത്തുനിന്നും അഭിനന്ദനങ്ങൾ വന്നു തുടങ്ങി. സംവിധായകരും സഹസംവിധായകരുമെല്ലാം വിളിച്ചു. എവിടെ നിന്നാണ് ഇവർക്കെല്ലാം എന്റെ നമ്പർ കിട്ടിയതെന്നറിയില്ല. വല്ലാത്തൊരു അനുഭവമായിരുന്നു അത്' -ജയരാജൻ ഓർക്കുന്നു.
കുട്ടിക്കാലത്ത് തിരുവാതിരക്ക് അരങ്ങേറുന്ന പൊറാട്ടു നാടകങ്ങൾ കളിച്ചുകൊണ്ടായിരുന്നു തുടക്കം. പറയഞ്ചേരി സ്‌കൂളിൽ നാലാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ണൻ ചിരട്ട എന്ന നാടകത്തിൽ വേഷമിടാനുള്ള ആത്മധൈര്യം പകർന്നത് പൊറാട്ടു നാടകങ്ങളായിരുന്നു.  യുനൈറ്റഡ് ഡ്രമാറ്റിക് അക്കാദമിയുമായുള്ള അടുപ്പമാണ് ജയരാജനെ നല്ലൊരു ജാസ് വാദകനാക്കിയത്. പി.എം. താജിന്റെ നാടകങ്ങളിൽ നടനെന്നതിലുപരി സംഗീത സംവിധായകനായും പ്രവർത്തിച്ചു. മാന്ത്രികൻ പ്രദീപ് ഹുഡിനോയോടൊപ്പം മാജിക് ഷോയിലെ നടനും സംഗീത സംവിധായകനും ഷോ ഡയറക്ടറുമെല്ലാമായി.
ഇതിനിടയിൽ അറുപതോളം സിനിമകളിലും വേഷമിട്ടു. സത്യൻ അന്തിക്കാടിന്റെ എന്നും നന്മകൾ എന്ന ചിത്രത്തിലെ കണ്ടക്ടർ, ദ കിംഗിലെ എസ്.ടി.ഡി ഹംസ, കഥാപുരുഷനിലെ ജയിൽ പുള്ളി, നരനിലെ പെട്ടിക്കടക്കാരൻ ജോസ്, മീശ മാധവനിലെ ബാർബർ പുഷ്‌കരൻ, മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തിലെ കൈനോട്ടക്കാരൻ, മയിലാട്ടത്തിലെ പാൽക്കാരൻ, പെരുമഴക്കാലത്തിലെ തോണിക്കാരൻ, ബിജിത്ത് ബാലയുടെ നെല്ലിക്കയിലെ തബലിസ്റ്റ്... തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ. ആൾക്കൂട്ടത്തിലും പച്ചക്കറിച്ചന്തയിലും ചായക്കടക്കാരനായും കള്ളുഷാപ്പുകാരനായും കള്ളനുമായെല്ലാം സ്ഥിരമായി കുറെ കുഞ്ഞുവേഷങ്ങൾ. അതിനാൽ എവിടെയും അടയാളപ്പെടുത്താനായില്ല. സംഭാഷണം പോലുമില്ലാത്ത കുറെ വേഷങ്ങൾ...
ഹെലനിലൂടെ അത്തരമൊരു അവസ്ഥക്കാണ് മാറ്റം വന്നിരിക്കുന്നത്. സിനിമയുടെ ക്‌ളൈമാക്‌സിന്റെ വിധി നിർണയിക്കുന്ന കഥാപാത്രമായിരിക്കും എന്നൊന്നും അറിയില്ലായിരുന്നു. പറഞ്ഞറിയക്കാനാവാത്ത സന്തോഷം. ഇപ്പോൾ ഞാനും ഒരു നടനായിരിക്കുന്നു...' -ജയരാജിന്റെ വാക്കുകൾ മുറിയുന്നു.
ഹെലന്റെ തമിഴ് പതിപ്പിൽ വേഷമിടാനൊരുങ്ങുകയാണ് ജയരാജനിപ്പോൾ. ഇതിലും സെക്യൂരിറ്റിയായിത്തന്നെയാണ് വേഷമിടുന്നത്. കൂടാതെ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന നിവിൻ പോളിയും മഞ്ജു വാര്യരും അണിനിരക്കുന്ന പടവെട്ട് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ ജയരാജനെത്തുന്നുണ്ട്. വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എന്ന ചിത്രത്തിലും ജയരാജൻ അഭിനയിക്കുന്നു.
 

Latest News