Sorry, you need to enable JavaScript to visit this website.

കേരളം വിയർക്കുന്നു; മൂന്നാറിന് കുളിരുന്നു 

ഇടുക്കി -കത്തുന്ന സൂര്യന് കീഴെ കേരളം ഉരുകുമ്പോൾ തണുത്ത് വിറച്ച് മൂന്നാർ. കഴിഞ്ഞ പുലർച്ചെ പൂജ്യം ഡിഗ്രിയായിരുന്നു മൂന്നാറിലെ താപനില. ചെണ്ടുവര എസ്റ്റേറ്റ് ലോവർ ഡിവിഷനിലാണ്  കൊടുംതണുപ്പ് അനുഭവപ്പെട്ടത്. കനത്ത മഞ്ഞുവീഴ്ചയുമുണ്ടായിരുന്നു. വേനൽ ചൂടിൽ നിന്നും രക്ഷ തേടി സഞ്ചാരികളുടെ ഒഴുക്കാണ് മൂന്നാറിലേക്ക്. ഉത്തരേന്ത്യക്കാരാണ് കൂടുതലായും എത്തുന്നത്. ലോഡ്ജുകളിലും ഹോം സ്‌റ്റേകളിലും നല്ല തിരക്കാണ്. ഒപ്പം കനത്ത നിരക്കും. 
എല്ലപ്പെട്ടി, ചിറ്റുവര, കുണ്ടള എന്നീ എസ്റ്റേറ്റുകളിൽ ഒരു ഡിഗ്രിയായിരുന്നു ചൂട്. മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ അഞ്ച് ഡിഗ്രി മാത്രമാണ് ചൂട്. സംസ്ഥാനത്ത് മറ്റിടങ്ങളിൽ 34 ഡിഗ്രി വരെയാണ് പകൽ താപനില. ജനുവരിയിൽ മൂന്നാർ ടൗൺ, ലക്ഷ്മി, കന്നിമല, എല്ലപ്പെട്ടി എന്നിവിടങ്ങളിൽ താപനില മൈനസിൽ എത്തിയിരുന്നു. എന്നാൽ ഫെബ്രുവരിയിൽ താപനില പൂജ്യത്തിൽ എത്തുന്നത് അസാധാരണമാണ്. 
2018, 2019 വർഷത്തെ പ്രളയം മൂന്നാറിലെ ടൂറിസം മേഖലക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. പ്രളയം വിതച്ച നാശം അന്തർദേശീയ തലത്തിൽ വാർത്തയായതിനെ തുടർന്ന് വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുളള ബുക്കിംഗുകൾ പലതും റദ്ദായി. 13 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി 2018 ൽ പൂത്തപ്പോൾ ഇതിൽ നിന്നും ആയിരം കോടി രൂപയുടെ വരുമാനമാണ് ടൂറിസം മേഖല പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതിവർഷത്തിൽ നീലക്കുറിഞ്ഞി പൂക്കൾ നശിച്ചതോടെ ആ പ്രതീക്ഷയും അസ്ഥാനത്തായി. ഇപ്പോഴത്തെ കാലാവസ്ഥ നിലനിന്നാൽ പ്രതീക്ഷക്ക് വകയുണ്ടെന്ന് വിനോദ സഞ്ചാര മേഖലയിലുളളവർ പറയുന്നു.

Latest News