Sorry, you need to enable JavaScript to visit this website.

കാൻകോർ ഇൻഗ്രേഡിയന്റ്‌സിന് വൻ വിപുലീകരണ പദ്ധതി 

ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളിൽ ഒന്നായ കൊച്ചി ആസ്ഥാനമായ കാൻകോർ ഇൻഗ്രേഡിയന്റ്‌സ് സുവർണ ജൂബിലി വർഷത്തിൽ വൻ ബിസിനസ് വിപുലീകരണത്തിന് ഒരുങ്ങുന്നു. 1969 ൽ സ്ഥാപിതമായ കമ്പനി മൂന്ന് വർഷത്തേക്കുള്ള വിപുലീകരണ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.  ഫ്‌ളേവറുകളും ഫ്രാഗ്രൻസുകളും ഉൽപാദിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഫ്രാൻസ് ആസ്ഥാനമായ മാൻ ഗ്രൂപ്പിന്റെ ഭാഗമായ കാൻകോർ ഇൻഗ്രേഡിയന്റ്‌സ് ഉൽപാദന യൂനിറ്റുകളും പുത്തൻ സാങ്കേതിക വിദ്യകളും വികസിപ്പിക്കുന്നതിനായി കഴിഞ്ഞ നാല് വർഷത്തിൽ 125 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. അടുത്ത 36 മാസത്തിൽ ഇനിയും 150 കോടി രൂപ കൂടി  നിക്ഷേപിക്കുമെന്ന് കമ്പനി സിഇഒയും ഡയറക്ടറുമായ ജീമോൻ കോരാ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാൻകോർ ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് ഡയറക്ടർ സജി ജോസഫ് വെള്ളാനിക്കാരൻ, എച്ച്ആർ ഡയറക്ടർ ശന്തനു ബന്ദുരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.     
പദ്ധതി പ്രകാരം കേരളം, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കാൻകോറിന്റെ ഫാക്ടറികളാണ് വിപുലീകരണം. കർണാടകയിലെ ബ്യാഡ്ഗിയിൽ നിലവിലുള്ള ഫാക്ടറിക്ക് സമീപം പുതിയ ഫാക്ടറി സ്ഥാപിക്കും. ഇതിനായി 50 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. അടുത്ത 25-30 വർഷങ്ങളിൽ കാൻകോറിന്റെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ സംസ്‌കരണ കേന്ദ്രമായിരിക്കും ബ്യാഡ്ഗിയിലേതെന്നും ജീമോൻ കോര പറഞ്ഞു. ഉത്തർപ്രദേശിലെ ബറേയ്‌ലിയിലുള്ള രണ്ട് ഫാക്ടറികളുടെ വിപുലീകരണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. അങ്കമാലിയിലുള്ള ഫാക്ടറിയിൽ ഗവേഷണത്തിനും നൂതന ഉൽപന്നങ്ങൾക്കും ഊന്നൽ നൽകിയുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. വികസന പ്രവർത്തനങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കും. കമ്പനിയുടെ ജീവനക്കാർക്കും ഓഹരിയുടമകൾക്കും ബിസിനസ് പങ്കാളികൾ അടക്കമുള്ളവർക്കുള്ള സുവർണ ജൂബിലി സമ്മാനമാണിതെന്നും ജീമോൻ വ്യക്തമാക്കി. 
എല്ലാ കാര്യത്തിലും മികവ് പുലർത്തുന്നതിലാണ് കമ്പനിയുടെ വിജയ രഹസ്യം. അസംസ്‌കൃത വസ്തുക്കളുടെ ശേഖരണം മുതൽ എല്ലാ പ്രക്രിയകളിലും കമ്പനി കണിശമായ മാതൃകകൾ നിലനിർത്തുന്നു. അസംസ്‌കൃത വസ്തുക്കൾ ലഭ്യമാക്കുന്ന കർഷകർക്ക് ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുന്നതിന് പുറമെ അവർക്ക് തക്കതായ വരുമാനം ലഭിക്കുന്നുവെന്ന് കമ്പനി ഉറപ്പുവരുത്തുകയും ചെയ്യുന്നു. കാൻകോറിൽ നിലവിൽ 600 ലേറെ ജീവനക്കാർ ജോലി ചെയ്യുന്നു. ഉത്തർപ്രദേശിലെ ബറേയ്‌ലിയിലെ പുതിന തോട്ടങ്ങളിൽ വിള മെച്ചപ്പെടുത്തുന്നതിനും അതിലൂടെ കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്നതിനും നിരവധി സുസ്ഥിര കാർഷിക പ്രവർത്തനങ്ങളിൽ കമ്പനി ഏർപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ മുളക്, ഇഞ്ചി, മഞ്ഞൾ, ഇഞ്ചിപ്പുല്ല്, റോസ്‌മേരി, ട്യൂബ്‌റോസ് തുടങ്ങിയവയുടെ വിള മെച്ചപ്പെടുത്തുന്നതിന് ഐ.ടി അധിഷ്ഠിത സേവനങ്ങൾക്കും കമ്പനി നേതൃത്വം നൽകുന്നു. 

Latest News