Sorry, you need to enable JavaScript to visit this website.

അഭയാർഥികളുടെ സ്‌നേഹ ദൂതിക

തലമുറകളുടെ ജീവരക്തം കുതിർന്ന സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെടുക എന്നതിലേറെയൊരു മഹാദുരന്തം മനുഷ്യനെ വേറെ വേട്ടയാടാനില്ല. വീട്ടിൽ നിന്നും നാട്ടിൽ നിന്നും ഭ്രഷ്ടരാക്കപ്പെട്ടവരുടെ കഷ്ടരാത്രികളിലെ കണ്ണീരുപ്പ് രുചിച്ചാണ് ഡോ. ഹിന ഇബ്രാഹിം എന്ന ചെറുപ്പക്കാരിയായ ശിശുരോഗ വിദഗ്ധ ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ഹൈക്കമ്മീഷനുമായി സഹകരിച്ച് അഭയാർഥിക്കൂടാരങ്ങളിൽ സന്നദ്ധ സേവനം നടത്തിക്കൊണ്ടിരിക്കുന്നത്. റോഹിംഗ്യയുടെ രോദനവും കുർദിഷ് കുഞ്ഞുങ്ങളുടെ പിടച്ചിലും ഹിനയുടെ മനസ്സിനെ സദാ പിടിച്ചുലയ്ക്കുന്നു. അവർ പറഞ്ഞു: ഞാൻ ഇവിടെ നിന്ന് വീണ്ടും പോകുന്നത് മ്യാൻമർ-ബംഗ്ലാദേശ് അതിർത്തിയിലേക്ക്. അവിടത്തെ കൂടാരങ്ങളിൽ ചുണ്ട് വരണ്ട കുരുന്നുകളും മുലപ്പാൽ വറ്റിയ അമ്മമാരുമുണ്ട്. പോഷകാഹാരക്കിറ്റുകളുമായുള്ള ഞങ്ങളുടെ മൂന്നാമത്തെ യാത്രയാണിത്. 

മനുഷ്യന്റെ പ്രസ്ഥാനങ്ങളത്രയും 
അവനിൽനിന്ന് അന്യവൽക്കരിക്കുകയും
അവനെതിരെ തിരിഞ്ഞുകൊണ്ടിരിക്കുകയും 
ചെയ്യുന്നു. പടയാളികൾക്കെല്ലാം പിന്നീട്, 
അവർ പൊരുതി നേടിയതിൽനിന്ന് അഭയം 
തേടിയോടേണ്ടിവരുന്നു. പടനിലങ്ങളും 
ശവപ്പറമ്പുകളും മാറി മാറിക്കടന്നുപോന്ന്, 
തളർന്ന് മടുത്തുനിൽക്കുന്ന ആധുനിക 
മനുഷ്യന്റെ മുമ്പിൽ മാനവ ചരിത്രം 
നിതാന്തമായ ഒരു അഭയാർത്ഥി പ്രവാഹത്തിന്റെ 
രൂപം കൊള്ളുന്നു. ഒരിടത്തുനിന്ന് 
വേറൊരിടത്തേക്കല്ലെങ്കിൽ ഒരു 
കാലത്തിൽനിന്ന് വേറൊരു കാലത്തിലേക്ക് 
വിഴുപ്പുഭാണ്ഡവും ചട്ടിയും കലവും 
ചുരുൾപ്പായയും പേറിക്കൊണ്ട് മനുഷ്യൻ 
അഭയം തേടി നീങ്ങിക്കൊണ്ടേയിരിക്കുന്നു. 

ആനന്ദ്- അഭയാർഥികൾ 

എല്ലാം നഷ്ടപ്പെട്ട് സ്വന്തം നാടും വീടും വിട്ടോടി ഒരു നേരത്തെ വിശപ്പകറ്റാനും തലയൊന്ന് ചായ്ക്കാനും അന്യദേശക്കാരന്റെ കനിവ് കാത്ത് തെരുവ് യാചകരെപ്പോലെ കൈനീട്ടേണ്ടി വരിക. ഏത് നിമിഷവും അതിഭീകരമായ തടവറകളിലേക്ക് എടുത്തെറിയപ്പെടുക. തലേന്ന് വരെ തങ്ങളുടെ ജലവും ചോരയും കൊണ്ട് നനയിച്ച മണ്ണിൽ, സ്‌നേഹം കൊണ്ട് പുഷ്പിച്ച ചെടികളും സ്വാതന്ത്ര്യത്തിന്റെ സ്വഛവായുവും പിന്നിലുപേക്ഷിച്ച്, തലമുറയായി പിതാമഹൻമാരുടെ ആത്മാക്കളുറങ്ങുന്ന അസ്ഥിത്തറകൾ മറവിയിലേക്ക് തള്ളി, അതിര് കടന്ന് പോകേണ്ടി വരിക. സമാധാന നൊബേൽ നേടിയവളുടെ മിലിട്ടറി ജുണ്ട, ആയിരം മുനകളിൽ വിഷം പുരട്ടിയ അമ്പുകളുമായി അനവരതം പിന്തുടരുക. 


അതെ, അഭയാർഥികളുടെ മഹാദുരന്തം ആദ്യമായി നേരിൽ കണ്ടത് പഗോഡകളുടെ മേൽപുരകളിൽ ബുദ്ധപ്രസാദം നിറഞ്ഞ മ്യാൻമറിൽ. റോഹിംഗ്യൻ മുസ്‌ലിംകളെ ആട്ടിപ്പായിക്കുന്ന ദുരന്ത ദൃശ്യങ്ങൾക്ക് നടുവിൽ നിന്നാണ് അമേരിക്കയിലെ ഇല്ലിനോയ്‌സിൽ ശിശുരോഗ വിദഗ്ധയായ ഡോ. ഹിന ഇബ്രാഹിം, സന്നദ്ധ സേനാംഗങ്ങളോടൊപ്പം ചേർന്ന് റെഫ്യൂജി ക്യാമ്പിൽ നിന്ന് ക്യാമ്പുകളിലേക്ക് സ്‌നേഹ ദൂതുമായി ദേശാടനം നടത്തുന്നത്. ജീവിതം അഭയാർഥികൾക്കായി നീക്കിവെച്ച ത്യാഗസന്നദ്ധയായ വനിത.
മ്യാൻമറിലെ തടങ്കൽ പാളയങ്ങളിൽ കൊടിയ മർദനങ്ങളേൽക്കുന്ന ഇരകൾക്ക് മരുന്നും മറ്റു സഹായങ്ങളും നൽകുമ്പോൾ ഹിനയും കൂട്ടുകാരികളും ചിന്തിച്ചുവത്രേ: 
അഹിംസ പഠിപ്പിച്ച ശ്രീബുദ്ധന്റെ അനുയായികൾ തന്നെയോ ഈ ബർമക്കാർ എന്ന്. അബുദാബിയിൽ ചേർന്ന 145 രാജ്യങ്ങളിൽ നിന്നുള്ള വേൾഡ് മുസ്‌ലിം കമ്യൂണിറ്റീസ് കൗൺസിലിന്റെ പ്രതിനിധികളിലൊരാളായ ഡോ. ഹിനയുടെ കരളുരുകിയ ഈ സംസാരം ആർദ്ര മിഴികളോടെയാണ് കേട്ടിരുന്നത്.
സിറിയൻ അഭയാർഥികൾക്കിടയിൽ, ഫലസ്തീൻ അഭയാർഥികൾക്കിടയിൽ ഡോ. ഹിനയും സംഘവും ജീവകാരുണ്യത്തിന് പുതിയ പാഠങ്ങൾ പകർന്നു. മാസങ്ങളോളം അഭയാർഥി ക്യാമ്പുകളിൽ താമസം....ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക്. എല്ലാ അഭയാർഥി ക്യാമ്പുകളും പുറമ്പോക്ക് ഭൂമിയിലേക്ക് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അവിരാമമായ സങ്കടപ്പെയ്ത്തിൽ നനഞ്ഞു കുതിരുന്നു...
*** 
വർഷങ്ങൾക്ക് മുമ്പ് പെഷാവറിൽ നിന്ന് ചിക്കാഗോയിലേക്ക് കുടിയേറിയതാണ് ഡോ. ഹിനയുടെ കുടുംബം. ലൊയോള യൂനിവേഴ്‌സിറ്റിയിൽ നിന്ന് 'അന്താരാഷ്ട്ര ബന്ധങ്ങൾ' എന്ന വിഷയത്തിൽ ബിരുദം. ഗ്രനേഡ സെന്റ് ജോർജ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് മെഡിസിൻ പഠനം. ചിക്കാഗോ കുക്കി കൗണ്ടി ഹോസ്പിറ്റലിൽ ശിശുരോഗ ചികിൽസയിൽ പരിശീലനം. തുടർന്ന് സെന്റ് ആന്റണീസ് ഹോസ്പിറ്റലിൽ പീഡിയാട്രിഷ്യൻ. ആംബുലേറ്ററി സർവീസസിൽ മെഡിക്കൽ ഡയറകടർ പദവിയും ഡോ. ഹിന ഇബ്രാഹിം വഹിക്കുന്നു.
മാസിഡോണിയൻ അതിർത്തിയിലെ സിറിയൻ-കുർദിഷ് അഭയാർഥികളുടെ അനന്തമായ പ്രവാഹവും അവരുടെ സംഘത്തിലെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ക്ലേശങ്ങളും കണ്ടപ്പോഴാണ് സ്വന്തം നാട്ടിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട് അന്യനാട്ടുകാരുടെ അലിവിനായി പലായനം ചെയ്യുന്നവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയതെന്ന് ഹിന പറയുന്നു. വീട്ടുകാരും നാട്ടുകാരും ആശുപത്രി മാനേജ്‌മെന്റും സപ്പോർട്ട് ചെയ്തു. നാടും വീടും വിട്ട് പലായനം ചെയ്യുന്നതിനിടെ മെഡിറ്ററേനിയൻ കടലിടുക്കിന് സമീപം മരിച്ചു കിടന്ന മൂന്നു വയസ്സുള്ള ഐലൻ കുർദിയുടെ നടുക്കുന്ന ചിത്രം ലോകത്തെ കണ്ണീരണിയിച്ചത് കൂടി കാൺകെ ഹിനാ ഇബ്രാഹിം അഭയാർഥികൾക്കായുള്ള ആരോഗ്യ ചികിൽസാ രംഗത്ത് സജീവമാവുകയായിരുന്നു. 


രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം കണ്ട കൊടിയ ദുഃഖകരമായ ദൃശ്യങ്ങളാണ് മ്യാൻമറിന്റെയും സിറിയയുടെയും അതിർത്തികളിൽ കണ്ടത്. ഗ്രീസിലേക്ക് കുടിയേറിയ കുർദുകൾക്കായി മരുന്നും ഭക്ഷണവുമായി ഹിനയും സംഘവും ഏതൻസ് ലക്ഷ്യമാക്കി പറന്നു. വ്യത്യസ്ത കാലാവസ്ഥകളോട് പൊരുതിയാണ് അവർ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയത്.  കെട്ടിപ്പൊക്കിയ കൂടാരങ്ങളിൽ സുരക്ഷിതത്വം കുറഞ്ഞ ടാർപോളിനുകൾക്ക് ചുവടെ സ്ത്രീകളും കുട്ടികളും വൃദ്ധരുമൊക്കെ അന്തിയുറങ്ങുന്ന ദൈന്യ ദൃശ്യങ്ങൾ. പ്രാഥമിക സൗകര്യങ്ങൾക്ക് പോലും ക്ലേശിക്കുന്ന പതിനായിരങ്ങൾ. റോഹിംഗ്യയിലെ മുസ്‌ലിം അഭയാർഥികൾ ലോക മനഃസാക്ഷിക്ക് മുന്നിൽ ചോദ്യചിഹ്നമുയർത്തി നിൽക്കുന്നു. രാഷ്ട്രീയ പരിഹാരത്തിനായുള്ള ആഗോള സമ്മർദങ്ങളൊന്നും ഫലം കാണാതെ പോകുന്നു. 
മെഡ്‌ഗ്ലോബൽ എന്ന് പേരുള്ള ലോക ഹ്യുമാനിറ്റേറിയൻ സർവീസ് സംഘടനയുടെ ഡയറക്ടർ ബോർഡംഗം കൂടിയാണ് ഡോ. ഹിന. സംഘർഷ മേഖലകളിലും അഭയാർഥി കൂടാരങ്ങളിലും ചികിൽസാ സംഘങ്ങളെ നയിച്ച് അവർ പറക്കുന്നു. മാസിഡോണിയക്കും മ്യാൻമറിനും പുറമെ പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ജോർദാനിലെയും അതിർത്തികളിൽ ആത്മരക്ഷയ്ക്കായി കേഴുന്ന ആയിരക്കണക്കിന് അഭയാർഥി കുടുംബങ്ങളിലും ആശ്വാസത്തിന്റെ തെളിനീരുമായി ഹിനയും കൂട്ടുകാരും സഞ്ചരിക്കുന്നു. രോഗബാധിതരായ കുഞ്ഞുങ്ങളെ വിദഗ്ധ ചികിൽസക്കായി നഗരങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റുന്നു. 
യുനൈറ്റഡ് നാഷൻസ് ഹൈക്കമ്മീഷൻ ഫോർ റെഫ്യൂജീസ് (യു.എൻ.എച്ച്.സി.ആർ) കണക്കനുസരിച്ച് 46 ലക്ഷം അഭയാർഥികളിൽ പാതിയും കുട്ടികളാണ്. പ്രാഥമികമായ ആരോഗ്യ പരിരക്ഷയോ ചികിൽസാ സംവിധാനമോ ഇവർക്ക് അന്യമാണ്. ക്യാമ്പുകളിലെയും തടങ്കൽ പാളയങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും വാസം അവരെയത്രയും അർധപ്രാണരാക്കി മാറ്റിയിരിക്കുന്നു. റെഫ്യൂജി ക്യാമ്പുകളിൽ പ്രസവവും മരണവും നടക്കുന്നു. ഞെട്ടിത്തരിക്കുന്ന കാഴ്ചകൾക്കാണ് ഓരോ ദിവസവും സാക്ഷ്യം വഹിക്കേണ്ടതെന്ന് ഹിന പറയുന്നു. പല ദൃശ്യങ്ങളും  കണ്ട് മനസ്സ് മരവിച്ചുപോയി. പഠനം മുടങ്ങിയ കുട്ടികൾ. കളിചിരികൾക്ക് പകരം കണ്ണീരുണങ്ങാത്ത കവിളുകളുമായി കൊച്ചുകുരുന്നുകൾ. അവരുടെ നിസ്സഹായരായ മാതാപിതാക്കൾ. 
ഗർഭിണികളെ പരിചരിക്കാൻ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ മറപ്പുരകളിലാണ് വനിതാ ഡോക്ടർമാരുടെ സേവനം. സഞ്ചരിക്കുന്ന ആശുപത്രികളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഡോക്ടർമാരും നഴ്‌സുമാരും പാരാ മെഡിക്കൽ സ്റ്റാഫുമടങ്ങുന്ന സന്നദ്ധ പ്രവർത്തകരുടെ സംഘം. 


- ഗ്രീക്ക് അതിർത്തിയിലെ അറബ് വംശജരായ അഭയാർഥികളിൽ പലരും വിദ്യാസമ്പന്നരാണ്. കലാലയങ്ങളിൽ നിന്ന് ഡ്രോപ് ഔട്ടുകളായ നിരവധി പെൺകുട്ടികളെയും ആൺകുട്ടികളെയും ഞാനവിടെ കണ്ടു. ഏറെ ദുഃഖകരമാണ് അവരുടെ അവസ്ഥ. സിറിയയിലെ ഇദ്‌ലിബിലെയും അവസ്ഥ ഇത് തന്നെ -ഹിന അഭിപ്രായപ്പെട്ടു. 
കൂടാരങ്ങളിലെ ജീവിതം ഏറെ വ്യത്യസ്തതകൾ പകരുന്നു. ജീവിതത്തിന്റെ പാരുഷ്യങ്ങളോട് പൊരുതിയാണ് ഓരോ അഭയാർഥിയും അതിജീവനം നടത്തുന്നത്. ആധുനിക ലോകം പക്ഷേ ഈ നടുക്കുന്ന സത്യങ്ങൾക്ക് നേരെ പലപ്പോഴും കണ്ണടച്ച് കളയുന്നുവെന്നതാണ് വലിയ ദുരന്തമെന്നത് ഏറെ സങ്കടകരമാണ് -ഡോ. ഹിന ഇബ്രാഹിം കൂട്ടിച്ചേർത്തു. 

Latest News