Sorry, you need to enable JavaScript to visit this website.

യൂവെക്ക് വെല്ലുവിളി

ഇന്റർ മിലാൻ... വിജയക്കുതിപ്പ്.

എട്ടു വർഷമായി യുവന്റസിന്റെ കുത്തകയാണ് ഇറ്റാലിയൻ ഫുട്‌ബോൾ ലീഗ്. എന്നാൽ പൊടുന്നനെ അവർക്ക് ഇരട്ട വെല്ലുവിളി ഉയർന്നിരിക്കുകയാണ്. ഇന്റർ മിലാനും ലാസിയോയും യുവന്റസും തമ്മിലുള്ള ത്രികോണപ്പോരാട്ടമായി മാറി ലീഗ്. 

കഴിഞ്ഞ എട്ടു വർഷമായി യുവന്റസിന്റെ കുത്തകയാണ് ഇറ്റാലിയൻ ഫുട്‌ബോൾ ലീഗ്. എന്നാൽ പൊടുന്നനെ അവർക്ക് ഇരട്ട വെല്ലുവിളി ഉയർന്നിരിക്കുകയാണ്. ഇന്റർ മിലാനും ലാസിയോയും യുവന്റസും തമ്മിലുള്ള ത്രികോണപ്പോരാട്ടമായി മാറി ലീഗ്. 
കഴിഞ്ഞ വാരം ഹെലാസ് വെറോണയോട് യുവന്റസ് തോറ്റു. ഇന്ററും ലാസിയോയും തങ്ങളുടെ കളികൾ ജയിച്ചു. യുവന്റസിന്റെ കുത്തകക്ക് വലിയ ഭീഷണിയാണ് ഇരു ടീമുകളും ഉയർത്തുന്നത്. 
മിലാൻ ഡാർബിയിൽ ഇന്റർ മിലാൻ 4-2 ന് എ.സി മിലാനെ തോൽപിച്ചു. ഇതോടെ ഇന്റർ പോയന്റ് പട്ടികയിൽ യുവന്റസിനൊപ്പമെത്തി. ആന്റി റെബിച്ചിന്റെയും സ്ലാറ്റൻ ഇബ്രഹിമോവിച്ചിന്റെയും ഗോളുകളിൽ ഇടവേളയിൽ 2-0 ന് മുന്നിലെത്തിയ ശേഷമാണ് എ.സി മിലാൻ തോറ്റത്. രണ്ടാം പകുതിയിൽ ബ്രോസൊവിച്, മറ്റിയാസ് വെസീനൊ, സ്റ്റീഫൻ ഡിവ്രി, റൊമേലു ലുകാകു എന്നിവർ ഇന്ററിനു വേണ്ടി ലക്ഷ്യം കണ്ടു. ഇന്ററിനും യുവന്റസിനും ഒരു പോയന്റ് പിന്നിലാണ് ലാസിയൊ. പാർമയെ 1-0 ന് ലാസിയൊ കീഴടക്കി. ക്ലബ് റെക്കോർഡായ തുടർച്ചയായ പതിനെട്ടാമത്തെ അപരാജിത മത്സരമായിരുന്നു അത്. നാലാം സ്ഥാനത്തുള്ള അത്‌ലാന്റയെക്കാൾ 11 പോയന്റ് മുന്നിലാണ് ലാസിയൊ. ചാമ്പ്യൻസ് ലീഗ് സ്ഥാനം ഏതാണ്ടുറപ്പ്. എന്നാൽ ചാമ്പ്യൻസ് ലീഗ് സ്ഥാനമല്ല ഇറ്റാലിയൻ ലീഗ് കിരീടമാണ് ലക്ഷ്യമെന്ന് ലാസിയൊ വിംഗർ ലൂയിസ് ആൽബർടൊ പറഞ്ഞു. 


കണക്കുകൾ യുവന്റസിനോടൊപ്പമല്ല. നേടിയ ഗോളുകളുടെ എണ്ണം പരിഗണിക്കുമ്പോൾ ആക്രമണത്തിൽ ലീഗിലെ നാലാമത്തെ മികച്ച ടീമാണ് അവർ. വഴങ്ങിയ ഗോളുകളുടെ എണ്ണം പരിഗണിക്കുമ്പോൾ പ്രതിരോധത്തിൽ മികച്ച മൂന്നാമത്തെ ടീമും. എന്നാൽ യുവന്റസിന് ഇനി നേരിടാനുള്ളത് ദുർബലരായ എതിരാളികളെയാണ് -ബ്രേസിയയെ. അതേസമയം ഇന്ററും ലാസിയോയും പരസ്പരം ഏറ്റുമുട്ടും. 


വെറോണയോടാണ് അവസാന മത്സരത്തിൽ യുവന്റസ് തോറ്റത്. വെറോണയുടെ കുതിപ്പും അമ്പരപ്പിക്കുന്നതാണ്. കഴിഞ്ഞ എട്ട് മത്സരങ്ങളിൽ അവർ അപരാജിതരായി മുന്നേറുന്നു. കഴിഞ്ഞ ഡിസംബറിൽ ടൂറിനോക്കെതിരെ മൂന്നു ഗോളിന് പിന്നിലായ ശേഷം 3-3 സമനില നേടിയാണ് ജൈത്രയാത്ര തുടങ്ങിയത്. 
യുവന്റസിനെതിരായ വിജയമുറപ്പിച്ചത് മുപ്പത്തഞ്ചുകാരനായ മുൻ ഇറ്റാലിയൻ സ്‌ട്രൈക്കർ ജിയാംപോളൊ പാസീനിയുടെ പെനാൽട്ടിയിലൂടെയാണ്. വെറോണ രണ്ടാം ഡിവിഷനിലായിരുന്ന രണ്ടു സീസണിൽ വരെ ടീമിനൊപ്പം നിന്ന കളിക്കാരനാണ് പാസീനി. 


കഴിഞ്ഞ വാരത്തിലെ മികച്ച പ്രകടനം രണ്ട് ആഫ്രിക്കൻ കളിക്കാരിൽ നിന്നാണ്. ഇരുപത്തൊന്നുകാരൻ മൂസ ബാറോ, ജെറമി ബോഗ എന്നിവരിൽ നിന്ന്. റോമക്കെതിരായ 3-2 വിജയത്തിൽ ഗാംബിയക്കാരൻ ഫോർവേഡ് മൂസ രണ്ടു ഗോളടിച്ചു. ക്ലബ്ബിനു വേണ്ടി ആദ്യമായാണ് മൂസ സ്റ്റാർടിംഗ് ഇലവനിൽ ഇറങ്ങിയത്. പുതിയ ക്ലബ്ബിനു വേണ്ടി നാലു കളികളിൽ മൂന്നു ഗോളടിച്ചു. 
ഇരുപത്തിമൂന്നുകാരനായ മിഡ്ഫീൽഡർ ബോഗ ഫ്രാൻസിലാണ് ജനിച്ചത്. ഐവറികോസ്റ്റിനെ പ്രതിനിധീകരിക്കുന്നു. സ്പാലിനെതിരെ പിന്നിൽ നിന്ന ശേഷം സസൂലോ നേടിയ 2-1 വിജയത്തിന്റെ സൂത്രധാരനായിരുന്നു ബോഗ. ഒരു പെനാൽട്ടി നേടിയെടുക്കുകയും അവസാന വേളയിൽ വിജയ ഗോളടിക്കുകയും ചെയ്തു. ബോഗയുടെ ഡ്രബഌംഗ് മികവ് ഇറ്റാലിയൻ ലീഗിൽ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. പൂർണതയുള്ള കളിക്കാരനാണ് താനെന്ന് അതിവേഗം തെളിയിച്ചു കൊണ്ടിരിക്കുന്നു. ചെൽസിയുടെ യൂത്ത് സിസ്റ്റത്തിലൂടെയാണ് ബോഗ വളർന്നുവന്നത്. 2018 ൽ സസൂലോക്ക് ബോഗയെ കൈമാറിയെങ്കിലും ആവശ്യം വരുമ്പോൾ തിരിച്ചുതരണമെന്ന നിബന്ധനയുണ്ട്. സമീപകാല ഫോം പരിഗണിക്കുമ്പോൾ ബോഗയെ വൈകാതെ ചെൽസി തിരിച്ചുവിളിച്ചേക്കും. 
 

Latest News