Sorry, you need to enable JavaScript to visit this website.

വ്യോമപഥത്തിലെ ശീതളഛായ

അനുഭവം

ആകാശയാത്രയിൽ പലപ്പോഴും ഓർത്തുവെക്കാനുള്ള അനുഭവങ്ങൾ ഒന്നും തന്നെ ഉണ്ടാകാറില്ല. വിരസമായ നാലു മണിക്കൂർ വായനയിലോ ഉറക്കത്തിലോ ഒതുങ്ങിക്കൂടാറാണ് പതിവ്.. അതുകൊണ്ട് തന്നെ ഈ യാത്രയിലും 'കൊടകര പുരാണം' ആയിരുന്നു വായനക്കായി കരുതിയത്. 
എയർപ്പോർട്ടിൽ വെച്ചു തന്നെ ഒരു പോലെ ഉടുപ്പിട്ട മൂന്നു കുഞ്ഞുങ്ങൾ കണ്ണിലുടക്കിയിരുന്നു. വെളുത്ത് തുടുത്ത് സുന്ദരികളായ കുസൃതിക്കുടുക്കകൾ. 
വിമാനത്തിൽ കയറിയപ്പോൾ അവർ ഞങ്ങൾക്ക് തൊട്ടടുത്ത്. മൂത്ത കുട്ടി ഞാനും മോളും ഇരിക്കുന്ന നിരയിൽ എന്റെ അടുത്ത്. മറ്റേ രണ്ടു കുഞ്ഞുങ്ങളും അവരുടെ ഉമ്മയുടെ കൂടെ തൊട്ടടുത്ത സീറ്റിൽ. 
കോഴിക്കോട് കല്ലായിയിൽ ഉള്ള കുടുംബം. ഫുജൈറയിൽ താമസം, വെക്കേഷൻ ആയിട്ട് നാട്ടിലേക്കുള്ള യാത്ര ആയിരുന്നു. 
ഞാൻ പതിയെ എന്റെ പുസ്തകം എടുത്തു വായന തുടങ്ങി…ദാ വരുന്നു ആദ്യത്തെ ചോദ്യം: ഇതെന്താ? 
ഇത് ഒരു ബുക്ക്.. 


മറുപടി പറഞ്ഞു കഴിയുന്നതിന് മുമ്പ് പുസ്തകം അവളുടെ കയ്യിൽ. ഞാൻ പതിയെ അത് തിരിച്ചു വാങ്ങി. 
അപ്പോഴേക്കും പടയാളികൾ എത്തി. എല്ലാവർക്കും ഒരേ സീറ്റിൽ ഇരിക്കണം. കളിയും പാട്ടും ഓട്ടവും ബഹുകേമം.. ഇടക്ക് പിന്നിലേക്ക് ഓടും.. തിരിച്ചു വരും.. രണ്ടു സീറ്റിന് ഇടയിൽ പിടിച്ചു തൂങ്ങിയാടും. തൊട്ടടുത്ത സീറ്റിൽ മൊബൈലിൽ കുത്തിയിരുന്നവരെല്ലാം ഉഷാറായി.
- ആന്റി.. ഫുഡ് എന്താ വരാത്തെ? 


ചോദ്യങ്ങൾ എന്റെ നേരെ തന്നെ അവരുടെ ഉമ്മ ഇടക്ക് പറയുന്നുണ്ട്.. ആന്റിയെ ബുദ്ധിമുട്ടിക്കല്ലേ എന്ന്.
ഞങ്ങൾ ആസ്വദിക്കുകയായിരുന്നു അവരുടെ കുസൃതികൾ.
കുറച്ചു കഴിഞ്ഞു ഭക്ഷണം വന്നു. കഴിച്ചതിൽ പാതിയും താഴെ. ചായ വന്നപ്പോൾ ഷുഗർ പാക്കറ്റ് ഞാൻ കയ്യിലെടുത്തു പൊട്ടിച്ചു തരാം എന്ന് പറഞ്ഞപ്പോൾ നോ.. എനിക്കറിയാം എന്ന് അവളും. 
അവൾ പാക്കറ്റ് തുറന്നു.. ദാ കിടക്കുന്നു.. പഞ്ചസാര മുഴുവൻ എന്റെ ഉടുപ്പിൽ. 
പിന്നെ എന്റെ ഷുഗർ അവൾക്കു കൊടുത്ത് പ്രശ്‌നം പരിഹരിച്ചു. കീറിപ്പറിച്ചെറിഞ്ഞ ടിഷ്യു, ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ എന്നിവ താഴെ ചിതറികിടക്കുന്നുണ്ടായിരുന്നു. 
അങ്ങനെ ഭക്ഷണമൊക്കെ കഴിഞ്ഞു.


ചെറിയ തലവേദനയുള്ളതു കൊണ്ട് ഞാൻ ഒന്ന് വിശ്രമിക്കാം എന്ന് വിചാരിച്ചു കണ്ണടച്ചു കിടന്നു. 
അപ്പോഴേക്കും കുസൃതികൾ മെല്ലെ തോണ്ടി വിളി തുടങ്ങി ..'ആന്റി ഉറങ്ങിയോ'?
അടുത്തത് ഗെയിം ആയിരുന്നു. 
പെൻ പേപ്പർ സിസർ ഞാനും മോളും അവരുടെ കൂടെ കളിക്കേണ്ടി വന്നു.. ഇടക്ക് എന്റെ വിരലുകൾ പിടിച്ചു പറയും ആന്റിക്ക് കളിക്കാൻ അറിയൂല..സിസ്സർ അല്ലേ.. ആന്റി പെൻ ആണ് വെച്ചത്. 
ഞാൻ എന്റെ 'കൊടകരപുരാണ'ത്തിന് ബാഗിൽ വിശ്രമിക്കാൻ അവസരം കൊടുത്തു. 
കുറച്ചു കഴിഞ്ഞപ്പോൾ തുടങ്ങി എന്താ കല്ലായിൽ എത്താത്തത്ത്.. പൈലറ്റിനോട് വേഗം പോകാൻ പറയ് .. 
അപ്പോഴാ ഞാൻ ശ്രദ്ധിച്ചത്.. അടുത്ത് ഇരിക്കുന്നവർ ഞങ്ങളുടെ ഗെയിം ആസ്വദിക്കുന്നുണ്ടായിരുന്നു എന്ന്. ഏതായാലും നാലു മണിക്കൂർ പോയതറിഞ്ഞില്ല.
കൊടകര പുരാണത്തേക്കാൾ കോഴിക്കോടൻ പുരാണം അപ്പോഴേക്കും ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നു.
കോഴിക്കോട്ടിറങ്ങുമ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു എന്ന് പറഞ്ഞപ്പോൾ പിന്നെ മഴ കാണണം എന്നായി. അവിടെ എത്തിയിട്ട് കാണിക്കാം എന്ന് പറഞ്ഞു ഒരു വിധത്തിൽ സമാധാനിപ്പിച്ചു. 
കോഴിക്കോട്ട് ഇറങ്ങി നടന്നു വരുമ്പോൾ കണ്ടു 


ചെറിയ കുഞ്ഞിനെ ഒരാൾ എടുത്തിരിക്കുന്നു.
ഞാൻ മെല്ലെ മൂത്ത മോളോട് ചോദിച്ചു 'അതാരാ?'… 
'അത് ഉപ്പച്ചി'.
അപ്പോഴാണ് കുട്ടികൾ ഇടക്കിടക്ക് പിറകിലേക്ക് പോയ കാര്യം ഓർത്തത്. ഹസ്ബന്റിന് പിറകിലായിരുന്നു സീറ്റ് എന്ന് കുട്ടികളുടെ ഉമ്മ പറഞ്ഞു. അതിലേറെ എന്നെ അത്ഭുതപ്പെടുത്തിയത് തൊട്ടു മുമ്പിലുള്ള ഒരു സ്ത്രീ കയറിയത് മുതൽ ഇറങ്ങുന്ന വരെ മൊബെലിൽ തോണ്ടിയിരിക്കുന്നതാണ്. 
ഈ ഗുലുമാല് ഒന്നും അവർ അറിഞ്ഞിട്ടുപോലുമില്ലെന്ന് തോന്നി.


ബൈ പറഞ്ഞ് സലാം പറഞ്ഞ് പിരിയുമ്പോൾ മൂത്ത മോളോട് ചോദിച്ചു: ഇനി എപ്പോ കാണും?
'ഫുജൈറ പോകുമ്പോൾ ആന്റി ഇതിൽ തന്നെ കയറണേ' ..
അങ്ങ് ദൂരെ അവർ ഓടിമറയുമ്പോൾ എന്തുകൊണ്ടോ എന്റെ കണ്ണുകൾ ഈറനണിഞ്ഞു. ആകാശയാത്രയെ ഒരു ഹൃദ്യമായ അനുഭവമാക്കി മാറ്റിയ ചിത്രശലഭങ്ങൾക്ക് മനസ്സിൽ നന്ദി പറയുകയും ചില പൂക്കൾക്ക് ഒരു വസന്തം തന്നെ സമ്മാനിക്കാൻ കഴിയുമെന്ന് തിരിച്ചറിയുകയുമായിരുന്നു.

Latest News