Sorry, you need to enable JavaScript to visit this website.

വല്ല്യുമ്മാന്റെ തങ്കാരപ്പെട്ടി

ഓർമ

'ഇന്റെ തങ്കാരപ്പെട്ടി തട്ടിക്കൊട്ടിയാൽ ഒരു കുട്ടിയെ കെട്ടിക്കാനുള്ള പൊന്നും പൊടിയും കിട്ടും'
പൂമുഖത്തെ ഇരിപ്പിടങ്ങളുടെയും മേശയുടെയും കൂടെ നീളവും വീതിയുമുള്ള ബെഞ്ചുകൾ കൂട്ടിയിട്ടതിൽ പായയും കമ്പിളിയും അതിന്റെ മേൽ വൃത്തിയുള്ള വിരിപ്പും വിരിച്ച്, ചുറ്റും 20 ജനൽ പാളികളുള്ളതിൽ മുകളിലെ എല്ലാ ജനൽ പാളികളും തുറന്നിട്ട് മുല്ലപ്പൂ മണവും വേപ്പിന്റെ കാറ്റേറ്റുമാണ് വല്ല്യുമ്മ കിടന്നുറങ്ങിയിരുന്നത്.
തട്ടുള്ള മുറികളായതിനാൽ ചൂടിന്റെ കാഠിന്യം ഒരിക്കലും ആരെയും അലട്ടിയിരുന്നില്ല. വല്ല്യുമ്മാന്റെ ഒരു മരുമകനു മാത്രമല്ലാതെ ആ കിടപ്പിടം മറ്റാർക്കും  ഒഴിഞ്ഞു കൊടുക്കുന്നത് കണ്ടിട്ടില്ല. പൂമുഖം കഴിഞ്ഞാൽ നീളിക്കോലായ, പൂമുഖത്ത് അതിഥികൾ വന്നിരുന്നാൽ വാതിലിന്റ ഇരുവശങ്ങളിലായി ഒരേ വീതിയിലും നീളത്തിലുമായി കാണുന്ന അഴികളിലൂടെ വാതിൽ തുറക്കാതെ തന്നെ അകത്തുള്ള പെണ്ണുങ്ങൾക്ക് അതിഥികളെ കാണാം. ചിത്രപ്പണി ചെയ്തതും കനമുള്ളതുമായ വാതിലും കഴിഞ്ഞ് നടുവകം. നടുവകത്തിന്റെ വലതുഭാഗത്തെ വാതിൽ തുറന്നാൽ ഇരുട്ടുമുറി എന്നു പേരിട്ടു വിളിക്കുന്ന റൂമിലായിരുന്നു തടിയിൽ തീർത്ത കനവും ഉറപ്പുമുള്ള മനോഹരമായ സൂക്ഷിപ്പു പെട്ടി, 'വല്ല്യുമ്മാന്റെ തങ്കാരപ്പെട്ടി' അതായത് വലിയകത്ത് തറവാട്ടിലെ ഖജനാവ്.

താക്കോൽ എന്നും അരഞ്ഞാണത്തിന് താഴെയുള്ള ചരടിൽ വല്യുമ്മ കുരുക്കിയിട്ടിട്ടുണ്ടാവും.


പെട്ടി തുറക്കുന്ന ഒരു പ്രത്യേക രീതിയുണ്ട്. പുറം തിരിഞ്ഞു നിന്ന് ആരേയും അടുപ്പിക്കാതെ അരയിൽ നിന്നും താക്കോൽ ഊരാതെയുള്ള പെട്ടി തുറക്കൽ. വിശേഷ ദിവസങ്ങളിൽ അംഗസംഖ്യ കൂടുമ്പോൾ ആരും കാണാതെ പെട്ടി തുറക്കാനുള്ള ബദ്ധപ്പാട് കണ്ട് ചിലരൊക്കെ അടക്കം പറഞ്ഞ് ചിരിക്കും. അത് മനസ്സിലാക്കി ഒട്ടും സങ്കോചമില്ലാതെ,  ആത്മവിശ്വാസത്തോടെയും അൽപം അഹങ്കാരത്തോടെയും വല്യുമ്മ പറയുമായിരുന്നു: ഏഴ് പെമ്മക്കളെ കെട്ടിച്ചയച്ചു.... ഇഞ്ഞും ഇന്റെ തങ്കാരപ്പെട്ടി തട്ടിക്കൊട്ടിയാൽ ഒരു കുട്ടിയെ കെട്ടിക്കാനുള്ള പൊന്നും പൊടിയും കിട്ടും..
കറവയുള്ള പശുവുള്ള വീടായിട്ടും വല്യുമ്മ പാലൊഴിച്ച ചായ കുടിക്കുന്നത് കണ്ടിട്ടില്ല. ശർക്കരയിട്ട കട്ടൻ കാപ്പിയിൽ അൽപം പശുവിൻ നെയ്യ് ചേർത്താണ് കഴിക്കാറ്, അതും മൺകലത്തിൽ പാൽ കട്ടിയായി തിളപ്പിച്ച്, ചൂടാറിയ ശേഷം പാകത്തിന് ഉറയൊഴിച്ച് കിട്ടിയ കട്ടത്തൈര് മത്ത് കൊണ്ട് കടഞ്ഞ് വെള്ളമൊഴിച്ച് മോരാക്കി രുചികരമായ വെണ്ണ മത്ത് കൊണ്ട് തന്നെ ഉരുട്ടിക്കൂട്ടുമ്പോൾ അടുത്ത് ചെല്ലുന്ന കുട്ടിപ്പട്ടാളങ്ങളുടെ കയ്യിൽ ഒരു തോണ്ട് വച്ച് തരും. കൊതി പെടാതിരിക്കാനാണത്രെ!


ഉറിയിൽ തൂക്കിയിട്ട മൺപാത്രത്തിലെ വെള്ളത്തിൽ ഓരോ ദിവസത്തേയും വെണ്ണ ഉരുളകൾ ഇട്ട് വയ്ക്കും. തറയിൽ വെച്ചാൽ ഉറുമ്പ് കയറിയാലോ എന്ന് കരുതിയാണത്രെ ഉയരത്തിൽ ഉറിയിൽ സൂക്ഷിക്കുന്നത്. കുറേ ദിവസം ശേഖരിച്ച വെണ്ണ  ഉരുക്കി നെയ്യാക്കുന്നത് രാത്രി എല്ലാവരും ഉറങ്ങിയ ശേഷമാണ്. വെണ്ണ ഉരുക്കുമ്പോൾ നിറം കിട്ടാനായി ഒരു നുള്ള് മഞ്ഞൾ പൊടിയും മണത്തിന് ഒരു ചെറിയ ഉള്ളി അരിഞ്ഞതും ചേർക്കും. വല്യുമ്മാന്റെ ഭാഷയിൽ ചീരുള്ളിയിട്ട് മൂപ്പിച്ച പശൂന്നെയ്യ്. ചൂടാറിയ നെയ്യ് പിറ്റേന്ന് രാവിലെ കണ്ണാടിക്കുപ്പിയിലാക്കി വെക്കും. അത് സൂക്ഷിക്കുന്നതാണെങ്കിൽ നടുവകത്തെ മര അലമാരയിലും.


സത്യം പറയാലോ ... ശർക്കരയിട്ടുണ്ടാക്കിയ ചൂടുള്ള കട്ടൻ കാപ്പി ഊതി സംതൃപ്തിയോടെ കുടിക്കുന്ന വല്യുമ്മാന്റ മുഖത്തെ പ്രസാദം കാലമിത്രയായിട്ടും കണ്ണിൽ നിന്നും മായുന്നില്ല. ഇന്നത്തെ 'കിറ്റോ' ക്കാർ ഉപയോഗിക്കുന്ന ബട്ടർ കോഫി ഒരു പക്ഷെ വല്യുമ്മാന്റെ 'വെല്ലച്ചിട്ട കട്ടൻ കാപ്പി' ആയിരിക്കുമോ ?
ആ കട്ടൻ കാപ്പിയുടെ ഉണർവിലാണ് മട്ടപ്പോലയും കളിയടക്കയുമിട്ട് മുറുക്കി ചുവപ്പിച്ച്, ചുണ്ടിൽ ഒരു ചെറു മന്ദസ്മിതത്തോടെ, തങ്കാരപ്പെട്ടി തുറന്ന് എല്ലാ കണക്കുകളും തിട്ടപ്പെടുത്തിയിരുന്നത്.
സി.സി.ടി.വിയേക്കാൾ വിദഗ്ധമായ സംവിധാനങ്ങൾ ഉണ്ടായിരുന്നു സമർത്ഥയായ വല്യുമ്മാക്ക്. എവിടെയെങ്കിലും കള്ളൻ കടന്നു എന്ന വാർത്ത കേട്ടാൽ ആരും ശ്രദ്ധിക്കാത്ത വിധത്തിൽ ഒരു ചെറു നൂലോ, കടലാസോ, ഇലയോ തങ്കാരപ്പെട്ടിക്ക് മീതെ ഇട്ട് വെക്കും, അതിന്റെ സ്ഥാനചലനം മതി പെട്ടി ആരെങ്കിലും തുറക്കാൻ ശ്രമിച്ചോ എന്ന് കണ്ടെത്താൻ. ഒരു പ്രസ്ഥാനം തന്നെ ആയിരുന്നു വലിയകത്ത് തറവാട്ടിലെ വല്യുമ്മ.


മറ്റാരേയും തുറക്കാൻ അനുവദിക്കാത്ത, തടിയിൽ തീർത്ത, കനവും ഉറപ്പുമുള്ള പെട്ടിയുടെ താക്കോലും, പെട്ടിക്കകത്തെന്താണെന്നും കാണാൻ എന്നും കൗതുകമായിരുന്നു. ഒരിക്കൽ  മാത്രം പെട്ടി തുറന്നപ്പോൾ അകവശം ഒരു നോക്ക് കാണാനുള്ള ഭാഗ്യം ഉണ്ടായി, ഒരു വശത്ത് കസവ് തട്ടങ്ങളും വെള്ളിപ്പാത്രവും ഒരു മിന്നായം പോലെ കണ്ടു. ബാക്കി നോക്കുന്നതിനുള്ള സാവകാശം തരാതെ പെട്ടി പെട്ടെന്ന് അടയ്ക്കുകയാണുണ്ടായത്.
വല്യുമ്മാന്റെ സ്വകാര്യ സ്വത്തായിരുന്ന തങ്കാരപ്പെട്ടി ഇന്ന് ഇരുട്ട് മുറിയിൽ നിന്നും സ്ഥാനക്കയറ്റം കിട്ടി, എളാപ്പാന്റെ സ്വീകരണ മുറിയിൽ കുറച്ച് കൂടി തലയെടുപ്പോടെ എല്ലാവർക്കും എപ്പോഴും കാണാനായി പുതുമോടിയിൽ തന്നെ ടെലിവിഷന്റെ ഇരിപ്പിടമായി മനോഹരമായി കാത്ത് സൂക്ഷിച്ചിട്ടുണ്ട്. വലിയകത്ത് തറവാടിന്റെ ഓർമയ്ക്കായി..

Latest News