Sorry, you need to enable JavaScript to visit this website.

എ.എ.പിയുടെ മികവുകള്‍, ബി.ജെ.പിയുടെ പാളിച്ചകള്‍

മൂന്നാം തവണയും അധികാരം പിടിച്ചു ദല്‍ഹിയിലെ രാഷ്ട്രീയ കേന്ദ്രങ്ങളെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ഞെട്ടിച്ചിരിക്കുന്നു. വളരെ അകലെയായി ഒരു രണ്ടാം സ്ഥാനത്തേക്ക് ബി.ജെ.പി തള്ളപ്പെടുകയും തുടര്‍ച്ചയായി രണ്ടാമത്തെ തെരഞ്ഞെടുപ്പിലും ഒരു സീറ്റും നേടാതെ കോണ്‍ഗ്രസ് ഇല്ലാതാവുകയും ചെയ്ത ഈ തെരഞ്ഞെടുപ്പ് ഇങ്ങനെ വിശകലനം ചെയ്യാം:

ദേശീയവും പ്രാദേശികവും രണ്ട്
ദേശീയ തെരഞ്ഞെടുപ്പും സംസ്ഥാന തെരഞ്ഞെടുപ്പും രണ്ടാണെന്ന് ഒരിക്കല്‍ കൂടി ദല്‍ഹിയിലെ വോട്ടര്‍മാര്‍ തെളിയിച്ചിരിക്കുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ 56.7 ശതമാനം വോട്ട് നേടി ഏഴ് ലോക്‌സഭാ സീറ്റുകളിലും വിജയിച്ച ബി.ജെ.പിയാണ് ഇത്തവണ വിരലിലെണ്ണാവുന്ന സീറ്റുകളില്‍ ഒതുങ്ങിയിരിക്കുന്നത്. അന്ന് 18.2 ശതമാനം വോട്ട് മാത്രം നേടിയ എ.എ.പി ഇപ്പോള്‍ 52 ശതമാനത്തിലേറെ വോട്ട് നേടി. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് പാറ്റേണ്‍ തികച്ചും വ്യത്യസ്തമാണെന്നും പ്രാദേശിക വിഷയങ്ങളാണ് ദേശീയ രാഷ്ട്രീയ വ്യവഹാരങ്ങളേക്കാള്‍ മുന്നിട്ടു നില്‍ക്കുകയെന്നും തെളിയുന്നു.

http://www.malayalamnewsdaily.com/sites/default/files/filefield_paths/27151213066857016.jpg

വികസന രാഷ്ട്രീയത്തോട് മതിപ്പ്
കഴിഞ്ഞ അഞ്ച് വര്‍ഷം ചെയ്ത പ്രവര്‍ത്തനങ്ങളുടെ അംഗീകാരമാണ് ഈ വിജയം എന്ന കെജ്‌രിവാളിന്റെ അഭിപ്രായം പൂര്‍ണമായും ശരിവെക്കാവുന്നതാണ്. വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, വെള്ളം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ കൈവരിച്ച പുരോഗതിയുടെ റിപ്പോര്‍ട്ട് കാര്‍ഡ് മുന്നില്‍ വെച്ചായിരുന്നു കെജ്‌രിവാള്‍ വോട്ട് തേടിയത്. ഷഹീന്‍ ബാഗ്, സി.എ.എ പ്രക്ഷോഭം തുടങ്ങിയ വിവാദ വിഷയങ്ങളില്‍നിന്ന് കൃത്യമായ അകലം പാലിച്ചത് ചര്‍ച്ച ഈ വിഷയങ്ങളില്‍ തന്നെ ഒതുങ്ങി നില്‍ക്കാന്‍ സഹായകമായി. വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഹിന്ദു-മുസ്‌ലിം വിഭജനമുണ്ടാക്കി വിജയം നേടാമെന്ന ബി.ജെ.പിയുടെ അജണ്ട വിലപ്പോയില്ല.

മുഖമില്ലാത്ത ബി.ജെ.പി
2015 ല്‍നിന്ന് വ്യത്യസ്തമായി ബി.ജെ.പിക്ക് 2020 ല്‍ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്നോട്ടു വെക്കാനായില്ല. നരേന്ദ്ര മോഡിയുടെ പ്രതിഛായയും ദേശീയ വിഷയങ്ങളും മുന്നില്‍ വെച്ചായിരുന്നു ബി.ജെ.പിയുടെ പോരാട്ടം. ഇത് വിലപ്പോയില്ലെന്ന് ഫലം വ്യക്തമാക്കുന്നു. വരുത്തനായ മനോജ് തിവാരിയെ മുന്നില്‍ നിര്‍ത്തിയായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. സംസ്ഥാന ബി.ജെ.പി ഘടകത്തിലെ ഗ്രൂപ്പിസവും പോരും അവര്‍ക്ക് വിനയായി. മറുവശത്ത് കെജ്‌രിവാളിന്റെ വ്യക്തിത്വത്തെ കേന്ദ്രീകരിച്ചായിരുന്നു എ.എ.പിയുടെ പ്രചാരണം മുഴുവന്‍. അത് ഫലം ചെയ്തു.

http://www.malayalamnewsdaily.com/sites/default/files/filefield_paths/16831877993411404.jpg

അപ്രത്യക്ഷമായ കോണ്‍ഗ്രസ്
കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പിലും പ്രോത്സാഹന സമ്മാനം മാത്രമാണ് വോട്ടര്‍മാര്‍ നല്‍കിയത്. 70 അംഗ സഭയില്‍ ഒരു സീറ്റ് പോലുമില്ല. ദല്‍ഹിയില്‍ രാഷ്ട്രീയ അടിത്തറയും വിശ്വാസ്യതയും നഷ്ടപ്പെട്ട കോണ്‍ഗ്രസിനെ നേരത്തെ തന്നെ എല്ലാവരും എഴുതിത്തള്ളിയതാണ്. എന്നാല്‍ അത് നന്നായി എന്നാണ് എല്ലാവരും പറയുന്നത്. കൂടുതല്‍ ശക്തമായി രംഗത്ത് വന്ന് ഒരു ത്രികോണ മത്സരം കാഴ്ച വെക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നുവെങ്കില്‍ അത് ബി.ജെ.പിയുടെ വിജയത്തില്‍ കലാശിക്കുമായിരുന്നു. അതിനാല്‍ എ.എ.പിക്ക് വഴിയൊരുക്കിയതില്‍ കോണ്‍ഗ്രസിന് വലിയ പങ്കുണ്ട്. ബി.ജെ.പിയെ അകറ്റിനിര്‍ത്തുകയെന്ന വലിയൊരു ദൗത്യം അവര്‍ക്ക് നിര്‍വഹിക്കാനായി.

ഷഹീന്‍ ബാഗ് ഘടകം
ഷഹീന്‍ ബാഗ് പ്രക്ഷോഭത്തിനെതിരെ അക്രമാസക്തമായ നിലയില്‍ ബി.ജെ.പി നടത്തിയ പ്രചാരണം പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് തെളിഞ്ഞു. ഇവിടെ വന്‍ ഭൂരിപക്ഷത്തിനാണ് എ.എ.പി സ്ഥാനാര്‍ഥി വിജയിച്ചത്. അമിത് ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഷഹീന്‍ ബാഗിനെയും സി.എ.എ പ്രക്ഷോഭത്തെയും കിട്ടിയ എല്ലാ വേദികളിലും അധിക്ഷേപിച്ചു. അങ്ങേയറ്റം വിഷമയമായ വര്‍ഗീയ പ്രസ്താവനകളാണ് ബി.ജെ.പി നടത്തിയത്. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ആറ് ശതമാനം വോട്ട് വിഹിതം അധികം കിട്ടിയെങ്കിലും ബി.ജെ.പിക്ക് ഷഹീന്‍ ബാഗ് ഘടകം ഒട്ടും തുണയായില്ലെന്നതാണ് നേര്.

http://www.malayalamnewsdaily.com/sites/default/files/filefield_paths/8746159571502401.jpg

ബിഹാര്‍ വഴി കടുക്കും
ദല്‍ഹി തെരഞ്ഞെടുപ്പിന്റെ ഏറ്റവും അടുത്ത രാഷ്ട്രീയ പ്രത്യാഘാതം ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പായിരിക്കും. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ പരാജയത്തിന് പിന്നാലെ ദല്‍ഹിയും കൈവിട്ടത് ബിഹാറില്‍ നിതീഷ് കുമാറിന്റെ വില പേശല്‍ ശക്തി വര്‍ധിപ്പിക്കുമെന്ന് ബി.ജെ.പി ഭയക്കുന്നുണ്ട്. ബിഹാറില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ബി.ജെ.പിക്ക് ജെ.ഡി.യു ഇടയുമെന്ന് കണ്ടപ്പോള്‍, നിതീഷിന്റെ നേതൃത്വം പരസ്യമായി അംഗീകരിക്കേണ്ടി വന്നിരുന്നു. തന്റെ വലംകൈയായിരുന്ന പ്രശാന്ത് കിഷോറാണ് എ.എ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിച്ചതെന്നത് നിതീഷിനെയും വിഷമിപ്പിക്കുന്നുണ്ടാവണം.

http://www.malayalamnewsdaily.com/sites/default/files/filefield_paths/p1_ma_p.png

മാറുന്ന രാഷ്ട്രീയ നിറം
രണ്ടു വര്‍ഷത്തിനിടെ ഇന്ത്യയുടെ രാഷ്ട്രീയ ചിത്രത്തില്‍ വന്ന വലിയ മാറ്റത്തിന്റെ തുടര്‍ച്ചയാണ് ദല്‍ഹി തെരഞ്ഞെടുപ്പ്. ആറ് സംസ്ഥാനങ്ങളിലാണ് ബി.ജെ.പിക്ക് അധികാരം നഷ്ടമായത്. ഇപ്പോള്‍ 12 സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഇതര സര്‍ക്കാറുകളാണ് ഭരിക്കുന്നത്. 16 ഇടത്ത് എന്‍.ഡി.എ സര്‍ക്കാറുണ്ടെങ്കിലും സംസ്ഥാന വിസ്തൃതിയും ജനസംഖ്യയും പരിഗണിക്കുമ്പോള്‍ ബി.ജെ.പിയുടെ സാന്നിധ്യം ഗണ്യമായി കുറഞ്ഞിരിക്കുന്നു. നിര്‍ണായക സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ബി.ജെ.പിയുടെ ഉന്നത നേതൃത്വത്തിന് വലിയ മനോവ്യഥയാണ് ദല്‍ഹി സമ്മാനിച്ചിരിക്കുന്നത്.
 

 

Latest News