Sorry, you need to enable JavaScript to visit this website.

നെയ്മാറിനു വന്ന മാറ്റം

പാരിസ് സെയ്ന്റ് ജർമാൻ വിടാൻ വേണ്ടി ഒരുപാട് കാലം എല്ലാ ശ്രമവും നടത്തിയ നെയ്മാറിന് സമീപകാലത്ത് സംഭവിച്ച മാറ്റം അദ്ഭുതാവഹമാണ്. ലോക റെക്കോർഡായ 22.2 കോടി യൂറോയുടെ ട്രാൻസ്ഫറിലൂടെ തന്നെ സ്വന്തമാക്കിയ ക്ലബ്ബിന്റെ പ്രിയ താരമായി മാറിയിരിക്കുകയാണ് ബ്രസീലുകാരൻ. നല്ലൊരും ടീം മാനും. അമ്പരപ്പിക്കുന്ന മാറ്റം തന്നെയാണ് ഇത്. 
ഏതാനും മാസം മുമ്പ് വരെ പി.എസ്.സി ആരാധകരിൽ ഭൂരിപക്ഷത്തിന്റെയും കണ്ണിലെ കരടായിരുന്നു നെയ്മാർ. അതിഭീമമായ തുകക്ക് തന്നെ കൈമാറിയ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോവാൻ എല്ലാ ശ്രമവും നടത്തുകയായിരുന്നു നെയ്മാർ. പി.എസ്.ജിയെ പ്രകോപിപ്പിച്ചിട്ടെങ്കിലും ട്രാൻസ്ഫർ സാധിച്ചെടുക്കാൻ സീസണിന്റെ തുടക്കത്തിൽ ടീമിൽനിന്ന് വിട്ടുനിൽക്കുക പോലും ചെയ്തു. ഏറെ വൈകി ടീമിനൊപ്പം ചേർന്നപ്പോൾ സ്വാഭാവികമായും വളരെ മോശം സ്വീകരണമാണ് നെയ്മാറിനു ലഭിച്ചത്. നെയ്മാർ ആദ്യം ഇറങ്ങിയ കളിയിൽ പി.എസ്.ജിയുടെ തീവ്ര അനുകൂലികൾ അസഭ്യവർഷത്തോടെ താരത്തെ സ്വാഗതം ചെയ്തു. നെയ്മാർ തങ്ങളെ വഞ്ചിക്കുകയാണെന്ന വികാരം പരസ്യമായി തന്നെ അവർ പ്രകടിപ്പിച്ചു. ആ മത്സരത്തിന്റെ അവസാന വേളയിൽ തകർപ്പൻ ബൈസികിൾ കിക്കിലൂടെ നെയ്മാർ നേടിയ ഗോളിൽ പി.എസ്.ജി ജയിച്ചുവെന്നതൊന്നും ആരാധകരുടെ രോഷം തണുപ്പിച്ചില്ല. ആരാധകരെ വെറുപ്പിക്കാതിരിക്കാൻ നെയ്മാർ മൃദുവായ രീതിയിലേ ആ ഗോൾ ആഘോഷിച്ചുള്ളൂ. എന്നിട്ടും അവർ താരത്തെ കൂക്കിവിളിച്ചു.
എന്നാൽ തുടർന്നുള്ള മാസങ്ങളിൽ ചിത്രം തീർത്തും മാറി. പഴയ വിദ്വേഷവും അമർഷവുമൊക്കെ ചരിത്രമായി. ഇപ്പോൾ പി.എസ്.ജിയുടെ പ്രിയ താരമാണ് നെയ്മാർ. ട്രാൻസ്ഫർ കാലമായ ഓഗസ്റ്റിലെ മുറുകിയ അന്തരീക്ഷമൊക്കെ അയഞ്ഞു. അതോടെ നെയ്മാർ പഴയ ഫോം വീണ്ടെടുത്തു. ഫ്രഞ്ച് ലീഗിൽ 13 മത്സരങ്ങളിൽ 13 ഗോളാണ് നെയ്മാറിന്റെ സമ്പാദ്യം. 2017 ൽ പി.എസ്.ജിയിലെത്തിയ ശേഷം 50 ലീഗ് മത്സരങ്ങളിൽ 47 ഗോളടിച്ചു. ലില്ലിനെതിരായ കഴിഞ്ഞ കളിയിൽ രണ്ടു ഗോളുമടിച്ചത് നെയ്മാറാണ്. ആദ്യത്തേത് വലയുടെ വലതു മൂലയിലേക്ക് വളഞ്ഞുപോയ കിക്കായിരുന്നു. രണ്ടാമത്തേത് ശാന്തമായി എടുത്ത പെനാൽട്ടിയും. ആ രണ്ടു ഗോളിനു പിന്നിലെയും സ്വതഃസിദ്ധമായ ചാരുതക്കു പുറമെ വേറിട്ടുനിന്ന ഒരു കാഴ്ച നെയ്മാറിന്റെ പ്രതികരണമാണ്. നെയ്മാർ വീണ്ടും ടീം മാനായിരിക്കുന്നു. അതും കഠിനാധ്വാനിയായ ടീമംഗം.   
2018 ലെ ലോകകപ്പിലെ പരിഹാസപാത്രമായ നെയ്മാർ അല്ല ഇത്. അനാവശ്യമായി ശ്രദ്ധ ക്ഷണിക്കാൻ ശ്രമിക്കുന്ന സ്വഭാവം മാറി. റഷ്യയിലെ ലോകകപ്പിൽ തൊടുമ്പോഴേക്കും വീണുരുണ്ട നെയ്മാർ എതിരാളികളുടെയും ആരാധകരുടെയും രോഷം ക്ഷണിച്ചുവരുത്തിയിരുന്നു. ബ്രസീൽ ആരാധകർ പോലും സോഷ്യൽ മീഡിയയിൽ നെയ്മാറിനെതിരായ പരിഹാസം ആഘോഷിച്ചു. 
ഇപ്പോൾ ടാക്ലിംഗുകളുടെ മനോഹരമായി മറികടക്കുകയാണ് നെയ്മാറിന്റെ രീതി. പലപ്പോഴും കഠിനവും പരുക്കനുമാണ് എതിരാളികളുടെ അടവുകളെങ്കിൽ പോലും. ലിൽ മിഡ്ഫീൽഡർ ബെഞ്ചമിൻ ആന്ദ്രെയെ പോലുള്ളവരുടെ ക്രൂരമായ ഫൗളിനു മുന്നിൽ പോലും അചഞ്ചലനായി നെയ്മാർ. പ്രതിരോധത്തിൽ ടീമിനെ സഹായിക്കാൻ പലപ്പോഴും പിന്നിലേക്ക് ഓടിയെത്തി. ഗ്രൗണ്ടിൽ നെയ്മാറിന്റെ അധ്വാനം മെച്ചപ്പെട്ടു. അത് ആക്രമണത്തിന്റെ മൂർച്ച ഒട്ടും കുറച്ചുമില്ല. ഗോളടിച്ചും ഗോളടിപ്പിച്ചും ടീമിനെ സഹായിക്കുന്നത് താൻ ആസ്വദിക്കുകയാണെന്നാണ് നെയ്മാർ പറഞ്ഞത്. പന്ത് പാസ് ചെയ്യാനുള്ള തന്റെ അനേകം വഴികൾ കാണികൾക്കു മുന്നിൽ നെയ്മാർ പ്രകടിപ്പിച്ചു. മറ്റു കളിക്കാരുമായി ചേർന്നുള്ള മുന്നേറ്റത്തിലും പതിവിലേറെ താൽപര്യം കാണിക്കുന്നു. 
മാർക്കൊ വെറാറ്റിയുമൊത്തുള്ള നെയ്മാറിന്റെ നീക്കങ്ങൾ കാണേണ്ടതു തന്നെയാണ്. നെയ്മാറിന്റെ എതിരാളികളെ വെട്ടിച്ചുള്ള ഓട്ടങ്ങൾ ടെലിപ്പതിയിലെന്ന പോലെ മനസ്സിലാക്കിയാണ് വെറാറ്റി നീങ്ങുന്നത്. വെറാറ്റിയുടെ പാസ് എവിടേക്കായിരിക്കുമെന്ന് നെയ്മാർ കൃത്യമായി മനസ്സിലാക്കുന്നു. കീലിയൻ എംബാപ്പെയെ പ്രശംസിക്കാനും എംബാപ്പെയുടെ നേട്ടങ്ങളെ ആഘോഷിക്കാനും നെയ്മാർ ഒട്ടും മടി കാണിക്കുന്നില്ല. ഇരുപത്തെട്ടാം വയസ്സിൽ നെയ്മാർ തന്റെ കളിയുടെ പാരമ്യത്തിലേക്കുയരുകയാണ്. 
നെയ്മാറിനെ സംബന്ധിച്ചിടത്തോളം പരിക്കുകൾ അലട്ടിയ രണ്ടു സീസണുകളാണ് കടന്നുപോയത്. രണ്ടു തവണ കാലിന് ശസ്ത്രക്രിയ വേണ്ടി വന്നു. ഒപ്പം പെരുമാറ്റദൂഷ്യം കാരണം ആരാധകരെ വെറുപ്പിച്ചു. ഒടുവിൽ നെയ്മാർ താളം കണ്ടെത്തുകയാണ്. 
താൻ 100 ശതമാനവും പി.എസ്.ജിയോട് പ്രതിജ്ഞാബദ്ധമാണെന്ന് നെയ്മാർ പറഞ്ഞു. പി.എസ്.ജിക്കും ഇതിനെക്കാൾ വലിയ സന്തോഷമില്ല. കഴിഞ്ഞ രണ്ടു സീസണിലും ക്ലബ്ബിന് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിലെത്താൻ സാധിച്ചിട്ടില്ല. ഒരിക്കൽ മാത്രമാണ് അവർ സെമിയിലെത്തിയത്, 1995 ൽ. 

Latest News