Sorry, you need to enable JavaScript to visit this website.

ഞാൻ വീണ്ടും കുട്ടിയായി

ഫെബ്രുവരി അഞ്ചിന് നെയ്മാർ ഇരുപത്തെട്ടാം ജന്മദിനമാഘോഷിച്ചു. പരിക്കുകൾ അലട്ടിയ രണ്ടു സീസണിനും നിറംമങ്ങിയ കഴിഞ്ഞ ലോകകപ്പിനും ശേഷം ബ്രസീലുകാരൻ പൂർണ ഫോമിലേക്കുയരുകയാണ്. 

പന്ത് കൈയിൽ കിട്ടിയാൽ കലാകാരനായി മാറുന്ന നെയ്മാർ പതിമൂന്നാം വയസ്സ് മുതൽ ലോക ശ്രദ്ധയിലുണ്ട്. റയൽ മഡ്രീഡ് എന്ന ലോകോത്തര ടീം കൊച്ചു കുട്ടിയായിരിക്കെത്തന്നെ നെയ്മാറിനെ സ്‌പെയിനിലേക്ക് ക്ഷണിച്ചുവരുത്തുകയും ചുവപ്പ് പരവതാനി വിരിക്കുകയും ചെയ്തു. ഡേവിഡ് ബെക്കാമിനെയും സിനദിൻ സിദാനെയും ക്രിസ്റ്റ്യാനൊ റൊണാൾഡോയെയുമൊക്കെ കാണാൻ അവസരമൊരുക്കി. മൂന്നാഴ്ചത്തെ മഡ്രീഡ് വാസത്തിനിടെ പ്രസിഡന്റ് ഫ്‌ളോറന്റിനൊ പെരസിന്റെ എക്‌സിക്യൂട്ടിവ് ബോക്‌സിലിരുന്ന് കളികൾ കണ്ടു. എന്നാൽ സാന്റോസ് വിട്ടുകൊടുത്തില്ല. പതിമൂന്നുകാരന് സ്വപ്‌നം കാണാൻ പോലുമാവാത്ത 4.7 ലക്ഷം ഡോളർ അവർ വാഗ്ദാനം ചെയ്തു. തങ്ങളുടെ യൂത്ത് സിസ്റ്റത്തിൽ ചേർന്നാൽ കോടികളുടെ പ്രതിഫലം നൽകുമെന്ന് പറഞ്ഞ് കുട്ടിയെ കൂടെ നിർത്തി. നെയ്മാർ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാവുമെന്ന് പെലെയും റൊമാരിയോയും റോബിഞ്ഞോയുമൊക്കെ പ്രവചിച്ചു. മോഗി ദാസ് കൂസസിൽനിന്ന് ലോക ഫുട്‌ബോളിനോളം വളർന്ന നെയ്മാർ ഈയിടെ ഇരുപത്തെട്ടാം വയസ്സിലേക്ക് കടന്നു. നെയ്മാർ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന പട്ടത്തിലേക്കുള്ള അവസാന ചുവട് വെക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.
നിറം മങ്ങിയ ഏതാനും സീസണുകൾക്കു ശേഷം ഉജ്വല ഫോമിലാണ് സ്‌ട്രൈക്കർ. ഡിസംബറിന് ശേഷം 11 കളികളിൽ അടിച്ച ഗോളുകളുടെയും അവസരമൊരുക്കിയ ഗോളുകളുടെയും എണ്ണം ഇരുപതാണ്. പത്തു കളികളും ജയിച്ചു, ഒന്ന് സമനിലയായി. ഈ മത്സരങ്ങളിൽ നെയ്മാർ കാഴ്ചവെച്ച ഡ്രിബഌംഗ് ട്രിക്കുകൾ വെച്ച് മണിക്കൂറോളം നീളുന്ന വീഡിയൊ നിർമിക്കാനാവും. ഫിഫ വെബ്‌സൈറ്റുമായുള്ള അഭിമുഖത്തിൽ ജീവിതത്തെയും കളിയെയും കുറിച്ച് നെയ്മാർ സംസാരിക്കുന്നു. പി.എസ്.ജി, കീലിയൻ എംബാപ്പെ, ലിയണൽ മെസ്സി, ബ്രസീൽ, ഖത്തർ ലോകകപ്പ് തുടങ്ങി നിരവധി കാര്യങ്ങൾ ഈ അഭിമുഖത്തിൽ കടന്നുവരുന്നു.

ചോ: കോപ അമേരിക്ക ടൂർണമെന്റിന്റെ തലേന്ന് പരിക്കേറ്റ് ടീമിൽനിന്ന് പുറത്തായി. വിശ്രമിക്കുന്നതിനു പകരം ടീമിനെ പ്രോത്സാഹിപ്പിക്കാൻ കൂടെ നിൽക്കുകയാണ് ചെയ്തത്. എന്തായിരുന്നു അപ്പോൾ മനസ്സിൽ?
ഉ: കോപ അമേരിക്കയിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്നത് വല്ലാത്ത വേദനയായിരുന്നു. ബ്രസീലിൽ തന്നെ ചികിത്സ തുടരാനും ടീമംഗങ്ങൾക്കൊപ്പം കഴിയാനുമാണ് ഞാൻ തീരുമാനിച്ചത്. കളിക്കാരനെന്നതിൽ നിന്നു മാറി പതിനായിരങ്ങളെപ്പോലെ ഞാനും ഒരു ആരാധകനായി മാറി. അവിശ്വസനീയമായിരുന്നു അത്. അച്ഛന്റെ കൈ പിടിച്ച് കളിക്കളങ്ങളിലേക്ക് പോയപ്പോൾ കുട്ടിക്കാലത്തിലേക്ക് തിരിച്ചുപോയതു പോലെ. 

ചോ: 2018 ലെ ലോകകപ്പിൽ പുറത്തായതിനുശേഷം ബ്രസീൽ രണ്ടു കളികൾ മാത്രമാണ് തോറ്റത്. ഖത്തർ ലോകകപ്പിലേക്കുള്ള പ്രയാണം ആരംഭിക്കാൻ പോവുകയാണ്. ഇപ്പോഴത്തെ സെലസാവോയെക്കുറിച്ച് എന്താണ് അഭിപ്രായം.?
ഉ: കൂടുതൽ കരുത്തുണ്ട് ഈ ബ്രസീൽ ടീമിന്. കൂടുതൽ പരിചയസമ്പന്നരാണ് കളിക്കാർ. മികച്ച യുവ കളിക്കാരെ ഉൾപെടുത്തിയിട്ടുണ്ട്. എന്നെ പോലെ രണ്ടു ലോകകപ്പിൽ കളിച്ചവർ ടീമിലുണ്ട്. ഞങ്ങൾ ഒരുമിച്ചു ജയിക്കുകയും ഒരുമിച്ചു തോൽക്കുകയും ചെയ്തിട്ടുണ്ട്. പോസിറ്റിവും നെഗറ്റിവുമായ ഒരുപാട് അനുഭവങ്ങളുണ്ട്. ഈ പരിചയസമ്പത്തിൽനിന്ന് ടീമിലെ യുവ കളിക്കാർക്ക് പഠിക്കാനാവും. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കോച്ചിംഗ് സ്റ്റാഫിൽ മാറ്റമുണ്ടായിട്ടില്ല. ഈ തുടർച്ച ഖത്തർ ലോകകപ്പിൽ ഞങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും. സെലസാവോയുടെ ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസമുണ്ട്. 

ചോ: ആർതർ, സെബലീഞ്ഞ, റിച്ചാർലിസൻ, ഡേവിഡ് നരേസ്, പക്വീറ്റ, ഗാബിഗോൾ, വിനിഷ്യസ് ജൂനിയർ, റോഡ്രിഗൊ, റെയ്‌നിയർ... ബ്രസീലിന്റെ വളർന്നുവരുന്ന കളിക്കാരെക്കുറിച്ച് എന്താണ് അഭിപ്രായം?
ഉ: ഇവരിലോരോരുത്തരും പ്രതിഭാധനരാണ്. 2022 ആവുമ്പോഴേക്കും കൂടുതൽ യുവ കളിക്കാർ രംഗത്തുവരുമെന്നു തന്നെയാണ് പ്രതീക്ഷ. പ്രതിഭകളെ കണ്ടെത്തുന്നതിൽ ബ്രസീലിന് അദ്ഭുതപ്പെടുത്തുന്ന പാടവമുണ്ട്. 

ചോ: അടുത്ത ലോകകപ്പിൽ ഏതൊക്കെ രാജ്യങ്ങളായിരിക്കും ബ്രസീലിന് പ്രധാന വെല്ലുവിളിയാവാൻ പോവുന്നത്?
ഉ: ഫ്രാൻസ്, ബെൽജിയം, ഇംഗ്ലണ്ട്, അർജന്റീന. 

ചോ: സെപ്റ്റംബറിൽ ലിയണൽ മെസ്സി ഫിഫയുടെ ദ ബെസ്റ്റ് ബഹുമതി സ്വന്തമാക്കി. മെസ്സിയാണ് ചരിത്രത്തിലെ മികച്ച കളിക്കാരനെന്ന് വിശ്വസിക്കുന്നുണ്ടോ? മെസ്സിക്കൊപ്പം കളിക്കാനായതിനെക്കുറിച്ച് എന്താണ് പറയുന്നത്?
ഉ: ലിയോയുമൊത്ത് കളിക്കാനായത് അപൂർവ അനുഭവമാണ്. ഞങ്ങൾ വൈകാതെ സുഹൃത്തുക്കളായി. ഞാൻ കണ്ട കളിക്കാരിൽ, മെസ്സിയാണ് ചരിത്രത്തിലെ ഏറ്റവും മികച്ചത്.

ചോ: ഫിഫ ദ ബെസ്റ്റ് ബഹുമതിയിൽ 2015 ലും 2017 ലും താങ്കൾ മൂന്നാം സ്ഥാനത്തു വന്നു. എന്നെങ്കിലും ദ ബെസ്റ്റ് ബഹുമതി നേടാനാവുമെന്ന ആത്മവിശ്വാസമുണ്ടോ?
ഉ:  ദ ബെസ്റ്റ് ബഹുമതി നേടിയേ തീരൂ എന്ന വാശിയൊന്നും എനിക്കില്ലെന്ന് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഓരോ ദിവസവും ഞാൻ പരിശീലനത്തിന് ഇറങ്ങുന്നത് തലേന്നത്തേക്കാൾ മെച്ചപ്പെടണമെന്ന ദൃഢനിശ്ചയത്തോടെയാണ്. ടീമെന്ന നിലയിലും വ്യക്തിപരമായും പുരോഗതി പ്രാപിക്കേണ്ടതുണ്ട്. എന്നെങ്കിലും ഞാൻ ഈ ബഹുമതി ആർജിക്കുന്നുവെങ്കിൽ അത് എന്റെ കഠിനാധ്വാനത്തിന്റെ ഫലമായിരിക്കും. 

ചോ: കീലിയൻ എംബാപ്പെയെക്കുറിച്ച് എന്താണ് അഭിപ്രായം?
ഉ: കീലിയൻ ഒരു സംഭവമാണ്. ചരിത്രത്തിലെ മികച്ച കളിക്കാരുടെ പട്ടികയിലേക്കുയരാനുള്ള കഴിവുണ്ട് കീലിയന്. കീലിയനൊപ്പം കളിക്കാനായത് വലിയ അംഗീകാരമായി കരുതുന്നു. കളിക്കളത്തിൽ മാത്രമല്ല പുറത്തും പരസ്പരധാരണ പുലർത്താൻ ഞങ്ങൾക്ക് സാധിക്കുന്നു. എനിക്ക് അവനോട് വല്ലാത്ത സ്‌നേഹമാണ്.  

ചോ: പി.എസ്.ജി ടീമിനെക്കുറിച്ച് എന്ത് പറയുന്നു, ചാമ്പ്യൻസ് ലീഗ് സ്വപ്‌നം പൂവണിയുമോ?
ഉ: ഏറ്റവും മികച്ച പി.എസ്.ജി ടീമാണ് ഇതെന്ന് പറയാനാവില്ല. എന്നാൽ ടീമിലെ അന്തരീക്ഷം മെച്ചമാണ്. ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. ഇത് കൂടുതൽ വിജയം നേടാൻ സഹായിക്കുന്നു. 

ചോ: മകൻ ഡാവി നല്ല ഫുട്‌ബോളറാണോ?
ഉ: കളികളോട് ഇഷ്ടമാണ് അവന്. ചങ്ങാതിമാർക്കൊപ്പം നന്നായി ഫുട്‌ബോൾ കളിക്കും. എന്നാൽ എന്നെപ്പോലെ ഫുട്‌ബോൾ ഭ്രാന്തില്ല. മെസ്സിയെയും എംബാപ്പെയെയും ക്രിസ്റ്റ്യാനൊ റൊണാൾഡോയെയുമാണ് ഇഷ്ടം. വീഡിയൊ ഗെയിം കളിക്കുമ്പോൾ അവന്റെ അറ്റാക്കിംഗ് ടീം മെസ്സിയും ക്രിസ്റ്റിയാനോയും എംബാപ്പെയും ഞാനുമാണ്. 

ചോ: ജീവിതത്തിൽ ഏറ്റവും ആസ്വദിച്ച മൂന്നു കളിക്കാർ ആരൊക്കെയാണ്. 
ഉ: റൊണാൾഡിഞ്ഞൊ, റോബിഞ്ഞൊ, മെസ്സി

ചോ: ഫുട്‌ബോളിന് പുറത്ത് ഏറ്റവും ആസ്വദിക്കുന്ന മൂന്നു കളിക്കാർ.
ഉ: ഗബ്രിയേൽ മെദീന, സ്റ്റീഫ് കറി, ലെബ്രോൺ ജെയിംസ്

ചോ: ഏറ്റവും ആസ്വദിക്കുന്ന ടെലിവിഷൻ പ്രോഗ്രാമുകളും സിനിമകളുമേതാണ്?
ഉ: സീരിയലുകൾ കാണാൻ ഇഷ്ടമാണ്. ഒരുപാട് സീരിയലുകളുണ്ട്. കൂടുതൽ ഇഷ്ടം മണി ഹെയ്സ്റ്റിനോടാണ്. 

ചോ: ഏതു വിഭവമാണ് ഇഷ്ടം. പ്രിയപ്പെട്ടവർക്കായി എന്തെങ്കിലും തയാറാക്കേണ്ടി വന്നാൽ എന്താണ് കൊടുക്കുക?
ഉ: അരി ഭക്ഷണത്തോടാണ് പ്രിയം. ബ്ലാക്ക് ബീൻസ്, ബീഫ്, ഫ്രൈ എന്നിവയും ഇഷ്ടമാണ്. എന്നാൽ എന്റെ കുക്കിംഗ് വളരെ മോശമാണ്. എന്റെ അതിഥികൾക്ക് പരമാവധി ഉണ്ടാക്കിക്കൊടുക്കാനാവുക നല്ല പുഴുങ്ങിയ മുട്ട മാത്രമാണ്. 


 

Latest News