Sorry, you need to enable JavaScript to visit this website.

ഡീപ് ഫെയ്ക്ക് വീഡിയോകൾക്കെതിരെ ട്വിറ്റർ; മുദ്രകുത്തും പുറന്തള്ളും

ഒട്ടും സംശയം തോന്നാത്ത ഡീപ് ഫെയ്ക്ക് വീഡിയോകൾ വ്യാപകമായതോടെ ഉപയോക്താക്കളെ സഹായിക്കാൻ ഇത്തരം വ്യാജ വീഡിയോകൾ വേർതിരിച്ച് ലേബൽ നൽകാൻ ട്വിറ്റർ ഒരുങ്ങുന്നു. പരിധികൾ ലംഘിക്കുന്ന വീഡിയോകൾ ഒഴിവാക്കാനും നടപടിയുണ്ടാകും. 
നിർമിത ബുദ്ധിയും മറ്റു നൂതന സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് ഡീപ് ഫെയ്ക്ക് ഡിയോകൾ നിർമിക്കുന്നത്. തുടക്കത്തിൽ അശ്ലീല വീഡിയോകളിൽ പരിമിതമായിരുന്ന ഇത് ഇപ്പോൾ എല്ലാ മേഖലകളിലും ഉപയോഗിക്കുന്നു. വ്യക്തിയുടെ രൂപമോ സംഭാഷണമോ വളച്ചൊടിക്കാൻ ഇതു വഴി സാധിക്കും.
നൂതന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റുചെയ്ത് തയാറാക്കുന്ന ഡീപ് ഫെയ്ക്ക് വീഡിയോകൾ ഗണ്യമായി വർധിക്കുകയും ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയും ചെയ്യുന്നു. അടുത്ത മാസം മുതൽ ഫെയ്ക്ക് വീഡിയോകൾ അടയാളപ്പെടുത്തുമെന്നും വേണ്ടി വന്നാൽ നീക്കം ചെയ്യുമെന്നും ട്വിറ്റർ ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു.
ഇങ്ങനെ പോസ്റ്റ് ചെയ്യപ്പെടുന്ന വീഡിയോകളും ഫോട്ടോകളും ചില സാഹചര്യങ്ങളിൽ കൃത്രിമമാണെന്ന് ലേബൽ ചെയ്തുകൊണ്ട് സോഷ്യൽ മീഡിയ നെറ്റ്‌വർക്കിൽ തുടരാൻ അനുവദിക്കും.  മറ്റു സാഹചര്യങ്ങളിൽ, പൊതു സുരക്ഷയെ ബാധിക്കുകയോ ഗുരുതരമായ ദോഷം വരുത്തുകയോ ചെയ്യുമ്പോൾ വീഡിയോകളും ഫോട്ടോകളും  നീക്കംചെയ്യാൻ സാധ്യതയുണ്ടെന്നും ട്വിറ്റർ അധികൃതർ വ്യക്തമാക്കി. 
ഈ വർഷം നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കെ കൃത്രിമ മാധ്യമങ്ങളെ തിരിച്ചറിഞ്ഞ് നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിർബന്ധിതമാണ്. തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകളിലൂടെയോ സോഷ്യൽ മീഡിയയിൽ പങ്കിട്ട ഫോട്ടോകളിലൂടെയോ ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്ന ആശങ്കയുണ്ട്. കഴിഞ്ഞ യു.എസ് തെരഞ്ഞെടുപ്പിൽ പുറമെനിന്ന് ഇടപടലുകളുണ്ടായതിനെ ചൊല്ലിയുള്ള വിവാദം ഇനിയും അവസാനിച്ചിട്ടില്ല. 
ട്വിറ്ററിന്റെ പുതിയ കൃത്രിമ മീഡിയ നയം മാർച്ച് അഞ്ച് മുതൽ പ്രാബല്യത്തിൽ വരും. കൃത്രിമ വീഡിയോകൾ കൈകാര്യം ചെയ്യുന്നതിനുള്ള വിവിധ മാർഗങ്ങളെ കുറിച്ച് പരിശോധിക്കുമെന്നും ഉപയോക്താക്കളോട് അഭിപ്രായം ആരായുമെന്നും മൂന്ന് മാസം മുമ്പ് ട്വിറ്റർ അറിയിച്ചിരുന്നു. മൂന്ന് മാസത്തെ പഠനങ്ങൾക്കുശേഷമാണ് കമ്പനി അനുയോജ്യമായ മാർഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്. 
വീഡിയോ അല്ലെങ്കിൽ ഫോട്ടോ ഗണ്യമായി മാറ്റിയിട്ടുണ്ടോ? കബളിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ  തന്നെ ഷെയർ ചെയ്തതണോ? പൊതു സുരക്ഷക്ക് ഭീഷണിയാണോ ? ഉപയോക്താവിന് ദോഷം വരുത്തുമോ? തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാണ് പ്രശ്‌നം പരിഹരിക്കുകയെന്ന് കമ്പനി അറിയിച്ചു.
ആദ്യ രണ്ട് ചോദ്യങ്ങൾക്കും ഉത്തരം അതെ എന്നാണെങ്കിൽ വീഡിയോകളും ഫോട്ടോകളും കാണുന്നവർക്കും ലൈക്ക് ചെയ്യുന്നവർക്കും റീട്വീറ്റ് ചെയ്യുന്നവർക്കും മുന്നറിയിപ്പ് നൽകി വ്യാജമാണെന്ന് ലേബൽ ചെയ്യും. ഉള്ളടക്കം ദോഷം വരുത്തുമെന്ന് ബോധ്യപ്പെട്ടാൽ ട്വിറ്റർ അത് നീക്കം ചെയ്യാൻ സാധ്യതയുണ്ടെന്നും ട്വിറ്റർ സുരക്ഷാ മേധാവി ഡെൽ ഹാർവി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ മെയ് മാസത്തിൽ യു.എസ് സ്പീക്കർ നാൻസി പെലോസിയുടെ ഒരു കൃത്രിമ വീഡിയോ ഫെയ്‌സ്ബുക്കിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു. പെലോസിയും മറ്റു രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടിട്ടും വീഡിയോക്കെതിരെ  നടപടി സ്വീകരിക്കാൻ ഫെയ്‌സ് ബുക്ക് ഒരു ദിവസമെടുത്തു.  നടപ്പിലാക്കാനുള്ള കാലതാമസമെന്നാണ് ഫെയ്‌സ് ബുക്ക് മേധാവി സക്കർബർഗ് ഇതേക്കറിച്ച് ക്ഷമാപണത്തിൽ പറഞ്ഞത്. തുടർന്ന് ഈ വീഡിയോ കൃത്രിമമാണെന്ന ലേബൽ നൽകി ഷെയറിംഗ് പരിമിതപ്പെടുത്തുകയാണ് ചെയ്തത്. ഇതേ വീഡിയോ ട്വിറ്ററിന്റെ പുതിയ നയമനുസരിച്ചാണെങ്കിൽ ഗണ്യമായി മാറ്റം വരുത്തിയത് കണക്കിലെടുത്ത് ലേബൽ ചെയ്യുകയാണ് ഉണ്ടാവുകയെന്ന്ട്വിറ്ററിന്റെ സൈറ്റ് ഇന്റഗ്രിറ്റി തലവൻ യോവൽ റോത്ത് പറഞ്ഞു. ഇത് ട്വിറ്ററിൽനിന്ന്  നീക്കംചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെലോസി വീഡിയോക്ക് ശേഷം കൃത്രിമ ഉള്ളടക്കത്തെക്കുറിച്ച് ഫെയ്‌സ് ബുക്ക് സ്വന്തം നയം പുറത്തിറക്കിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്നതും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ മെഷീൻ ലേണിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുകയും ചെയ്ത വീഡിയോകൾ മാത്രമേ ഫെയ്‌സ് ബുക്ക് നീക്കം ചെയ്യുകയുള്ളൂ.  ബാക്കിയുള്ളവ വസ്തുത പരിശോധക സംഘം വിലയിരുത്തുകയും ലേബൽ നൽകി ഷെയറിംഗ് പരിമിതപ്പെടുത്തുകയും ചെയ്യും. നിർമിത വീഡിയോ ഡീപ് ഫെയ്ക്ക് വീഡിയോ എന്ന നിർവചനത്തിൽ വന്നില്ലെങ്കിൽ പോലും  എഡിറ്റിംഗ് സാങ്കേതികവിദ്യയുടെ നൂതനത കണക്കിലെടുക്കാതെ തന്നെ കൃത്രിമ വീഡിയോകളും ഫോട്ടോകളും നീക്കം ചെയ്യുക എന്നതാണ് ട്വിറ്റർ നയമെന്ന് കമ്പനി വക്താവ് പറഞ്ഞു. എങ്ങനെ നിർമിച്ചു എന്നതല്ല എന്തു നിർമിച്ചു എന്നതിനായിരിക്കും ഇക്കാര്യത്തിൽ പരിഗണനയെന്ന് യോവൽ റോത്ത് കൂട്ടിച്ചേർത്തു.
 

Latest News