Sorry, you need to enable JavaScript to visit this website.

12,000 പിന്നിട്ട് ജാഫര്‍, ഒടുവില്‍  പിടികൊടുത്ത് സര്‍ഫറാസ്

നാഗ്പൂര്‍ - കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ വെറ്ററന്‍ ബാറ്റ്‌സ്മാന്‍ വസീം ജാഫറും ഗണേശ് സതീഷും നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭയെ കരകയറ്റി.  23 റണ്‍സിലെത്തുമ്പോഴേക്കും ഓപണര്‍മാരായ അനിരുദ്ധ ചൗധരിയെയും (0) ഫൈസ് ഫസലിനെയും (10) നഷ്ടപ്പെട്ട ശേഷമാണ് വിദര്‍ഭ പിടിച്ചുകയറിയത്. ജാഫറും (57) സതീഷും (58) മൂന്നാം വിക്കറ്റില്‍ 104 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.  
പ്രായം തളര്‍ത്താത്ത ജാഫര്‍ രഞ്ജിയില്‍ 12,000 റണ്‍സ് പിന്നിടുന്ന ആദ്യ ബാറ്റ്‌സ്മാനായി. നാല്‍പത്തൊന്നുകാരന്‍ 1996-97 ലാണ് മുംബൈക്കു വേണ്ടി അരങ്ങേറിയത്. മുന്‍ ഇന്ത്യന്‍ ഓപണറായ ജാഫര്‍ 2018 ല്‍ 11,000 റണ്‍സ് പിന്നിടുന്ന ആദ്യ ബാറ്റ്‌സ്മാനായിരുന്നു. ജാഫര്‍ ഇന്ത്യക്കു വേണ്ടി 31 ടെസ്റ്റ് കളിച്ചിരുന്നു. അഞ്ച് സെഞ്ചുറിയും 11 അര്‍ധ സെഞ്ചുറിയും നേടി. 
അജയ്യമായി കുതിച്ച മുംബൈയുടെ ഇരുപത്തിരണ്ടുകാരന്‍ സര്‍ഫറാസ് ഖാനെ (78) ഒടുവില്‍ സൗരാഷ്ട്ര ബൗളര്‍മാര്‍ പിടിച്ചുകെട്ടി. കഴിഞ്ഞ മത്സരങ്ങളില്‍ 301 റണ്‍സുമായും 226 റണ്‍സുമായും സര്‍ഫറാസ് പുറത്താവാതെ നിന്നിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പുറത്താവാതെ അറുനൂറിലേറെ റണ്‍സ് നേടുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാനായി സര്‍ഫറാസ്. 

Latest News