Sorry, you need to enable JavaScript to visit this website.

കായികതാരങ്ങളോട് സൗമനസ്യമോ?

ലൈംഗികാരോപണം പലപ്പോഴും രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവർത്തകരുടെയും അഭിനേതാക്കളുടെയും ജീവിതം തകർക്കുമ്പോൾ കായിക താരങ്ങളോട് ആരാധകർ സൗമനസ്യം കാണിക്കാറുണ്ടോ? കോബി ബ്രയാന്റിന്റെ നിര്യാണത്തോടെ ഉയർന്നുവന്ന ചോദ്യമാണ് ഇത്. സങ്കീർണമായ ഭൂതകാലം എന്ന വാക്കിലൊതുക്കി സൗകര്യപൂർവം അവരുടെ ചെയ്തികൾ മറച്ചുവെക്കപ്പെടുകയാണ് പതിവ്. 17 വർഷം മുമ്പ് ഉണ്ടായ ലൈംഗികാരോപണം ഒരു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യാതിരിക്കുന്നത് മനഷ്യത്വമാണെന്ന് വാദിക്കുന്നവരുണ്ട്. കളിക്കളത്തിലെ വിജയം പലപ്പോഴും കൊള്ളരുതായ്മകളെ മറച്ചുപിടിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. 
കളിക്കാരെ ആരാധകർ ഉറ്റുനോക്കുന്നത് ജയിക്കാനാണ്, അവരുടെ ജീവിതമൂല്യങ്ങൾ ആരും അധികം വിശകലനം ചെയ്യാറില്ല. കളിക്കാർക്കുള്ള മാനദണ്ഡം വ്യത്യസ്തമാണ് -പ്രമുഖ ജേണലിസ്റ്റ് മികി ടേണർ പറയുന്നു. അടുത്ത മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ കളിക്കാർക്ക് തങ്ങളെ പുതിയ വെളിച്ചത്തിൽ പ്രദർശിപ്പിക്കാൻ കഴിയുമെന്ന് കോട്‌നി കോക്‌സ് ചൂണ്ടിക്കാണിക്കുന്നു.  
ബ്രയാന്റിനെതിരെ ആരോപണം ഉയരുമ്പോൾ അദ്ദേഹത്തിന്റെ ആരാധകരിൽ വലിയൊരു വിഭാഗം ജനിച്ചിട്ടു പോലുമില്ല. ബാക്കി അധികം പേരും വാർത്ത മനസ്സിലാക്കാനുള്ള പ്രായത്തിലെത്തിയിട്ടില്ല. എങ്കിലും നാം ജീവിക്കുന്നത് മിടൂ യുഗത്തിലാണ്. എത്ര പേരുടെ ഭൂതകാലമാണ് ഗൂഗിളിൽ പരതി നാം ചികഞ്ഞെടുത്തത്. ചിന്തിക്കാതെ പോസ്റ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റ് പോലും പല സെലിബ്രിറ്റികളുടെയും ജീവിതചിത്രം മാറ്റിമറിച്ചു. പരാതികൾ ഗൗരവത്തോടെ ചർച്ച ചെയ്യപ്പെട്ടു. 
ഇന്നാണ് കോബി ബ്രയാന്റിനെതിരെ ആരോപണമുയരുന്നതെങ്കിൽ പഴയതു പോലെയാവില്ല അത് നേരിടുന്നതെന്ന് പലരും കരുതുന്നു. കടന്നു പോയ 17 വർഷത്തിനിടെ ബ്രയാന്റ് നാലു പെൺമക്കളുടെ പിതാവായി. വനിതാ സ്‌പോർട്‌സിന്റെ ശക്തനായ വക്താവായി. പൗരുഷത്തിന്റെ പ്രതീകവും കഠിനാധ്വാനത്തിന്റെ മറുവാക്കുമായി. 
പലർക്കും അയാൾ എക്കാലത്തെയും മികച്ച കളിക്കാരനാണ്. പക്ഷെ അതു മാത്രമല്ല അയാൾ വിട്ടേച്ചുപോയത്. ചർച്ച ചെയ്യേണ്ട മറ്റു പലതുമുണ്ട്.
 

Latest News