Sorry, you need to enable JavaScript to visit this website.

മരണവും മാനഭംഗവും

ബാസ്‌കറ്റ് ബോൾ രോമാഞ്ചം കോബി ബ്രയാന്റിന്റെ മരണം കായിക ലോകത്തെ നടുക്കുകയും ആരാധകരെ വേദനയിലാഴ്ത്തുകയും ചെയ്തു. കായികലോകത്തിന്റെ അതിർവരമ്പുകൾ മായിച്ച അനുശോചനപ്രവാഹമാണ് ഉണ്ടായത്. കോബിയും പതിമൂന്നുകാരിയായ മകളും ഹെലിക്കോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഈ കൊടിയദുരന്തത്തിന്റെ നിമിഷത്തിൽ താരത്തിന്റെ ജീവിതത്തിലെ കറുത്തപാടുകൾ ചർച്ച ചെയ്യുന്നത് ഉചിതമാണോ?

കോബി ബ്രയാന്റിന്റെ മരണത്തോടൊപ്പം സ്വാഭാവികമായും അണപൊട്ടിയ വികാരപ്രകടനങ്ങൾ അലയടിച്ചു. അവിശ്വസനീയത, ഞെട്ടൽ, ദുഃഖം, ചിലർക്കെങ്കിലും രോഷം... രോഷം ഐതിഹാസിക ബാസ്‌കറ്റ്‌ബോൾ കളിക്കാരനെക്കുറിച്ചായിരുന്നില്ല, സ്‌നേഹനിധിയായ പിതാവിനെക്കുറിച്ചുമായിരുന്നില്ല, അയാളുടെ ജീവിതത്തിലെ ചില സംഭവങ്ങൾ പറയാതെ പോവുന്നതിലാണ്. ബ്രയാന്റെ അത്യുജ്വല നേട്ടങ്ങളെക്കുറിച്ച വാഗ്‌ധോരണികൾക്കിടയിൽ അപൂർവമായേ അത് പരാമർശിക്കപ്പെട്ടുള്ളൂ, ചില കൊള്ളരുതായ്മകളും ആ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നത്. 


2003 ജൂലൈയിൽ കൊളറാഡോയിലെ കോർഡിലേറ എഡ്വേഡ്‌സ് ലോഡ്ജ് ആന്റ് സ്പായിലെ പത്തൊമ്പതുകാരിയെ ലൈംഗികമായി അതിക്രമിച്ചതിന് ബ്രയാന്റിനെതിരെ കുറ്റം ചുമത്തിയിരുന്നു. യുവതിയോട് ലൈംഗികബന്ധത്തിന് വ്യക്തമായ സമ്മതം ചോദിച്ചിരുന്നില്ലെന്ന് പിന്നീട് കോബി സമ്മതിച്ചു. യുവതിയുമായി ലൈംഗിക ബന്ധമേ ഉണ്ടായിട്ടില്ലെന്നായിരുന്നു ആദ്യം വാദിച്ചത്. അവളുടെ കഴുത്തിൽ മുറിവേൽപിക്കുകയും ശരീരത്തിൽ ചോരപ്പാടുകൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു കോബി. കോബിയുടെ അഭിഭാഷക സംഘം ഭയപ്പെടുത്തുകയും അവളുടെ പ്രതിഛായ തകർക്കാൻ ശ്രമിക്കുകയും ചെയ്തതോടെ അവൾ വിചാരണയിൽ നിന്ന് വിട്ടുനിന്നു. അതോടെ ക്രിമിനൽ കേസ് കോടതി തള്ളി. അതിനു ശേഷം കോബി പരസ്യമായി മാപ്പപേക്ഷിച്ചു. 'മാസങ്ങളോളം നടന്ന വിചാരണക്കു ശേഷം, അവളുടെ അഭിഭാഷകരുടെ വാദം കേട്ട ശേഷം, അവൾ സ്വയം പറഞ്ഞ കാര്യങ്ങൾ അറിഞ്ഞ ശേഷം ഇപ്പോൾ എനിക്കു ബോധ്യപ്പെട്ടിരിക്കുന്നു, ഈ ഒരു സംഭവത്തിന് അവളുടെ സമ്മതമുണ്ടായിരുന്നില്ലെന്ന് എനിക്കു തോന്നുന്നു'. 
പിന്നീട് സിവിൽ കേസ് വന്നപ്പോൾ വെളിപ്പെടുത്താത്ത അത്ര തുക നൽകി കോബി അത് ഒത്തുതീർത്തു.
ഈ യുവതിയോട് കാണിച്ച അനീതിയിലും അവളുടെ ജീവിതം തകിടം മറിക്കുന്ന തരത്തിൽ നിയമത്തിന്റെ കുതന്ത്രം പ്രയോഗിക്കുന്നതിലും കോബിയുടെ പങ്ക് മറച്ചുപിടിക്കുന്നത് നിരുത്തരവാദപരമായിരിക്കും. അതോടൊപ്പം, കോബിയുടെ ജീവിതത്തെയും മരണത്തെയും കുറിച്ച് സംസാരിക്കുമ്പോൾ ഈ സംഭവത്തിലേക്ക് മാത്രം കാര്യങ്ങളൊതുക്കുന്നത് ശരിയായ രീതിയുമല്ല. 


എൻ.ബി.എ സൂപ്പർ സ്റ്റാർ കോബിയും പതിമൂന്നുകാരി മകൾ ജിയാനയുമുൾപ്പെടെ ഒമ്പതു പേർ കൊല്ലപ്പെട്ട ഹെലിക്കോപ്റ്റർ ദുരന്തത്തെക്കുറിച്ച്  അറിഞ്ഞപ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം വന്ന ചിത്രം എന്റെ ചേട്ടനെക്കുറിച്ചാണ്. കടലാസു കൊണ്ടുണ്ടാക്കിയ ബാസ്‌കറ്റ്‌ബോളുകൾ വെയ്‌സ്റ്റ് പെട്ടിയിലേക്ക് വലിച്ചെറിഞ്ഞ് കളിക്കുമ്പോൾ അവൻ ഓരോ തവണയും അലറി വിളിച്ചിരുന്നത് കോബി, കോബി എന്നായിരുന്നു. ബ്രയാന്റെ വിധവ വനേസയും, പിതാവ് നഷ്ടപ്പെട്ട പെൺമക്കളും എന്റെ മനസ്സിലേക്ക് വന്നു. അവരെല്ലാം ശിഷ്ടജീവിതം നയിക്കേണ്ടത് ദുഃഖത്തിന്റെ ആവരണത്തിനകത്താണ്. ബ്രയാന്റിനെ മാതൃകയായി കണ്ട നിരവധി കറുത്തവർഗക്കാരായ കുട്ടികളെയും അവരുടെ കുടുംബത്തെയും കുറിച്ച് ഞാൻ ചിന്തിച്ചു. ഒപ്പം ബ്രയാനെതിരെ മാനഭംഗമാരോപിച്ച ആ യുവതിയും എന്റെ മനസ്സിലേക്ക് വന്നു, തന്റെ വേട്ടക്കാരനെക്കുറിച്ച് ലോകം പുകഴ്ത്തുപാട്ട് പാടുന്നതു അനുഭവിക്കേണ്ടി വരുന്ന അവരുടെ ചിത്രം. 
ലൈംഗികാതിക്രമങ്ങളുടെ സങ്കീർണതകളെക്കുറിച്ച് കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ മിടൂ പ്രസ്ഥാനം നമ്മെ സഹായിച്ചിട്ടുണ്ട്. ഒരു വ്യക്തി ഒരേസമയം ഇണക്കും മക്കൾക്കും മുന്നിൽ നല്ലവനാവാം, ഒരുപാട് തുക ദാനം ചെയ്യാം, ഒരുപാട് പേരെ സ്വാധീനിക്കുന്ന മഹദ്കൃത്യങ്ങൾ ചെയ്യാം -ഒപ്പം അയാൾക്ക് വികൃതജന്തുവുമാവാം. എങ്കിൽ പോലും ഒരു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരാളുടെ യഥാർഥ വലിപ്പം അളക്കുക ബുദ്ധിമുട്ടാണ്. സോഷ്യൽ മീഡിയയുടെ സമ്മർദ്ദം അപാരമാണ്. അളക്കാനാവാത്ത വിധം വാർത്തകളാണ് തൽസമയം നമ്മുടെ മുന്നിലേക്ക് വരുന്നത്. ഒന്നുകിൽ നല്ലത് അല്ലെങ്കിൽ ചീത്ത, ഒന്നുകിൽ ശരി അല്ലെങ്കിൽ തെറ്റ്, ഒന്നുകിൽ ലൈംഗികാതിക്രമിയുടെ കൂടെ അല്ലെങ്കിൽ ഇരയുടെ കൂടെ ... തുടങ്ങി രണ്ടിലേതെങ്കിലുമൊരു കള്ളിയിൽ നി്ൽക്കാൻ നാം നിർബന്ധിതരാണ്. പക്ഷെ അപൂർവമായേ കാര്യങ്ങൾ ഇത്ര ലളിതമാവാറുള്ളൂ. യാഥാർഥ്യം പലപ്പോഴും രണ്ടും കൂടിച്ചേർന്നതാവും. 
ബ്രയാന്റ് പ്രായവും പക്വതയുമാർജിച്ചതിൽ പിന്നെ വനിതാ സ്‌പോർട്‌സിന്റെ അംബാസഡറായി. തന്റെ മകളുടെ ബാസ്‌കറ്റ്‌ബോൾ ടീമിന്റെ പരിശീലകനായി. പെൺകുട്ടിയുടെ അച്ഛനാവുന്നതിൽ അഭിമാനം കൊണ്ടു. പക്ഷെ മക്കളോടും വനിതാ സ്‌പോർട്‌സിനോടും ഉച്ചനീചത്വമില്ലാത്ത ലോകത്തിനും വേണ്ടിയുള്ള അയാളുടെ പ്രതിബദ്ധത അയാളുടെ തെറ്റിനുള്ള പശ്ചാത്താപമാവുന്നില്ല. ബ്രയാന്റിനും അയാളുടെ കുടുംബത്തിനുമുണ്ടായ കൊടിയ ദുരന്തത്തെ അംഗീകരിച്ചേ തീരൂ. കോർടിൽ അയാളുടെ ഐതിഹാസിക പ്രകടനത്തെ മാനിച്ചേ പറ്റൂ. ഒപ്പം അപരിഹാര്യമായ രീതിയിൽ അയാൾ സൃഷ്ടിച്ച മാനസിക വ്യഥയെക്കുറിച്ചും പറയേണ്ടതുണ്ട്.  
ഫെമിനിസത്തെക്കുറിച്ച ചില വാദങ്ങൾ കേൾക്കുമ്പോൾ അതു മനുഷ്യത്വമല്ലെന്നു തോന്നും. എന്നാൽ ഞാൻ പിന്തുടരുന്ന ഫെമിനിസമെങ്കിലും പശ്ചാത്താപത്തിന് പഴുതനുവദിക്കുന്നുണ്ട്. ബ്രയാന്റിന് മാപ്പ് നൽകുന്നുണ്ടോയെന്ന് തീരുമാനിക്കാനുള്ള അവകാശം ഇരക്കു മാത്രമാണ്. അവൾക്കു വേണ്ടി അതു ചെയ്യാൻ മറ്റാർക്കും അവകാശമില്ല. നമുക്ക് ചെയ്യാവുന്നത് ചർച്ചകൾ അത്ര ലളിതമല്ലെന്നു സ്ഥാപിക്കുക മാത്രമാണ്. ലൈംഗികാതിക്രമത്തിനു ശേഷവും പുകഴ്ത്തപ്പെടുന്ന ആളെക്കുറിച്ച് സത്യസന്ധതയോടെ നമുക്ക് സംസാരിക്കാം. പണവും പ്രശസ്തിയും എങ്ങനെയാണ് വേട്ടക്കാരെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുന്നതിനെക്കുറിച്ചും സംസാരിക്കാം.  ഇതുപോലൊരു പ്രായത്തിൽ, ഇതുപോലെ ആരാധകർ ദുഃഖിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ബ്രയാന്റ് ഇതുപോലൊരു ദുരന്തം അർഹിച്ചിട്ടില്ലെന്ന് അംഗീകരിച്ചു കൊണ്ടു തന്നെ അത് സാധിക്കും. 
കടപ്പാട്: ദ ടൈം മാഗസിൻ.

Latest News