Sorry, you need to enable JavaScript to visit this website.

അവരുടെ കാര്യത്തിൽ അശ്രദ്ധ അരുതേ

പെൺമക്കൾ പതിവില്ലാത്ത വിധം വാർത്തകളിൽ നിറഞ്ഞുകൊണ്ടിരിക്കുന്ന കാലമാണിത്. പിറക്കുന്നതിനു മുൻപേ തന്നെ ലിംഗനിർണയം നടത്തി പെണ്ണാണെന്ന് കണ്ടാൽ നിഷ്ഠുരമായി ഇല്ലാതാക്കിക്കളയുന്ന കിരാതമായ പ്രവണത പരിഷ്‌കൃതമെന്ന് നാം അഭിമാനിക്കുന്ന ഈ ആധുനിക കാലത്തും അനുസ്യൂതം തുടരുന്നത് കണ്ടുകൊണ്ടിരിക്കുന്നു. 
മാതാപിതാക്കളിൽ നിന്ന് പെൺമക്കൾക്ക് ഏറെ ശ്രദ്ധയും കനിവും മാർഗ നിർദേശങ്ങളും ആവശ്യമുള്ള കാലഘട്ടം കൂടിയാണിത്. പെൺകുട്ടികളെ മാതാക്കളാണ് വളർത്തേണ്ടത് എന്നത് പല പിതാക്കളുടെയും തെറ്റായ ധാരണയാണ്. 


താൻ ആൺകുട്ടികളുടെ കാര്യത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതി എന്നാണ് അധിക പിതാക്കളും കരുതുന്നത്. എന്നാൽ പെൺകുട്ടികളുടെ ജീവിതത്തിലെ പല നിർണായകമായ തീരുമാനങ്ങൾ എടുക്കുന്നതിനും പലതരം പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും പിതാവിന്റെ മാർഗ നിർദേശങ്ങളും സഹകരണവും ക്രിയാത്മകമായ ഇടപെടലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 
ഏതെങ്കിലും പ്രശ്‌നവുമായി മകൾ മാതാപിതാക്കളെ സമീപിച്ചാൽ അവളെ യാതൊരു കാരണ വശാലും അവഗണിക്കുകയോ അപഹസിക്കുകയോ ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അവളുടെ വിചാര വികാരങ്ങൾ സ്വതന്ത്രമായി അവതരിപ്പിക്കാൻ അവളെ അനുവദിക്കുക. മാത്രമല്ല, അവളുടെ പ്രശ്‌നത്തെ താൽപര്യത്തോടെ കേൾക്കുകയും കൂടുതൽ വ്യക്തമായി പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ സഹായിക്കുന്ന പ്രസക്തമായ ചോദ്യങ്ങൾ അവളോട് ചോദിക്കുകയും വേണം. 


നിങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പക്ഷേ വളരെ നിസ്സാരമെന്ന് തോന്നുന്ന കാര്യമായിരിക്കും മകൾ വലിയ ഗൗരവമുള്ള പ്രശ്‌നമായി അവതരിപ്പിക്കുക. അവരുടെ ചെറിയ ലോകത്തിലെ വലിയ പ്രശ്‌നമായി അതിനെ തിരിച്ചറിയാനുള്ള വിവേകം കാണിക്കുകയാണ് ആദ്യം വേണ്ടത്. തുടർന്ന് പ്രശ്‌ന പരിഹാരത്തിന് മകളെ സ്വയം പ്രാപ്തമാക്കുന്നതിനുതകുന്ന തരത്തിൽ പ്രതികരിക്കുകയും ചെയ്യണം.
നിങ്ങളുടെ മകൾക്ക് നിങ്ങളുമായി അവരുടെ പ്രശ്‌നങ്ങൾ പങ്കുവെക്കാനും പരിഹാരം തേടാനുമുള്ള അവസരം സാധ്യമാവുന്നത് അപ്പോഴാണ്. ഹൃദ്യവും ഊഷ്മളവുമായ വിനിമയ ബന്ധം സ്ഥാപിക്കാൻ ബോധപൂർവം വളർത്തിയെടുക്കുന്ന ക്ഷമയും പ്രതികരണ ശൈലികളും കൂടിയേ തീരൂ. മകൾക്ക് അവളുടെ പ്രശ്‌നങ്ങളും പ്രതീക്ഷകളും തുറന്നു പറയാനുള്ള വൈകാരികമായ സുരക്ഷിതത്വവും സ്വാതന്ത്ര്യവും രക്ഷിതാവെന്ന നിലയിൽ അനുവദിച്ചു നൽകണം എന്നർത്ഥം. 


എല്ലാ തരത്തിലുള്ള പ്രത്യേകതകളോടും കൂടി ഒരു വ്യക്തി എന്ന നിലയിൽ ആദരിക്കപ്പെടുന്നതായി അവൾക്ക് ബോധ്യപ്പെടുന്ന തരത്തിൽ വേണം മകളോട് പെരുമാറാൻ. അതേ സമയം അമിതമായ ലാളനകളും നിയന്ത്രണങ്ങളും കൊണ്ടവളെ ശ്വാസം മുട്ടിക്കരുത്. പരിധികളില്ലാത്ത സ്വാതന്ത്ര്യം നൽകി അവളെ വഴികേടിലാക്കുകയുമരുത്. 
ഞാനൊരു നല്ല കേൾവിക്കാരനാണോ എന്ന് സ്വയം ചോദിക്കുന്നത് ഇതിനെല്ലാം ഒരു പരിധി വരെ നമ്മെ സഹായിക്കും. ഒപ്പം, നല്ല ഒരു രക്ഷിതാവ് ആവാൻ ഞാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന കാര്യവും മകളോട് ചോദിക്കുന്നതും നല്ലതായിരിക്കും. 
കുട്ടിയുടെ മാനസികാവസ്ഥകൾ പരിഗണിച്ചും പരിമിതമായ അവളുടെ അനുഭവ പശ്ചാത്തലത്തെ കണക്കിലെടുത്തും വേണം അവളുടെ പരാതികളും പരിഭവങ്ങളും കേൾക്കാനും അവയോട് പ്രതികരിക്കാനും.


എനിക്ക് നിന്റെ കലാലയ ജീവിതത്തെ കുറിച്ചും കൂട്ടുകാരെ കുറിച്ചും കൂടുതൽ അറിയാൻ താൽപര്യമുണ്ട് എന്ന് പറയുന്ന രക്ഷിതാവിനോട് കൂടുതൽ വ്യക്തമായി അവളുടെ കലാലയ ജീവിതവും അവൾ അനുഭവിക്കുന്ന വെല്ലുവിളികളും പ്രതിസന്ധികളും മകൾ പങ്കുവെക്കും എന്നുള്ളതിൽ സംശയമില്ല. 
മകളുടെ ശാരീരിക സൗന്ദര്യത്തെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും ക്രിയാത്മകമായ അഭിപ്രായങ്ങൾ ഇമ്പമാർന്ന തരത്തിൽ പറയാനും അവളിലെ നന്മകളെക്കുറിച്ചും കഴിവുകളെ കുറിച്ചും ഉണർത്താനും സമയം കണ്ടെത്തണം. 
മക്കളുടെ സൗന്ദര്യത്തെ കുറിച്ച് നല്ല വാക്ക് പറയാത്ത മാതാപിതാക്കളുള്ള വീട്ടിൽനിന്ന് പുറത്ത് പോകുന്ന പെൺകുട്ടികളാണ് നല്ല വാക്കും അംഗീകാരവും തേടി മറ്റു പലയിടങ്ങളിലും അലയുന്നത്. പലപ്പോഴും അപകടങ്ങൾ പതിയിരിക്കുന്ന ഇടങ്ങളിലേക്കായിരിക്കും ഒടുവിൽ അവർ ചെന്നെത്തുക. പല കുട്ടികളും ഭീകരമായ കെണികളിൽ അകപ്പെടുന്നതിന്റെ മൂല കാരണം വീട്ടിൽ വേണ്ടത്ര സ്‌നേഹ ലാളനകളൂം അംഗീകാരവും ലഭിക്കാത്തതാണെന്ന് കാണാം.


സുന്ദരിയാണെന്ന് കേൾക്കാനും അംഗീകരിക്കപ്പെടാനും ഏറെ താൽപര്യമുള്ള കൗമാര പ്രായത്തിലുള്ള മകളോട് അവളുടെ കുറ്റവും കുറവും എണ്ണിപ്പറയുന്ന മാതാപിതാക്കൾ അവളിൽ ഉൽപാദിപ്പിക്കുന്നത് സ്വയം പഴിക്കുന്ന വികലമായ ആത്മബോധമായിരിക്കും. ഏറ്റവുമാദ്യം അംഗീകരിക്കപ്പെടുന്നത് സ്വന്തം വീട്ടിൽ നിന്നാണെങ്കിൽ മറ്റുള്ളവരുടെ അംഗീകാരത്തിന് പിന്നാലെ അവൾ പോവില്ല. വളർച്ചയുടെ ഭാഗമായി പല ന്യൂനതകളും അവളിൽ കണ്ടേക്കാം. അവയെല്ലാം അവധാനതയോടെ തിരിച്ചറിഞ്ഞ് തിരുത്താനും തിരുത്തിക്കാനും രക്ഷിതാക്കൾ ജാഗ്രത പുലർത്തണം. 
സ്വന്തം മകളുടെ വ്യത്യസ്തമായ കഴിവുകൾ കണ്ടെത്തുകയും അവ പരിപോഷിപ്പിക്കുകയും അവക്കാവശ്യമായ പ്രോത്സാഹനം നൽകുകയും ചെയ്യുന്ന ഇടമായിരിക്കണം വീട്. അവരുടെ കഴിവുകളെയും സിദ്ധികളെയും തിരിച്ചറിഞ്ഞ് വിലയിരുത്തി അവയെക്കുറിച്ച് ആ രംഗങ്ങളിൽ മികവ് പുലർത്തുന്നവരുമായി സംസാരിച്ച് സഹായങ്ങൾ ലഭ്യമാക്കിയും മാർഗനിർദേശങ്ങൾ നൽകിയും പിന്തുണയ്ക്കുന്ന രക്ഷിതാക്കൾ അവളിൽ ഉദാത്തമായ ആത്മബോധമാണ് വളർത്തുന്നത്.


പഠന തൊഴിൽ മേഖലകളിലും രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സേവന രംഗത്തുമുൾപ്പടെ ജീവിതത്തിന്റെ സകല രംഗത്തും പൂർവാധികം ആർജവത്തോടെയും പ്രതിബദ്ധതയോടെയും തിളക്കമാർന്ന തരത്തിൽ പ്രബലമായി മുന്നേറുന്ന പെൺകരുത്ത് ആരോഗ്യമുള്ള സമൂഹത്തിന്റെ ഉത്തമ ലക്ഷണമാണ്. ലിംഗ നീതി ഉറപ്പാക്കി ധാർമിക മൂല്യങ്ങളോടെ മക്കളെ വളർത്തുന്ന ഗാർഹികാന്തരീക്ഷം ഈ ഗുണപരമായ മുന്നേറ്റത്തിൽ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. 


സാമൂഹ്യ ദ്രോഹികൾ ദുഷ്ടലാക്കോടെ പടച്ചുവിടുന്ന പരസ്പര വിദ്വേഷ വിഷം ചീറ്റുന്ന വാർത്തകളുടെയും വിശകലനങ്ങളുടെയും കുത്തൊഴുക്കിൽ ദിശാബോധം നഷ്ടപ്പെടാതെ സത്യത്തിന്റെയും നീതിയുടെയും കാരുണ്യത്തിന്റെയും പക്ഷത്ത് നിലയുറപ്പിക്കാനുമുള്ള വിവേകവും ഉൾക്കരുത്തും പകർന്നേകാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ജീവിത വഴികളിൽ പല പ്രതിസന്ധികളും പ്രത്യേകിച്ച് പെൺകുട്ടികൾക്ക് അഭിമുഖീകരിക്കേണ്ടതായി വരും. യാഥാർഥ്യ ബോധത്തോടെ അവയെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും സധൈര്യം ആത്മവിശ്വാസത്തോടെ അവയെ തരണം ചെയത് മുന്നോട്ട് പോവാൻ അവരെ പ്രാപ്തരാക്കുകയും വേണം.

 
ആത്മരക്ഷക്ക് ആവശ്യമായ പ്രതിരോധ മുറകളും ആയോധന കലകളും ചെറിയ പ്രായത്തിൽ തന്നെ പെൺകുട്ടികളെ പരിശീലിപ്പിക്കണം. യോഗ, ശാസ്ത്രീയമായ വ്യായാമ മുറകൾ എന്നിവ പഠിക്കാനുള്ള അവസരങ്ങൾ ഒരുക്കുന്നതും പെൺകുട്ടികളിൽ ആരോഗ്യവും ആത്മവിശ്വാസവും വളർത്താൻ ഏറെ ഉപകാരപ്പെടും.

Latest News