Sorry, you need to enable JavaScript to visit this website.

പ്രശാന്ത് കിഷോറിനെയും പവൻ വർമയെയും ജനതാദൾ പുറത്താക്കി

പട്‌ന- പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ നിരന്തരം സംസാരിച്ച് അസ്വാരസ്യമുണ്ടാക്കിയ രണ്ട് മുതിർന്ന നേതാക്കളെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജനതാദൾ-യുവിൽനിന്ന് പുറത്താക്കി. പാർട്ടി ഉപാധ്യക്ഷൻ പ്രശാന്ത് കിഷോറിനെയും ജനറൽ സെക്രട്ടറി പവൻ വർമയെയുമാണ് 'പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ' പേരിൽ പുറത്താക്കിയത്. 
ഇരുവർക്കും ഇഷ്ടമുള്ള വഴി തെരഞ്ഞെടുക്കാമെന്നും അവർ പാർട്ടി വിട്ടുപോകുന്നത് താൻ കാര്യമായെടുക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം നിതീഷ് കുമാർ പറഞ്ഞതോടെ നടപടി ആസന്നമായതായി വ്യക്തമായിരുന്നു. ഡിസംബറിൽ തന്നെ പാർട്ടിയിൽനിന്ന് രാജിവെച്ച് പ്രശാന്ത് കിഷോർ കത്ത് നൽകിയിരുന്നെങ്കിലും അത് സ്വീകരിക്കാതെ മുന്നോട്ടു പോയ നിതീഷ് കുമാറിന് ഇരുവരും വിമർശന കാഠിന്യം തുടർന്നതോടെ നടപടിയെടുക്കാതെ നിവൃത്തിയില്ലാതെയായി. 


പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ഇരുവർക്കും പാർട്ടി നേതൃത്വവുമായി കടുത്ത ഭിന്നിപ്പുണ്ടായിരുന്നു. പൗരത്വ നിയമത്തെ പിന്തുണച്ച ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാറിനെ ചോദ്യം ചെയ്ത് പ്രശാന്ത് കിഷോറും പവൻ വർമയും പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ട്വീറ്റുകളിലൂടെ നിശിത വിമർശനമാണ് കിഷോർ നടത്തിയത്. നിതീഷ് നിലപാട് തിരുത്തണമെന്ന് നിരന്തരം അദ്ദേഹം ആവശ്യപ്പെട്ടു. ഈ സമ്മർദത്തെ തുടർന്ന് നിലപാട് മയപ്പെടുത്താൻ നിതീഷ് നിർബന്ധിതനാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇരുവരെയും പാർട്ടി പുറത്താക്കിയത്. 


നിതീഷ് കുമാറിനെതിരേ മോശം പരാമർശം നടത്തിയത് അച്ചടക്ക ലംഘനമാണെന്നും പാർട്ടി താൽപര്യങ്ങൾക്ക് വിരുദ്ധമായാണ് ഇരുവരും പ്രവർത്തിച്ചതെന്നും  പുറത്താക്കിക്കൊണ്ടുള്ള വാർത്താക്കുറിപ്പിൽ ജെ.ഡി.യു വ്യക്തമാക്കി. പാർട്ടിയുടെ ചട്ടക്കൂടിൽ നിൽക്കാൻ ഇവർക്ക് താൽപര്യമില്ലെന്ന് പരസ്യ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ഇരുവരെയും പാർട്ടയിൽനിന്ന് പുറത്താക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും ജെ.ഡി.യു അറിയിച്ചു. ആവശ്യമെങ്കിൽ പ്രശാന്ത് കിഷോറിനും പവൻ വർമക്കും ജെ.ഡി.യുവിൽനിന്ന് പുറത്തു പോയി ഏത് പാർട്ടിയിൽ വേണമെങ്കിലും ചേരാമെന്ന് ബുധനാഴ്ച നിതീഷ് കുമാർ വ്യക്കമാക്കിയിരുന്നു. പുറത്താക്കിയതിന് നന്ദി അറിയിച്ച് പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു. ബിഹാർ മുഖ്യമന്ത്രിക്കസേര നിലനിർത്താൻ നിതീഷ് കുമാറിന് എല്ലാ ആശംസകളും നേരുന്നു എന്ന കുറിപ്പോടെയാണ് പ്രശാന്ത് കിഷോറിന്റെ ട്വീറ്റ്. 


2015 ലെ നിതീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാൻ പിടിച്ചത് ഇലക്ഷൻ തന്ത്രജ്ഞനായ കിഷോറായിരുന്നു. തുടർന്ന് നിതീഷ് അദ്ദേഹത്തെ പാർട്ടി വൈസ് പ്രസിഡന്റാക്കി. പാർട്ടിയിൽ നിതീഷ് കഴിഞ്ഞാൽ രണ്ടാം സ്ഥാനക്കാരനായിരുന്നു കിഷോർ. എന്നാൽ പൗരത്വനിയമ ഭേദഗതിയെ പാർലമെന്റിൽ ജെ.ഡി.യു പിന്തുണച്ചതോടെ ബന്ധം വഷളായി. ഇതിനെതിരെ കിഷോർ ശക്തമായി രംഗത്തു വന്നു. 
വിമർശനം അധികമായതോടെ, അമിത് ഷാ പറഞ്ഞിട്ടാണ് താൻ പ്രശാന്ത് കിഷോറിനെ പാർട്ടിയിലേക്ക് കൊണ്ടുവന്നതെന്ന് നിതീഷ് പറഞ്ഞതും വിവാദമായിരുന്നു. ശക്തമായ ഭാഷയിലാണ് പ്രശാന്ത് ഇതിന് മറുപടി നൽകിയത്. നിതീഷ് അസത്യമാണ് പറയുന്നതെന്നും കഷ്ടമാണെന്നും പ്രശാന്ത് വിശദീകരിച്ചു. അമിത് ഷായുടെ ശുപാർശയിൽ വന്നയാൾ പറയുന്നത് കേൾക്കാൻ നിങ്ങൾക്ക് ധൈര്യമില്ലേ എന്നും പ്രശാന്ത് ചോദിച്ചു. ഈ പച്ചക്കള്ളം ആരും വിശ്വസിക്കില്ല.


ബി.ജെ.പിയെ വിമർശിക്കുന്ന ചില സംഭാഷണങ്ങൾ തുറന്ന കത്തിലൂടെ പുറത്തു വിട്ടാണ് പവൻ വർമ നിതീഷിനെ ചൊടിപ്പിച്ചത്. അതേസമയം, ഇരുവരെയും പുറത്താക്കിയ നടപടിയെ ജനതാദളിലെ ചില നേതാക്കൾ സ്വാഗതം ചെയ്തു. പ്രശാന്ത് കിഷോർ കൊറോണ വൈറസാണെന്നും അയാളെ വിശ്വസിക്കാൻ കൊള്ളില്ലെന്നും പാർട്ടി മുൻ വക്താവ് അജയ് അലോക് പറഞ്ഞു. പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ വിശ്വാസമാർജിക്കാൻ അയാൾക്ക് കഴിഞ്ഞിട്ടില്ല. ദൽഹിയിൽ എ.എ.പിയുമായും രാഹുൽ ഗാന്ധിയുമായും ബംഗാളിൽ മമതയുമായും ഒരേസമയം ചർച്ച നടത്തുന്നയാളിനെ എങ്ങനെ വിശ്വസിക്കുമെന്നും അജയ് അലോക് ചോദിച്ചു.

Latest News