Sorry, you need to enable JavaScript to visit this website.

ജാമിഅ നഗർ പ്രതിഷേധം: 70 പേരുടെ ചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്‌

ന്യൂദൽഹി- പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ദൽഹിയിലെ ജാമിഅ നഗറിലുണ്ടായ അക്രമ സംഭവങ്ങളിൽ പങ്കുണ്ടെന്ന് കരുതുന്ന 70 പേരുടെ ചിത്രങ്ങൾ പുറത്തുവിട്ട് ദൽഹി പോലീസ്. അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നും വീഡിയോകളിൽനിന്നും പകർത്തിയ ചിത്രങ്ങളാണ് ഇതെന്നാണ് പോലീസ് പറയുന്നത്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
സംഘർഷത്തിൽ നേരിട്ട് പങ്കെടുത്തവരുടെ ചിത്രങ്ങളാണ് പുറത്തു വിട്ടിട്ടുള്ളതെന്ന് പോലീസ് അവകാശപ്പെടുന്നു. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ 01123013918, 9750871252 എന്നീ ഫോൺ നമ്പറുകളിൽ അറിയിക്കണമെന്നും പോലീസ് നിർദേശിച്ചു.


2019 ഡിസംബർ 15 നാണ് ജാമിഅ നഗറിൽ സംഘർഷമുണ്ടായത്. ഫ്രണ്ട്‌സ് കോളനിക്ക് സമീപമുണ്ടായ സംഘർഷത്തിൽ അഞ്ച് ബസുകൾ കത്തിനശിച്ചിരുന്നു. നൂറുകണക്കിന് വാഹനങ്ങൾക്ക് കേടുപറ്റി. ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികളടക്കം നൂറുകണക്കിന് പേർ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തിരുന്നു. പ്രക്ഷോഭം അക്രമാസക്തമായതോടെ ജാമിഅ മില്ലിയ വിദ്യാർഥികളും പോലീസ് ഉദ്യോഗസ്ഥരുമടക്കം 30 ലധികം പേർക്ക് പരിക്കേറ്റിരുന്നു. പോലീസിനു നേരെ പ്രക്ഷോഭകർ കല്ലെറിഞ്ഞതോടെ പോലീസ് ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും നടത്തി. സംഭവത്തിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള എട്ട് കേസുകളിൽ 120 പേരെയാണ് പ്രത്യേക അന്വേഷണസംഘം ഇതുവരെ അറസ്റ്റു ചെയ്തിട്ടുള്ളത്.
സംഭവത്തിൽ ജാമിഅ മില്ലിയ വിദ്യാർഥികളടക്കം ഏതാനും പേരെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. പലരുടെയും ഫോണുകൾ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനക്ക് അയക്കുകയും ചെയ്തു.

Latest News