Sorry, you need to enable JavaScript to visit this website.

ജമീലാ മാലിക്ക് : പൂനെയിൽ അഭിനയം പഠിച്ച  ആദ്യ മലയാളി പെൺകുട്ടി  

ജമീലാ മാലിക്ക് :  അന്നും ഇന്നും

പതിനഞ്ച് വർഷം മുമ്പ് തിരുവനന്തപുരത്ത് വഴുതക്കാട്ടെ ഹിന്ദി പ്രചാരസഭാ ഓഫീസിലിരുന്ന് ഈ അമ്മയുമായി സംസാരിക്കുമ്പോൾ ഞാൻ അവരുടെ പഴയകാല ഫോട്ടോകളൊന്നും കണ്ടിരുന്നില്ല. കേരളത്തിലെ ആദ്യകാല നടിമാരെക്കുറിച്ചുള്ള ഗവേഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ, ജെ.എൻ.യുവിലെ ഗവേഷകയും സുഹൃത്തുമായ ഗീഥ കണ്ടെത്തിയ ജമീലാ മാലിക്കിനെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ആവേശമുണ്ടായിരുന്നു. പക്ഷേ, അവരുടെ ജീവിതം നേരിട്ടു കേൾക്കുന്നതിനു മുമ്പ് വിക്കിപീഡിയയിൽ നിന്നോ മറ്റോ വികലമായ നാലുവര ജീവിത ചിത്രം അറിഞ്ഞു വെക്കരുത് എന്ന് നിർബന്ധവുമുണ്ടായി. സ്‌റ്റോറി കിട്ടി കുറച്ചു കഴിഞ്ഞപ്പോൾ മലയാളം വാരിക എഡിറ്റർ സജി വിളിച്ചു പറഞ്ഞത് അവരുടെ പഴയകാല ചിത്രങ്ങൾ ഇന്ത്യൻ എക്‌സ്പ്രസ് ആർക്കേവ്‌സിൽ നിന്നു കിട്ടിയതിനെക്കുറിച്ചാണ്. അച്ചടിച്ചു വന്നു കഴിഞ്ഞാണ് ഞാനത് കണ്ടത്. ശരിക്കും അമ്പരന്നു, എന്തൊരു സൗന്ദര്യമാണ്. വാരിക വായിച്ചിട്ട് പ്രിയ എ.എസ് അയച്ച മെസേജ് എന്റെ മനസ്സ് വായിച്ചതു പോലെ ആയിരുന്നു, 'അന്നത്തെ ആ സുന്ദരിയെ നോക്കിയിരുന്നു പോകുന്നു'. സൗന്ദര്യത്തിൽ കാലം വരുത്തിയ മാറ്റത്തേക്കുറിച്ചല്ല പറഞ്ഞുവരുന്നത്; അത്രക്ക് അഴകും പ്രതിഭയുമുണ്ടായിട്ടും അവർ സിനിമയുടെ തിളക്കമുള്ള ലോകത്ത് എവിടെയുമെത്താതെ പോയതിനെക്കുറിച്ചാണ്. 


ജീവിതം ഓരോരുത്തർക്കും ഓരോന്നു കരുതിവെക്കുന്നു. വെള്ളിത്തിര നൽകുന്ന സൗഭാഗ്യങ്ങൾ അകന്നാണ് നിന്നത്. വാടക വീടുകളിൽ മാറിമാറി ജീവിച്ചു. ജീവിതം കഴിഞ്ഞുപോകാൻ ട്യൂഷനെടുത്തു. ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ പോയി അഭിനയം പഠിച്ച മലയാളത്തിലെ ആദ്യ നടിയാണ് ഇവർ.  അഭിനയം പഠിക്കാൻ കൊല്ലത്ത് നിന്ന് മദ്രാസിലേക്ക് പോകുമ്പോൾ പതിനാറു വയസ്സാണ് ജമീലക്ക് 1969 ൽ. മുഹമ്മദ് മാലിക്കിന്റെയും തങ്കമ്മ മാലിക്കിന്റെയും മകൾക്ക് അഭിനയം പിന്നീട് ജീവിതമായി. 
പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ അഭിനയം പഠിച്ച ആദ്യ മലയാള നടനെ ഏറെപ്പേർക്കും അറിയാം. അത് രവി മേനോനാണ്. എം.ടിയുടെ നിർമാല്യത്തിലെ നായകൻ. പെൺകുട്ടികൾ സിനിമയിലേക്ക് പോകുന്നതിനെ സമൂഹം സ്വാഗതം ചെയ്യാതിരുന്ന കാലത്താണ് പത്താം ക്ലാസ് കഴിഞ്ഞ് ജമീല നേരേ അഭിനയം പഠിക്കാൻ ചേർന്നത്. മകളിലെ പ്രതിഭ തിരിച്ചറിഞ്ഞ അമ്മയും അച്ഛനും ഇന്നില്ല; മകൾക്കാകട്ടെ കിടപ്പാടത്തിനു വാടക കൊടുക്കാൻ 'അമ്മ'യുടെ കൈനീട്ടം കിട്ടണമായിരുന്നു. 


പത്തനംതിട്ട കോന്നിയിലെ ക്രിസ്ത്യൻ കുടുംബത്തിൽ നിന്ന് തങ്കമ്മ എന്ന പെൺകുട്ടി കൊല്ലത്തെ മുസ്‌ലിം യുവാവ് മാലിക്ക് മുഹമ്മദിന്റെ ഭാര്യയായത് നിസ്സാര സംഭവമായിരുന്നില്ല. പക്ഷേ, രണ്ടുപേരും ആദർശ നിഷ്ഠയുള്ള സാമൂഹ്യ പ്രവർത്തകരും പത്രപ്രവർത്തകരുമായിരുന്നതുകൊണ്ട് അതൊന്നും വകവെച്ചില്ല. അമ്മ ബാലികയായിരുന്നപ്പോൾ ഗാന്ധിജി എഴുതിയ ഒരു കത്ത് മകൾ ഏറെക്കാലം സൂക്ഷിച്ചുവെച്ചിരുന്നു. ഒരു വീട്ടിൽ നിന്നു മറ്റൊന്നിലേക്കുള്ള പല മാറ്റങ്ങൾക്കിടയിൽ നഷ്ടപ്പെട്ടുപോയ ഏറ്റവും വിലപ്പെട്ട സ്വത്ത് അതായിരുന്നു. ഗാന്ധിജിയുടെ ആദർശങ്ങളോടുള്ള ഇഷ്ടം അറിയിച്ച് തങ്കമ്മ എഴുതിയ കത്തിനു മറുപടിയാണ് 


ഗാന്ധിജി എഴുതിയത്. വാർധയിലെ ആശ്രമത്തിൽ ചേരണം, ഹിന്ദി പഠിക്കണം എന്നീ ആഗ്രഹങ്ങൾ അറിയിച്ചായിരുന്നു കത്ത്. പതിനാലാം വയസ്സിൽ തങ്കമ്മ ഒറ്റക്ക് വാർധയിലേക്കു പുറപ്പെട്ടു. അവിടെ കുറേക്കാലം. ജീവിതം മാറിമറിഞ്ഞ അക്കാലത്തെക്കുറിച്ച് അവർ എഴുതിയിട്ടുണ്ട്. ഗാന്ധിജിയെ കാണാൻ മിക്കപ്പോഴും എത്തുമായിരുന്ന കവയിത്രി മഹാദേവി വർമ അലഹബാദിൽ നടത്തിയിരുന്ന പ്രയാഗ് മഹിളാ വിദ്യാപീഠത്തിൽ പഠിക്കാൻ ചേർന്നത് ഗാന്ധിജിയുടെ കൂടി നിർദേശപ്രകാരമാണ്. ഇന്നത്തെ പി.ജിക്ക് തുല്യമായ സരസ്വതി ബിരുദം നേടി. വർഷങ്ങൾക്കു ശേഷം നാട്ടിൽ തിരിച്ചെത്തിയ അവർ കൊല്ലത്ത് നിന്ന്  പ്രസിദ്ധീകരിച്ചിരുന്ന മിത്രം പത്രത്തിൽ സ്ഥിരമായി ലേഖനങ്ങൾ എഴുതി. മാലിക്ക് മുഹമ്മദായിരുന്നു പത്രാധിപർ. ആ അടുപ്പമാണ് പ്രണയത്തിലും വിവാഹത്തിലുമെത്തിയത്. തങ്കമ്മ മതം മാറി. പിന്നീട് ഇരുവരും കൊല്ലത്ത് മുനിസിപ്പിൽ കൗസിലർമാരായും പ്രവർത്തിച്ചിരുന്നു. ഹിന്ദി ഭാഷയിലെ മികവിന് രാഷ്ട്രപതിയുടെയും ബിഹാർ സർക്കാറിന്റെയും പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു, തങ്കമ്മ മാലിക്കിന്.


മാലിക്കും തങ്കമ്മയും സിനിമ കാണാൻ എത്തുമ്പോൾ തിയേറ്ററുകാർ ഒരിക്കലും ടിക്കറ്റെടുക്കാൻ അവരെ അനുവദിച്ചിരുന്നില്ല. മാതാപിതാക്കളുടെ ഉന്നത സാമൂഹ്യ ബന്ധങ്ങൾ മകൾ ജമീലക്ക് ആദ്യം അനുഭവപ്പെട്ടത് ഈ സൗജന്യ സിനിമ കാണലിലായിരുന്നു. അത് ശരിക്കും ആസ്വദിക്കുക തന്നെ ചെയ്തു. ഒരുപാട് സിനിമകൾ കണ്ടു. മകളുമായി ഇരുവരും നാടകങ്ങൾക്കും പോകുമായിരുന്നു. ശിവാജി ഗണേശനായിരുന്നു ജമീലയുടെ ഇഷ്ട നടൻ. 
അങ്ങനെയാണ് പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലെത്തുന്നത്. രവി മേനോൻ ജമീലയുടെ സീനിയർ ആയിരുന്നു. പ്രായോഗിക പരീക്ഷയിൽ ജമീലയുടെ മികവ് അഭിനന്ദനം നേടും വിധം മികച്ചതായിരുന്നു. 


ചില ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ ലഭിച്ച അവസരത്തിന് തുടർച്ചയായി അവിടെ പിടിച്ചുനിൽക്കാൻ ശ്രമിച്ചു. അമ്മയുമൊത്ത് ബോംബെയിൽ താമസവുമാക്കി. പക്ഷേ, കാര്യമായ ഫലമുണ്ടായില്ല. പ്രതീക്ഷകൾ കൈവിടാതെ തന്നെ മദ്രാസിലേക്ക്. മകൾ അഭിനയിച്ചപ്പോൾ അമ്മ ഹിന്ദി ട്യൂഷനെടുത്തു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 60 ൽപരം ചിത്രങ്ങൾ. അതിൽ തെലുങ്ക് സിനിമ ഒരെണ്ണവും റിലീസ് ചെയ്തില്ല. കാമ്പസിനു പുറത്തെ ആദ്യ നായികാ വേഷത്തിനു നായകനായത് വിൻസെന്റ്. ചിത്രം റാഗിംഗ്, സംവിധാനം എൻ.എൻ. പിഷാരടി. പിന്നീട് വില്ലനായും സംവിധായകനായും മികച്ച കൊമേഡിയനായും മലയാള സിനിമയിൽ തിളങ്ങിയ കൊച്ചിൻ ഹനീഫയുടെയും ആദ്യ ചിത്രമായിരുന്നു അത് -ഒരു കൊച്ചുവേഷത്തിൽ. പി.ജെ. ആന്റണിയാണ് റാഗിംഗിൽ അഭിനയിച്ച മറ്റൊരാൾ. പക്ഷേ, ചിത്രം സാമ്പത്തികമായി വിജയിച്ചില്ല. സ്വാഭാവികമായും മലയാള സിനിമ പിന്നീട് കാര്യമായ പരിഗണന നൽകിയില്ല. എന്നാൽ തമിഴിൽ ഏതാനും നല്ല വേഷങ്ങൾ കിട്ടി. കൃഷ്ണൻ പഞ്ചു സംവിധാനം ചെയ്ത വെള്ളിരഥം ആയിരുന്നു അതിലൊന്ന്. തമിഴ്, മലയാളം സിനിമകളിൽ പ്രേക്ഷകരുടെ പ്രത്യേക ഇഷ്ടം നേടിയ കെ.ആർ. വിജയയായിരുന്നു നായിക. ജമീലയുടെ കഥാപാത്രം നായികക്കൊപ്പം പ്രാധാന്യമുള്ളത് തന്നെയായിരുന്നു. 


നീലക്കണ്ണുകൾ, സതി എന്നീ ചിത്രങ്ങളിൽ ജമീലക്ക് നല്ല കഥാപാത്രങ്ങൾ ലഭിച്ചു. കെ.പി.എ.സിയുടെ ഏണിപ്പടികളിൽ സാവിത്രി എന്ന കഥാപാത്രമാകാൻ കഴിഞ്ഞത് നല്ല അവസരങ്ങളുടെ നിരയിൽ എണ്ണുന്നു അവർ. ജയഭാരതിക്കൊപ്പം 'ചോറ്റാനിക്കര അമ്മ'യിൽ, വിജയശ്രീക്കൊപ്പം 'ആദ്യത്തെ കഥ'യിൽ, അതിശയ രാഗം എന്ന തമിഴ് സിനിയിൽ നായികാ വേഷം -ഇതൊക്കെ ശ്രദ്ധിക്കപ്പെട്ടു. 



 

Latest News