Sorry, you need to enable JavaScript to visit this website.

ഒരു ജനകീയ സമരത്തിന്റെ വിജയം

'ഇവർക്കെന്താ വാഹനമില്ലേ? അതിന് പെടോളിയം വേണ്ട? രാജ്യത്ത് വികസനം വേണ്ടെ' എന്ന പതിവു മുദ്രാവാക്യങ്ങൾ തന്നെയായിരുന്നു സമരത്തിനെതിരെ ഉയർന്നിരുന്നത്. എന്നാൽ കക്ഷി രാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കുമതീതമായ ജനശക്തിക്കു മുന്നിൽ സർക്കാർ മുട്ടുമടക്കുകയായിരുന്നു. സത്യഗ്രഹ സമരത്തിന്റെ 88 -ാം ദിവസമായിരുന്ന  ജനുവരി 27 ന് മുഖ്യമന്ത്രി തന്നെ  പദ്ധതി നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു. 
കണ്ടങ്കാളിയിൽ കായലിനും പുഴക്കും കണ്ടലിനും നെൽവയലുകൾക്കും  നടുവിലാണ്  നൂറേക്കറോളം സ്ഥലത്ത് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡും ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡും ചേർന്ന് പെട്രോളിയം സംഭരണശാല നിർമിക്കാനായി ശ്രമം നടത്തിയത്. അതീവ ദുർബലമായ പാരിസ്ഥിതിക മേഖലകളിൽ പെടുന്ന പ്രദേശമാണിത്.  കവ്വായിക്കായലിനും പെരുമ്പപ്പുഴക്കുമിടയിൽ കണ്ടൽകാടുകളാൽ സമൃദ്ധമായ, നെൽവയലും തണ്ണീർത്തടവുമായ ഒരു പ്രദേശം. ജലത്തിൽ വൈവിധ്യമാർന്ന മത്സ്യങ്ങളും ആകാശത്ത് വൈവിധ്യമാർന്ന പറവകളും. 


ആയിരക്കണക്കിനു ജനങ്ങളുടെയും നിരവധി ജൈവ വൈവിധ്യത്തിന്റെയും ആവാസ കേന്ദ്രം. അത്തരമൊരു സ്ഥലമാണ് ഒരു വൻകിട പദ്ധതിക്കു വേണ്ടി എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ശ്രമം നടന്നത് -അതാകട്ടെ, ഗ്രാമസഭ പോലും അറിയാതെ. 20 കൂറ്റൻ ടാങ്കുകളിലായി 7 കോടി ലിറ്റർ എണ്ണ (പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവ) സംഭരിക്കാനാവുന്ന സംഭരണശാലയായിരുന്നു ലക്ഷ്യം.   250 കോടി നിർമാണച്ചെലവാണ് പ്രതീക്ഷിച്ചത്. കൊച്ചിയിലെയും മംഗലാപുരത്തെയും റിഫൈനറികളിൽനിന്ന് റെയിൽ മാർഗം പെട്രോളിയം എത്തിച്ച് ഇവിടെ സംഭരിക്കുകയും കാസർകോട് തൊട്ട് എറണാകുളം വരെയുള്ള വടക്കൻ ജില്ലകളിലെ ഔട്ട്‌ലറ്റുകളിലേക്ക് ടാങ്കറുകളിലൂടെ എത്തിക്കുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. നിലവിൽ പല സ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്ന എണ്ണ സംഭരണശാലകളെല്ലാം അടച്ചു പൂട്ടി പയ്യന്നൂരിൽ മാത്രമായി വൻകിട എണ്ണ സംഭരണ ശാല ആണ് വിഭാവനം ചെയ്തത്. ദിനംപ്രതി 400-500 ടാങ്കർ ലോറികൾ ഇന്ധനവുമായി ഇവിടെയെത്തും.


 കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ഇന്ധനവും ഇവിടെയാകും സംഭരിക്കുക.  72 ഏക്കറുള്ള താലോത്ത് വയലിലാണ് ടാങ്കുകൾ നിർമിക്കുക. 30 മീറ്റർ വീതിയിലുള്ള അപ്രോച്ച് റോഡിനും അനുബന്ധ സൗകര്യങ്ങൾക്കുമായാണ് ബാക്കി സ്ഥലം ഉപയോഗിക്കുക.  സി.ആർ.സെഡ്  പരിധിയിലുള്ള പ്രദേശം കൂടി ഏറ്റെടുക്കുന്ന ഭൂമിയിൽ ഉൾപ്പെടുന്നുണ്ട്. 36 കുടുംബങ്ങളെ  പൂർണമായും  80 ലധികം വീടുകളെ ഭാഗികമായും ബാധിക്കുമായിരുന്ന പദ്ധതി. 1500 ഓളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിനോട് ചേർന്നായിരിക്കും ഇന്ധന ടാങ്കറുകൾ ഓടുകയെന്നതും നാട്ടുകാരെ ആശങ്കപ്പെടുത്തി.  
മഴക്കാലത്ത് മുട്ടോളം വെള്ളം നിൽക്കുന്ന വയലിൽ നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് മൂന്നു മീറ്ററിലധികം ഉയരത്തിൽ മണ്ണിട്ട് നികത്തിയുള്ള നിർമാണം. അതിനായി എത്രയോ കുന്നുകൾ ഇടിച്ചുനിരത്തണം. ഇവിടത്തെ കവ്വായിക്കായൽ കല്ലുമ്മക്കായുടെ കേന്ദ്രവുമാണ്. നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവിത മാർഗം.  20 ഓളം പഞ്ചായത്തുകളിലെ ജനജീവിതവുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളതാണ് കവ്വായി കായൽ. ഈ മേഖലയിലെ കുടിവെള്ളം പോലും ഇല്ലാതാകുമെന്ന് നാട്ടുകാർ ഭയപ്പെട്ടത് സ്വാഭാവികം. 
350 ൽ അധികം ഏക്കർ വിസ്തൃതമായ ഒരു വയലിൽ 130 ഏക്കറോളം എടുത്ത് ഇങ്ങനെ നികത്തിയാൽ ബാക്കി സ്ഥലം കൃഷിക്ക് അനുയോജ്യമല്ലാതായി മാറും. സ്വാഭാവികമായും പദ്ധതിക്കെതിരെ നാട്ടുകാർ സംഘടിച്ചു.  നെൽവയൽ-തണ്ണീർത്തട സംരക്ഷണ സമിതിയും  ജനരക്ഷാ സമിതിയും സമരങ്ങളുമായി രംഗത്തെത്തി. പദ്ധതിയുമായി ബന്ധപ്പെട്ട ജനകീയ തെളിവെടുപ്പിൽ ആയിരക്കണക്കിനു പേരാണ് ആശങ്ക രേഖപ്പെടുത്തിയത്. 


എണ്ണ ഉപയോഗം കുറച്ചു കൊണ്ടുവരാൻ ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ബാധ്യതയുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകൾ എണ്ണ ഉപയോഗിക്കുന്ന വാഹനങ്ങൾ 2030 ആവുമ്പോഴേക്കും വേണ്ടെന്നു വെക്കുമെന്നും പകരം ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഈ പദ്ധതിയുടെ പ്രസക്തി എന്താണ്? നശിപ്പിച്ചുകഴിഞ്ഞാൽ ഒരിക്കലും പുനഃസ്ഥാപിക്കാൻ കഴിയാത്ത അമൂല്യമായ പാരിസ്ഥിതിക സമ്പത്താണ് ഈ പദ്ധതി നടപ്പിലാക്കിയാൽ പയ്യന്നൂരിൽ എന്നെന്നേക്കുമായി ഇല്ലാതാവുക. ഈ ബോധമാണ് ഇതിനെതിരെയുള്ള ജനകീയ ചെറുത്തുനിൽപിനു പ്രേരകമായത്. 


എണ്ണ സംഭരണശാല നിർമിക്കാനുളള നീക്കത്തിനെതിരെ വിവിധ പരിസ്ഥിതി സംഘടനകൾ ചേർന്ന്  ജനകീയ കൺവെൻഷൻ വിളിച്ചു ചേർത്താണ് സമരങ്ങൾ ആരംഭിച്ചത്. നീക്കത്തിനെതിരേ കണ്ടങ്കാളി തലോത്തു വയലിൽ നിന്നു പയ്യന്നൂർ സ്പെഷ്യൽ തഹസിൽദാർ ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തി. പദ്ധതിക്കായി വയൽ ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കുക, കണ്ടങ്കാളി പെട്രോളിയം പദ്ധതി ഉപേക്ഷിക്കുക എന്നാവശ്യപ്പെട്ടാണ് കണ്ടങ്കാളി പെട്രോളിയം വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ മാർച്ച്  നടത്തിയത്. എൻഡോസൾഫാൻ സമര നായിക മുനീസ അമ്പലത്തറയാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് അഖിലേന്ത്യാതലത്തിൽ തന്നെയുള്ള പരിസ്ഥിതി പ്രവർത്തകർ പിന്തുണയുമായി സ്ഥലത്തെത്തി.


2018 ഡിസംബർ 15 മുതൽ 17 വരെ കണ്ണൂർ കലക്ടറേറ്റിലേക്ക് ഒരു ജനകീയ വയൽ രക്ഷാ മാർച്ച് സംഘടിപ്പിച്ചു. കണ്ടങ്കാളി താലോത്ത് വയൽ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് പയ്യന്നൂർ, ഏഴിലോട്, പിലാത്തറ, പരിയാരം, തളിപ്പറമ്പ്, കല്യാശ്ശേരി, പാപ്പിനിശേരി, വളപട്ടണം, പുതിയതെരു, പള്ളിക്കുന്ന് പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാണ് കണ്ണൂർ കലക്ടറേറ്റിന് മുന്നിലെത്തിയത്. തുടർന്ന് 2018 ഫെബ്രുവരി 17 ന് പെരുമ്പപ്പുഴയിൽ ജല സത്യഗ്രഹം സംഘടിപ്പിച്ചു. എഴുത്തുകാരൻ സി വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ഗാന്ധി പാർക്കിൽ നിന്ന് പ്രകടനമായാണ് സമര സമിതി പ്രവർത്തകരും നാട്ടുകാരും പെരുമ്പപ്പുഴയോരത്ത് എത്തിയത്. 


പ്രകടനത്തോടൊപ്പം വികസനത്തിന്റെ നോക്കുകുത്തിയാകുന്ന സാധാരണ മനുഷ്യനെ സൂചിപ്പിക്കുന്ന പ്രതീകാത്മക നിശ്ചല ദൃശ്യങ്ങളും അണിനിരന്നു. കണ്ടങ്കാളിയിലെ വിദ്യാർഥിനിയായ നന്ദന വിനോദ് പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.  പിന്നീട്  2020 ജനുവരിയിൽ മുഖ്യമന്ത്രിക്ക് 1000 കത്തുകളയക്കുന്ന സമര പരിപാടി സംഘടിപ്പിച്ചു. ഈ പോരാട്ടങ്ങളുടെയെല്ലാം വിജയമാണ് പദ്ധതി ഉപേക്ഷിക്കാനുള്ള പ്രഖ്യാപനം. 

 

Latest News