Sorry, you need to enable JavaScript to visit this website.

ചൈനയിലെ വൈറസ് ലോകത്തിന് നൽകുന്ന മുന്നറിയിപ്പ്  

ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ മനുഷ്യ രാശിക്ക് മുന്നിൽ ചോദ്യ ചിഹ്നവും മറ്റൊരു ഓർമപ്പടുത്തലുമായി മാറിയിരിക്കുകയാണ്. ചൈനീസ് വാർത്താ ഏജൻസിയായ സുൽഹുവ നൽകുന്ന കണക്കനുസരിച്ച് ചൈനയിൽ മാത്രം ഇന്നലെ ഉച്ച വരെ റിപ്പോർട്ട് ചെയ്തത് 56 പേർ വൈറസ് ബാധയിൽ മരണമടഞ്ഞിരിക്കുന്നുവെന്നാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. ആയിരത്തോളം പേർക്ക് ലോക വ്യാപകമായി രോഗം ബാധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. വൈറസിന്റെ ഉത്ഭവ കേന്ദ്രമായ വുഹാൻ നഗരം ചൈന അടച്ചുപൂട്ടിക്കഴിഞ്ഞു. വുഹാനിലെ വിമാന ട്രെയിൻ സർവീസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളും അധികൃതർ നിർത്തിവെപ്പിച്ചിരിക്കുകയാണ്.


 വൈറസിന്റെ ഉത്ഭവ കേന്ദ്രത്തിൽ ജാഗ്രത പാലിക്കുകയും മുൻകരുതൽ നടപടികൾ കൈക്കൊള്ളുകയും ചെയ്‌തെങ്കിലും വൈറസ് ബാധ രാജ്യാതിർത്തി കടന്ന് തായ്‌ലൻഡ്, തായ്‌വാൻ, യു.എസ്, സൗത്ത് കൊറിയ, ജപ്പാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഇതോടെ ലോക രാജ്യങ്ങളിൽ പലതിലും യാത്രാവിലക്കുകളും സംജാതമായിരിക്കുകയാണ്.
വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാൻ നഗരത്തിൽ നിന്ന് സ്വന്തം പൗരന്മാരെ രക്ഷപ്പെടുത്തി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് അമേരിക്കയും ഫ്രാൻസും ജപ്പാനും. വിമാന യാത്രാ നിയന്ത്രണം മൂലം ചൈനയിൽ 46 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയായിരുന്നു. 


രാജ്യങ്ങളെ ഭരണകൂടം വംശീയതയുടെ പേരിലോ, വിശ്വാസങ്ങളുടെ പേരിലോ വിഭജിച്ചാലും മാനുഷിക പ്രശ്‌നങ്ങൾ എപ്പോഴും അതിർത്തികളിൽ ഒതുങ്ങുകയില്ലെന്ന് കൊറോണ വൈറസിന്റെ വ്യാപനം ബോധ്യപ്പെടുത്തുന്നു. അന്താരാഷ്ട്ര തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന കാര്യം പോലും ലോകാരോഗ്യ സംഘടനയുടെ ആലോചനയിലാണ്. ചൈനയിൽ വസന്തകാല ഒഴിവുദിനങ്ങൾ ആരംഭിച്ച വേളയിലാണ് അവിടെ വൈറസ് ബാധ പടർന്നത്. ഒരു രാജ്യത്ത് സംഭവിക്കുന്ന ദുരന്തം പോലും ആഗോള തലത്തിൽ പ്രത്യാഘാതം ഉണ്ടാക്കുന്നുവെന്നതിന്റെ മറ്റൊരു ഉദാഹരണമായിരിക്കുന്നു ചൈനയിൽ ഉത്ഭവിച്ച കൊറോണ വൈറസ് ബാധ. പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് ആദ്യ വിലക്ക് വീണപ്പോൾ തന്നെ രാജ്യാന്തര തലത്തിൽ അതിന്റെ പാർശ്വഫലങ്ങളും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിച്ചുരുക്കിക്കൊണ്ടിരിക്കുന്നു.


ഇന്ധനത്തിന്റെ വിനിയോഗം കുറഞ്ഞതിനാൽ ക്രൂഡോയിൽ വിലയിലും ഇടിവ് സംഭവിച്ചിരിക്കുകയാണ്. മലയാളികളുടെ വരുമാന സ്രോതസ്സ് ഏറെയും പ്രവാസ ജീവിതത്തിൽ അധിഷ്ഠിതമായതിനാൽ ചൈനയിലെ സംഭവ വികാസങ്ങൾ കേരളത്തിൽ പോലും ഉൽക്കണ്ഠയും ആശങ്കയും നിറച്ചിരിക്കുകയാണ്. രോഗഭീഷണിയും പ്രകൃതി ദുരന്തങ്ങളും ഭൂഗോളത്തിന്റെ ഏത് കോണിൽ നിന്ന് ആവിർഭവിച്ചാലും ആഗോള പ്രശ്‌നമായി മാറാൻ അധികനേരം വേണ്ട എന്നതാണ് സമകാലിക സ്ഥിതി. പ്ലേഗ്, സുനാമി, ഓഖി, ഭൂകമ്പം, പ്രളയം തുടങ്ങി ഭൂമുഖത്ത് പ്രത്യക്ഷപ്പെടുന്ന ഓരോ ദുരന്തവും മനുഷ്യ വംശത്തോട് വലിയ ഓർമപ്പെടുത്തലുകളാണ് നടത്തുന്നത്. പ്രകൃതിയോട് പൊരുത്തപ്പെടാത്ത ആധുനിക ജീവിതവും പ്രകൃതി സമവാക്യങ്ങൾക്കിണങ്ങാത്ത വികസനവും ദുരകളും മനുഷ്യ വർഗത്തിന്റെ ഭൂമിയിലെ നിലനിൽപിനെ തന്നെ പ്രതികൂല അവസ്ഥയിലാക്കുന്നു. ദുരന്തം വിതയ്ക്കുന്ന ഓരോ തരം രോഗങ്ങളും അണുക്കളെയും ഉന്മൂലനം ചെയ്തുവെന്ന് ശാസ്ത്ര ലോകം പറയുമ്പോൾ രോഗാണുക്കൾ രൂപാന്തരം പ്രാപിച്ച് പ്രത്യക്ഷപ്പെടുകയാണ്.


അന്താരാഷ്ട്ര മരുന്ന് വിഷയങ്ങൾ രോഗം പടർത്തി രോഗം ചികിത്സിച്ച് പണം കൊയ്യുന്നത് ഇന്ന് സിനിമാക്കഥയല്ല. ആഗോള സാമ്പത്തിക ഉച്ചകോടിയിൽ പ്രകൃതി സംരക്ഷണ മൂല്യങ്ങൾക്കായി ശബ്ദമുയർത്തിയ പെൺകുട്ടി ഗ്രെറ്റ തൻബർക്കിന്റെ കുഞ്ഞുശബ്ദത്തെ അപഹസിക്കും വിധമായിരുന്നു പിന്നാലെ സംസാരിച്ച ഡോണാൾഡ് ട്രംപിന്റെ ശബ്ദഘോഷം. ലോകത്ത് ഏറ്റവുമധികം ഹരിതഗൃഹ വാതകം പുറന്തള്ളിയും ആയുധക്കോപ്പുകൾ നിർമിച്ചും സഹലോക വാസികളുടെയും വരുംതലമുറയുടെയും ഭാവിയിൽ ഇരുൾ വീഴ്ത്തുന്ന അമേരിക്കയെ പോലുള്ള മുതലാളിത്ത രാഷ്ട്രങ്ങൾക്ക് ദുരന്തങ്ങൾ പോലും കച്ചവട മാർഗമാണ്. 


സർവംസഹയായ ഭൂമാതാവിന്റെ രുദ്രനോട്ടമോ, കണ്ണുനീരോ ആണ് മനുഷ്യ സമൂഹം നേരിടുന്ന ഓരോ ദുരന്തവും. ധർമയുദ്ധം കഴിഞ്ഞ് വിജയശ്രീലാളിതരായ പാണ്ഡവർ നിരാശ്രയരും അനാഥരുമായ അമ്മമാരുടെയും വിധവകളുടെയും കണ്ണുനീരിനു മുന്നിൽ വിഹ്വലരായിപ്പോയെന്നാണ് മഹാഭാരതം പറയുന്നത്. അന്ധനായ ഭർത്താവ് ധൃതരാഷ്ട്രർക്ക് വേണ്ടി അന്ധതയെ വരിച്ച ഗാന്ധാരിയോട് വിട ചൊല്ലാൻ ചെന്ന യുധിഷ്ഠിരനെ അവർ ശബ്ദസാമീപ്യം കൊണ്ട് തിരിച്ചറിയുന്നു. കെട്ടിയ കണ്ണിന്റെ ഇടയിലെ കാഴ്ചയിലൂടെ ഗാന്ധാരി യുധിഷ്ഠിരന്റെ കാൽവിരലുകൾ മാത്രമാണ് കാണുന്നത്. ആ തീക്ഷ്ണ നോട്ടത്തിൽ യുധിഷ്ഠിരന്റെ കാൽനഖങ്ങൾ കരിഞ്ഞുപോയെന്ന് ഇതിഹാസകാരൻ കുറിച്ചിരിക്കുന്നു. 
അതെ, പ്രകൃതിയുടെ രുദ്രനോട്ടങ്ങളെ നമ്മൾ കരുതിയിരിക്കുക.

Latest News