Sorry, you need to enable JavaScript to visit this website.

ഹജ് വിമാനങ്ങളുടെ ടെന്‍ഡറില്‍ മാറ്റം; കൂടുതല്‍ വിമാനങ്ങള്‍ ജിദ്ദയിലേക്ക്

കൊണ്ടോട്ടി- ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ഹജ് സർവീസ് നടത്തുന്നതിനുളള ടെൻഡറിൽ വ്യോമയാന മന്ത്രാലയം മാറ്റം വരുത്തി. ഹജ് സർവീസുകൾ നടത്താൻ തയാറുളള വിമാനങ്ങളിൽ നിന്ന് ഈ മാസം 27 വരെ ടെണ്ടർ ക്ഷണിച്ചതിലാണ് മദീനയിൽ സമയ സ്ലോട്ടില്ലാത്തതിനാൽ ജിദ്ദയിലേക്ക് ക്രമീകരിച്ചത്.  
ഇന്ത്യയിൽ നിന്ന് ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്കാണ് ഹജ് സർവീസ് നടത്തുന്നതിന് ടെണ്ടർ കഴിഞ്ഞയാഴ്ച ക്ഷണിച്ചത്. 


ഇന്ത്യയിലെ 22 ഹജ് എംബാർക്കേഷൻ പോയിന്റുകളിൽ നിന്ന് 11 ഇടങ്ങളിൽ നിന്ന് മദീനയിലേക്കും, 11 ഇടങ്ങളിൽ നിന്ന് ജിദ്ദയിലേക്കുമായിരുന്നു ടെണ്ടർ ആദ്യം ക്ഷണിച്ചിരുന്നത്. എന്നാൽ മദീന വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് ലാന്റിംഗ് സമയ സ്ലോട്ട് ലഭിക്കാത്തതിനാൽ മദീനയിലേക്ക് നിശ്ചയിച്ചിരുന്ന ഭോപ്പാൽ, ഗുവാഹതി, നാഗ്പുർ, ശ്രീനഗർ എന്നീ വിമാനത്താവളങ്ങളിൽ നിന്നുളള വിമാനങ്ങൾ ജിദ്ദയിലേക്ക് മാറ്റി ടെണ്ടർ പുനഃക്രമീകരിച്ചു. ഇതിന് പകരം ജിദ്ദയിലേക്ക് ഷെഡ്യൂൾ ചെയ്തിരുന്ന ലഖ്‌നൗ, ജയ്പുർ എന്നിവിടങ്ങളിലെ സർവീസുകൾ മദീനയിലേക്കും മാറ്റിയിട്ടുണ്ട്. കൂടുതൽ  വിമാനങ്ങൾ ഒന്നിച്ചെത്തുമ്പോഴുളള വ്യോമ ഗതാഗത പ്രശ്‌നങ്ങൾ ഒഴിവാക്കാനാണിത്.


കർശന നിയന്ത്രണങ്ങളും നിബന്ധനകളും വ്യോമയാന മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കാലപ്പഴക്കം ചെന്ന വിമാനങ്ങൾ ഹജ് സർവീസിന് ഉപയോഗിക്കാൻ പാടില്ലെന്നാണ് പ്രധാന നിർദേശം. 1,25,025 പേർക്കാണ് വിമാനങ്ങളിൽ സീറ്റ് ഒരുക്കേണ്ടത്. തീർഥാടകരെ കൊണ്ടുപോയ വിമാനങ്ങളിൽ തന്നെ തിരിച്ചെത്തിക്കുകയും വേണം. ഹജ് സർവീസുകൾ ജൂൺ 22 മുതലാണ് ആരംഭിക്കുന്നത്.


ഹജ് ടെണ്ടറിൽ എയർഇന്ത്യ, നാസ്, സൗദി എയർലൈൻസ് തുടങ്ങിയവർ ടെണ്ടർ നൽകാനുളള തയാറെടുപ്പിലാണ്. എയർ ഇന്ത്യ മുഴുവൻ ഹജ് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും സർവീസിന് ശ്രമിക്കുമ്പോൾ സൗദി എയർലൈൻസ് നിലവിൽ സർവീസ് നടത്തുന്ന കരിപ്പൂർ, നെടുമ്പാശ്ശേരി, ചെന്നൈ, ലഖ്‌നൗ, ബംഗളൂരു, മുംബൈ, ദൽഹി, ഹൈദരാബാദ് സെക്ടറുകളിൽ നിന്നാണ് സർവീസിന് ശ്രമിക്കുന്നത്. നാസ് എയർ മൂന്ന് സെക്ടറുകളാണ് ലക്ഷ്യമിടുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിൽ ടെൻഡർ നൽകുന്ന വിമാന കമ്പനികൾക്കാണ് ഹജ് ടെൻഡർ നൽകുക. കഴിഞ്ഞ വർഷം മുഴുവൻ സ്ഥലങ്ങളിൽ നിന്നും എയർ ഇന്ത്യക്കാണ് ടെണ്ടർ ലഭിച്ചത്. എന്നാൽ മതിയായ വിമാനങ്ങളില്ലാത്തതിനാൽ എയർ ഇന്ത്യ കരിപ്പൂർ ഉൾപ്പെടെ സൗദി എയർലൈൻസിന് നൽകുകയായിരുന്നു.
 

Latest News