Sorry, you need to enable JavaScript to visit this website.

ഒളിംപിക് വര്‍ഷത്തില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ കൂപ്പുകുത്തുന്നു

ബാങ്കോക്ക് - രാജ്യാന്തര ബാഡ്മിന്റണില്‍ നിറംകെട്ട പ്രകടനം തുടരുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് തായ്‌ലന്റ് ഓപണിലും തിരിച്ചടി. സയ്‌ന നേവാളും കിഡംബി ശ്രീകാന്തുമുള്‍പ്പെടെ എല്ലാ ഇന്ത്യന്‍ താരങ്ങളും തായ്‌ലന്റ് ഓപണില്‍ ആദ്യ കടമ്പ കടന്നില്ല. 

ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സിനു പിന്നാലെ തായ്‌ലന്റിലും സയ്‌ന ആദ്യ റൗണ്ടില്‍ തോറ്റു. ഡെന്മാര്‍ക്കിന്റെ സീഡില്ലാത്ത ലിനെ ഹോയ്മാര്‍ക്ക് ക്യാര്‍സ്‌ഫെല്‍റ്റിനോട് 13-21, 21-17, 15-21 ന് അഞ്ചാം സീഡ് സയ്‌ന കീഴടങ്ങി. ലോക പതിനെട്ടാം നമ്പറായ സയ്‌ന ഇതിനു മുമ്പ് നാലു തവണ നേരിട്ടപ്പോഴും ക്യാര്‍സ്‌ഫെല്‍റ്റിനെ കീഴടക്കിയിരുന്നു. ലോക ഇരുപത്തൊമ്പതാം നമ്പറാണ് ഡെന്മാര്‍ക്കുകാരി. 
പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ് പ്രണോയ് ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ താരങ്ങളും തോറ്റമ്പി. സമീര്‍ വര്‍മയെ മലേഷ്യയുടെ ലീ സി ജിയയും (16-21, 15-21) അഞ്ചാം സീഡ് കിഡംബി ശ്രീകാന്തിനെ ഇന്തോനേഷ്യയുടെ ഷെസാര്‍ ഹിരണ്‍ റുസ്റ്റാവിറ്റോയും (21-12, 14-21, 12-21) പ്രണോയിയെ മലേഷ്യയുടെ ഡാരന്‍ ലൂവും (17-21, 22-20, 19-21) കീഴടക്കി. ശ്രീകാന്ത് തുടര്‍ച്ചയായ മൂന്നാമത്തെ ടൂര്‍ണമെന്റിലാണ് ആദ്യ റൗണ്ടില്‍ പുറത്താവുന്നത്. ലോക ചാമ്പ്യനായ ശേഷം പി.വി സിന്ധുവിനും ഫോം കണ്ടെത്താനാവുന്നില്ല. സിന്ധു ഈ ടൂര്‍ണമെന്റില്‍ മത്സരിക്കുന്നില്ല. 

 

Latest News