Sorry, you need to enable JavaScript to visit this website.

കിരാത ഭരണം തുടരാൻ കരിനിയമങ്ങൾ

ലോക്‌സഭയിൽ നൽകിയ മറുപടി പ്രകാരം ജമ്മു കശ്മീരിൽ പ്രത്യേകാവകാശം നൽകുന്ന 370 ാം വകുപ്പ് എടുത്തുകളഞ്ഞതിന് ശേഷം അഞ്ചു മാസത്തിനിടെ എൻ എസ് എ അനുസരിച്ച് അറസ്റ്റ് ചെയ്തത് 5161 പേരെയായിരുന്നു. ഇതിൽ 609 പേർ നാലു മാസത്തിലധികമാണ് തടങ്കലിൽ കഴിഞ്ഞത്. ഇപ്പോഴും പല നേതാക്കളും തടങ്കലിൽ തന്നെ തുടരുകയുമാണ്. കുട്ടികളെ പോലും ഈ നിയമമനുസരിച്ച് ജയിലിൽ അടച്ചിരിക്കുകയാണ്.

ഭീകരവാദം, വിധ്വംസക പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിന് എന്ന പേരിൽ 1980 ലാണ് ദേശീയ സുരക്ഷാ നിയമം (എൻ എസ് എ) പ്രാബല്യത്തിൽ വരുത്തിയത്. വക്കീലും വാദവും അപ്പീലുമില്ലാത്തത് എന്നാണ് ഈ നിയമത്തെ ഒറ്റ വാചകത്തിൽ വിശദീകരിക്കാവുന്നത്. ഏതൊരു വ്യക്തിയേയും കുറ്റപത്രം സമർപ്പിക്കാതെ 12 മാസം വരെ ജയിലിൽ പാർപ്പിക്കാം. അറസ്റ്റ് ചെയ്ത് പത്ത് ദിവസം വരെ കുറ്റം എന്താണെന്ന് വിശദീകരിക്കേണ്ടതില്ല. വിചാരണ നടത്താൻ അഭിഭാഷകനെ അനുവദിക്കുന്നില്ല. അറസ്റ്റിലായ വ്യക്തിക്ക് ഹൈക്കോടതിയുടെ ഉപദേശക സമിതിക്കല്ലാതെ കീഴ്‌ക്കോടതികളിലൊന്നും അപ്പീൽ നൽകാൻ കഴിയില്ല. ഇപ്പോൾ കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലുമുള്ള ബി ജെ പി സർക്കാറുകൾ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. ഏറ്റവും ഒടുവിൽ ഈ നിയമത്തിന്റെ വകുപ്പുകൾ ഉപയോഗിച്ച് ആരെയും പിടിച്ച് അകത്തിടുന്നതിന് അധികാരം നൽകിയുള്ള ഉത്തരവ് ലെഫ്റ്റനന്റ് ഗവർണർ ദൽഹി പോലീസിന് നൽകിയിരിക്കുകയാണ്.

ജനുവരി 16 മുതൽ ഏപ്രിൽ 18 വരെയുള്ള കാലയളവിൽ പ്രസ്തുത നിയമം ഉപയോഗിക്കാനാണ് ലെഫ്റ്റനന്റ് ഗവർണർ അനിൽ ബെയ്ജാൽ അധികാരം നൽകിയത്. സാധാരണ നടപടിക്രമമാണെന്നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം. എന്നാൽ ദൽഹിയിൽ ഇപ്പോൾ പുറപ്പെടുവിച്ച ഉത്തരവനുസരിച്ചുള്ള കാലയളവ് ഒട്ടേറെ സംശയങ്ങൾ ഉയർത്തുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെല്ലായിടത്തും അസാധാരണ രീതിയിലുള്ള സമരങ്ങൾ നടക്കുന്നുണ്ടെങ്കിലും ഏറ്റവും തീക്ഷ്ണമായവ ദൽഹിയിലാണ്. ഷഹീൻ ബാഗ്, ജുമാ മസ്ജിദ്, ഇന്ത്യാ ഗേറ്റ്, ജഫ്രാബാദ്, പഴയ ദില്ലി, സീമാപുരി, ദൽഹി ഗേറ്റ്, ഷാ ധാര, രജൗരി എന്നിങ്ങനെ ദൽഹിയുടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രതിഷേധം അരങ്ങേറുകയും ഇപ്പോഴും തുടരുകയുമാണ്. ഫീസ് വർധനയ്‌ക്കെതിരായ സമരത്തിനൊപ്പം ജെ എൻ യുവും ഈ പ്രതിഷേധത്തിലുണ്ട്. ജാമിഅ മില്ലിയയും ദൽഹി സർവകലാശാലയും പ്രതിഷേധത്തിന്റെ വേദിയാണ്. ഈ പ്രതിഷേധങ്ങൾ തടയേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ടു കാരണങ്ങളാൽ ബി ജെ പിയെ സംബന്ധിച്ച് അത്യാവശ്യമാണ്. അവിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ്. ജനങ്ങളുടെ പ്രതിഷേധം തുടർന്നാൽ തെരഞ്ഞെടുപ്പു വിഷയമായി പൗരത്വ നിയമ ഭേദഗതി സജീവമായി നിലനിൽക്കുമെന്നതാണ് ഒന്നാമത്തെ കാരണം.

സമീപകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിൽ ബി ജെ പിക്ക് നേരിട്ട തിരിച്ചടികൾ ദൽഹിയിലും ആവർത്തിക്കാതിരിക്കണമെങ്കിൽ എതിരാളികളെ പ്രചാരണങ്ങളിൽ നിന്ന് മാറ്റിനിർത്തണം. ഇതാകാം രണ്ടാമത്തെ കാരണം. ഏതായാലും വരും ദിവസങ്ങളിൽ ഈ നിയമമുപയോഗിച്ച് കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. കശ്മീരിന്റെ അനുഭവം അതാണ് ഓർമിപ്പിക്കുന്നത്. ലോക്‌സഭയിൽ നൽകിയ മറുപടി പ്രകാരം ജമ്മു കശ്മീരിൽ പ്രത്യേകാവകാശം നൽകുന്ന 370 ാം വകുപ്പ് എടുത്തുകളഞ്ഞതിന് ശേഷം അഞ്ചു മാസത്തിനിടെ എൻ എസ് എ അനുസരിച്ച് അറസ്റ്റ് ചെയ്തത് 5161 പേരെയായിരുന്നു. ഇതിൽ 609 പേർ നാലു മാസത്തിലധികമാണ് തടങ്കലിൽ കഴിഞ്ഞത്. ഇപ്പോഴും പല നേതാക്കളും തടങ്കലിൽ തന്നെ തുടരുകയുമാണ്. കുട്ടികളെ പോലും ഈ നിയമമനുസരിച്ച് ജയിലിൽ അടച്ചിരിക്കുകയാണ്.


 

Latest News