Sorry, you need to enable JavaScript to visit this website.

പൗരത്വഭേദഗതി നിയമത്തില്‍ മതങ്ങളുടെ പേരുകള്‍ പാടില്ലായിരുന്നുവെന്ന് ബിജെപി നേതാവ്

കൊല്‍ക്കത്ത-പൗരത്വഭേദഗതി നിയമത്തില്‍ പ്രത്യേകിച്ച് ഒരു മതത്തിന്റെ പേരും പരാമര്‍ശിക്കാന്‍ പാടില്ലായിരുന്നുവെന്ന് പശ്ചിമബംഗാള്‍ ബിജെപി വൈസ് പ്രസഡന്റും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകനുമായ ചന്ദ്രകുമാര്‍ ബോസ്. പ്രതിപക്ഷ പ്രചരണങ്ങളെ തകര്‍ക്കാനായി നിയമത്തില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഉപദ്രവിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായാണ് ഈ ഭേദഗതിയെന്ന് ഊന്നിപറയാന്‍ സാധിക്കണം.. ഒരു മതത്തെയും നിയമത്തില്‍  പ്രത്യേകം എടുത്തുപറയരുത്. സമീപനം വ്യത്യസ്തമാകേണ്ടിയിരുന്നുവെന്നും അദേഹം അഭിപ്രായപ്പെട്ടു.

പൗരത്വഭേദഗതി സംബന്ധിച്ച് പ്രതിപക്ഷ പ്രചരണങ്ങള്‍ തെറ്റാണെന്നതും സിഎഎയുടെ നേട്ടങ്ങള്‍ ആളുകള്‍ക്ക് വിശദീകരിച്ച് നല്‍കുകയുമാണ് വേണ്ടത്. ഒരു ബില്‍ നിയമപരമായി കഴിഞ്ഞാല്‍ അത് സംസ്ഥാനസര്‍ക്കാരുകളെ ബാധിക്കും. അതാണ് നിയമപരമായ നിലപാട്. ജനാധിപത്യരാജ്യത്തില്‍ ജീവിക്കുന്ന പൗരന്മാര്‍ക്ക് എതിരെയുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും ചന്ദ്രബോസ് വ്യക്തമാക്കി. അതേസമയം നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം രാജ്യത്താകമാനം പ്രതിഷേധം സംഘടിപ്പിച്ചുവരികയാണ്. പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്.

തൃണമൂല്‍ സര്‍ക്കാര്‍ ഒരു കാരണവശാലും പൗരത്വഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തെ വെല്ലുവിളിക്കാന്‍ സംസ്ഥാനങ്ങള്‍ അവകാശമുണ്ടെന്നും സുപ്രിംകോടതി ഹരജി പരിഗണിക്കുംവരെ ഭരണഘടനാ വിരുദ്ധ നിയമം നടപ്പിലാക്കാന്‍ നിര്‍ബന്ധം പിടിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കില്ലെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.
 

Latest News