Sorry, you need to enable JavaScript to visit this website.

കാറിലൊരു സുന്ദരി

ജോലിയുടെ കാര്യത്തിനായി പഴയ കഫീലിനെ കാണാനുള്ള ഒരുക്കത്തിലാണ് മൽബു. ചെറുപ്പം തോന്നിക്കാനുള്ള എല്ലാ വിദ്യകളും പ്രയോഗിച്ചിട്ടുണ്ട്. ഉസ്മാനായിരുന്നു മേക്കപ്പ് മാൻ. പഴയതുപോലെയല്ല. വയസ്സന്മാർ എടുക്കാ ചരക്കുകളാണ്. ചുള്ളന്മാരായില്ലെങ്കിൽ രക്ഷയില്ലെന്നാണ് അവൻ പറയാറുള്ളത്. 
ശരിയാണ്, മൂന്ന് മാസം നടത്തിയ ജോലി അന്വേഷണത്തിൽ മൽബുവിന് അത് ശരിക്കും ബോധ്യപ്പെട്ടു. എല്ലാവർക്കും വേണ്ടത് യുവരക്തമാണ്. എക്‌സ്പീരിയൻസിന്റെ കാര്യം പറഞ്ഞൊന്നും പിടിച്ചുനിൽക്കാനാവില്ല. ഒട്ടും പ്രായമില്ലാത്ത നിർമിത ബുദ്ധിയും മെഷീൻ ലേണിംഗുമൊക്കെയാണ് മുതലാളിമാരെ വശീകരിക്കുന്നത്. അത്തരമൊരു വമ്പത്തിയായ സോഫിയക്ക് സൗദി പൗരത്വം പോലമുണ്ട്. നാല് പതിറ്റാണ്ട് എക്‌സ്പീരിയൻസുള്ളവർ ചെയ്യുന്ന കാര്യങ്ങൾ ഇന്നലെ സ്ഥാപിച്ച നിർമിത ബുദ്ധി ചെയ്യും. എല്ലാ തൊഴിൽ രംഗങ്ങളിൽ എത്തിയിട്ടുണ്ട് സോഫിയയുടെ സഹോദരിമാർ. 
തൊഴിൽ അന്വേഷിച്ച് കയറി ഇറങ്ങിയ കമ്പനികളിലൊക്കെ മൽബുവിനോട് താൽപര്യമുണ്ടായിരുന്നെങ്കിലും പ്രായമാണ് പ്രധാന തടസ്സമായി ഉയർന്നുവന്നത്. ഒരു മൽബുവിന് നൽകുന്ന ശമ്പളം കൊണ്ട് രണ്ട് ചെക്കന്മാരെ വെക്കാമെന്ന് തുറന്നു പറഞ്ഞവരുമുണ്ട്. അവരാകുമ്പോൾ നിർമിത ബുദ്ധിയുടെ കൂട്ടുകാരുമാകും.
ഒടുവിൽ അപ്രതീക്ഷിതമായി ജോലി മൽബുവിനെ തേടി ഇങ്ങോട്ട് വന്നിരിക്കയാണ്.
കഫീൽ അലവി മൽബുവിനെ കണ്ടെത്താനുള്ള ദൗത്യം ഏൽപിച്ച പഴയ ചങ്ങാതി ഹംസയുടെ വിളിക്കായി കാത്തിരിക്കയാണ് മൽബു. ഉസ്മാൻ പഠിപ്പിച്ചതു പോലെ ചുളിവ് പറ്റാത്ത രീതിയിൽ ഷർട്ട് ഇൻസെർട്ട് ചെയ്തും ചെയറിൽ ഇരിക്കാതെയും കണ്ണാടിയിൽ നോക്കിക്കൊണ്ടാണ് കാത്തിരിപ്പ്. കഫീലിനെ കാണുമ്പോൾ എന്തൊക്കെ പറയണം, എങ്ങനെ ചിരിക്കണമെന്നൊക്കെ കണ്ണാടിയിൽ നോക്കി പ്രാക്ടീസ് ചെയ്തു. 
ദയയുള്ള കഫീലിനെ ഞാൻ ഇപ്പോഴും എപ്പോഴും സ്‌നേഹിക്കുന്നുവെന്ന് പറയാനുള്ള അറബി പദങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കേ ഫോൺ റിംഗ് ചെയ്തു. കാർ താഴെ എത്തിയിട്ടുണ്ടെന്നും വേഗം ഇറങ്ങാനും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹംസയുടെ വിളി. മൽബു വേഗം ഷൂ ധരിച്ച് താഴെ ഇറങ്ങി. കുറച്ചുനേരം കാത്തുനിന്നിട്ടും ഹംസയേയും കാറിനേയും കണ്ടില്ല. 
വീണ്ടും ഹംസയുടെ വിളി. എന്തേ ഇറങ്ങിയില്ലേ..
താഴെ ഇറങ്ങിയെന്നും കാർ കാണുന്നില്ലെന്നും പറഞ്ഞപ്പോൾ അവിടെ ഒരു സ്ത്രീ കാറുമായി ഉണ്ടല്ലോ എന്ന് ഹംസയുടെ മറുപടി.
ശരിയാണ് ഫഌറ്റിന്റെ നേരെ മുന്നിൽ ഒരു സുന്ദരി കാറിലിരിപ്പുണ്ട്. ഇറങ്ങിയ പാടെ കണ്ടിരുന്നുവെങ്കിലും മൽബു അങ്ങോട്ട് നോക്കിയിരുന്നില്ല. ഹംസയേയും കാറിനേയുമാണ് മൽബു പ്രതീക്ഷിച്ചിരുന്നത്.
ഒന്നാം പ്രവാസത്തിലെ ദുരനുഭവം മനസ്സിലുണ്ട്. രണ്ടാം പ്രവാസത്തിനു വന്നിരിക്കുന്നത് ഓപൺ സൗദി അറേബ്യയിലേക്കാണെന്ന് പറയാമെങ്കിലും അന്നത്തെ അനുഭവം മറക്കാൻ കഴിയുന്നതല്ല. പർദയണിഞ്ഞ ഒരു സ്ത്രീയിൽനിന്നായിരുന്നു അത്. ഒരു ഷോപ്പിംഗ് മാളിൽ വെച്ചായിരുന്നു സംഭവം. 
അവിടെ കണ്ട ഉയരം കുറഞ്ഞ മനുഷ്യന്റെ ഫോട്ടോ എടുക്കുന്നതിനിടയിലാണ് കയർത്തുകൊണ്ട് ആ യുവതി മുന്നോട്ട് വന്ന് ക്യാമറ പിടിച്ചുവാങ്ങിയത്. ഫോട്ടോ എടുത്തത് കുഞ്ഞുമനുഷ്യനെയാണെങ്കിലും അതിൽ അവരും ഉൾപ്പെട്ടിരുന്നു. മകളുടെ സഹായത്തോടെ എല്ലാ ഫോട്ടോകളും ഡിലീറ്റ് ചെയ്ത ശേഷമാണ് പിടിച്ചുവാങ്ങിയ ക്യാമറ അവർ തിരികെ നൽകിയത്. ഓർമയിരിക്കട്ടെ എന്ന മുന്നറിയിപ്പും. അത് ഇപ്പോഴും ഓർമയിലുണ്ട്. അതുകൊണ്ടു തന്നെ ഷോപ്പിംഗ് മാളിൽ പോയാലും കാറോടിക്കുന്നവരെ കണ്ടാലും സ്ത്രീകളാണെങ്കിൽ മുഖത്ത് നോക്കാറില്ല. ആദ്യത്തെ പോലയല്ല, ഇപ്പോൾ വനിതകൾ തലങ്ങും വിലങ്ങും കാറോടിക്കുന്നു.
അസ്സലാമു അലൈക്കും എന്നു പറഞ്ഞ് കാറിന്റെ പിറകിലെ സീറ്റിൽ കയറാൻ തുനിഞ്ഞെങ്കിലും അവർ മുന്നിൽ തന്നെ കയറാൻ ആവശ്യപ്പെട്ടു. ഇത്തിരി ഭയം തോന്നിയെങ്കിലും ഹംസയെ വിളിച്ച് കാറിൽ കയറിയ കാര്യം പറഞ്ഞു. സുഖവിവരങ്ങൾ ചോദിച്ചെങ്കിലും അവർ കൂടുതലൊന്നും സംസാരിച്ചില്ല. അവരുടെ മനോഹരമായ ഡ്രൈവിംഗ് ആസ്വദിക്കുമ്പോൾ ഇവിടെ പുരുഷന്മാർക്ക് ഡ്രൈവിംഗ് ഹറാമാക്കണമെന്നാണ് മൽബുവിന് തോന്നിയത്. അത്ര സൂക്ഷിച്ചായിരുന്നു അവരുടെ ഡ്രൈവിംഗ്. ഈ ഡ്രൈവിംഗ് വെച്ചു നോക്കുമ്പോൾ കാറോടിക്കുന്ന ഉസ്മാന് 10 മാർക്ക് പോലും കൊടുക്കാൻ പറ്റില്ല.
ലക്ഷ്യസ്ഥാനത്തെത്തിയപ്പോൾ ഹംസ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. ഇരുവരും കെട്ടിപ്പിടിച്ച് മുത്തിമണത്ത് പഴയ ഓർമകൾ പുതുക്കി. അര മണിക്കൂറിനകം കഫീൽ അലവിയെത്തും. 
മൽബു ഉടൻ തന്നെ ഹംസയോടൊപ്പം ഒരു സെൽഫിയെടുത്ത് മൽബിക്ക് വാട്‌സാപിൽ അയച്ചു. ഇതാ നിന്നെ ശല്യം ചെയ്ത ഞരമ്പ് രോഗിയെന്ന് അടിക്കുറിപ്പും അയച്ചു. അവൾ ഞരമ്പ് രോഗിയെന്ന് വിലയിരുത്തിയ ഹംസയാണ് ഇത്. 
മൽബിയെ ഉടൻ തന്നെ സി.ബി.ഐയിൽ ചേർക്കണമെന്നായി ഹംസ. അത്രക്കും ഉഷാറായിരുന്നു ചോദ്യം ചെയ്യൽ. ഞാനും വിട്ടുകൊടുത്തില്ല. ആരാണെന്നു പോലും പറഞ്ഞില്ല: ഹംസ പറഞ്ഞു.
ആ പറയാത്തതിനു ഫലമുണ്ടായെന്ന് മൽബു. പച്ചപ്പാവം കപ്പൽ ഹംസ മൽബിക്ക് പൂവാലനും ഞരമ്പ് രോഗിയുമായി. 
അൽപ സമയം കഴിഞ്ഞപ്പോൾ തന്നെ വാട്‌സാപിൽ മൽബിയുടെ മറുപടി വന്നു.
അയ്യോ.. ഇത് നമ്മുടെ കപ്പൽ ഹംസയല്ലേ. ഇക്കാ അയാളോട് സോറി പറയണം. ആളറിയാതെ പറ്റിപ്പോയതാണെന്ന് പറഞ്ഞാൽ മതി.  
മൽബീടെ സോറീണ്ടെന്ന് പറഞ്ഞപ്പോൾ ഹംസ അതു പുഞ്ചിരിയോടെ സ്വീകരിച്ചു. 

Latest News